22,383 ബൂത്തുക്കള്‍; 44,776 വോളണ്ടിയര്‍മാര്‍; 21 ലക്ഷം കുഞ്ഞുങ്ങള്‍; ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും; സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബൂത്ത് പ്രവര്‍ത്തിക്കും; എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ബൂത്തുകള്‍ തുറക്കും

Update: 2025-10-12 02:25 GMT

തിരുവനന്തപുരം: കേരളത്തില്‍ പോളിയോ വൈറസ് പൂര്‍ണമായും ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെ ഇന്ന് സംസ്ഥാനവ്യാപകമായി പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ ആരോഗ്യവകുപ്പ് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

ആകെ 21 ലക്ഷത്തിലധികം കുഞ്ഞുങ്ങളെയാണ് ഈ ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 22,000-ത്തിലധികം സ്ഥിര, മൊബൈല്‍, ട്രാന്‍സിറ്റ് ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ ബൂത്തുകള്‍ തുറന്നിരിക്കും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ പോലുള്ള യാത്രാ കേന്ദ്രങ്ങളിലെ ബൂത്തുകള്‍ രാത്രി 8 മണിവരെ സേവനം നല്‍കും.

44,000-ത്തിലധികം വോളണ്ടിയര്‍മാരാണ് ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും (ഒക്ടോബര്‍ 13, 14) വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി ഞായറാഴ്ച വാക്‌സിന്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബര്‍ 12,13,14 തീയതികളില്‍ പ്രവര്‍ത്തിക്കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം, റോട്ടറി ഇന്റര്‍നാഷണല്‍, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പൊതുജനാരോഗ്യ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യ 2014-ല്‍ ലോകാരോഗ്യ സംഘടനയുടെ പോളിയോമുക്ത പദവി നേടിയെങ്കിലും, സമീപരാജ്യങ്ങളില്‍ വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലായി എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആഹ്വാനം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിലെ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ മന്ത്രി നിര്‍വഹിച്ചു.

Tags:    

Similar News