നടുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ പെൺകുട്ടി ഗർഭിണി; കാസർകോട് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; പിതാവ് അറസ്റ്റിൽ

Update: 2025-10-03 11:51 GMT

കാസർകോട്: നടുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 13കാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കാസർകോട് ജില്ലയിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം.

നടുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.

തൻ്റെ പിതാവ് മാസങ്ങൾക്ക് മുൻപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, തുടർന്ന് പുറത്തുപറഞ്ഞാൽ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് വിവരം പുറത്തറിയിക്കാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 45-കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Tags:    

Similar News