ശബരിമല പാതയില്‍ രണ്ടിടത്ത് അപകടം: നിലയ്ക്കലില്‍ കാര്‍ മറിഞ്ഞു; ചാലക്കയത്ത് കെഎസ്ആര്‍.സിസി ബസുകള്‍ കൂട്ടിയിടിച്ചു; 52 പേര്‍ക്ക് പരുക്ക്

ശബരിമല പാതയില്‍ രണ്ടിടത്ത് അപകടം

Update: 2025-12-09 17:09 GMT

ശബരിമല: തീര്‍ഥാടന പാതയില്‍ ചാലക്കയത്തും നിലയ്ക്കലിലുമുണ്ടായ അപകടങ്ങളില്‍ 52 പേര്‍ക്ക് പരുക്ക്. ചാലക്കയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 51 പേര്‍ക്ക് പരുക്കേറ്റു. ഇവരെ പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 37 പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സാരമായി പരുക്കറ്റ 13 പേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ആന്ധ്രയില്‍ നിന്നുള്ള മംഗളം (10), ശരവണന്‍ (35), മാരിഗൗഡ (65), ശേഖര്‍ (51), ഗുണശേഖര്‍ (28), മഹേഷ് (20), രാജു (41), നാഗരാജ് (50), സത്യം (72), പെരിന്തല്‍മണ്ണ സ്വദേശി വിവേക് (31), കൃഷ്ണകുമാര്‍ (52), മലപ്പുറം സ്വദേശി രാമചന്ദ്രന്‍ (62), ബിനു (48) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കലില്‍ നിന്ന് പമ്പയ്ക്ക് വന്ന ചെയിന്‍ സര്‍വീസ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുട ര്‍ന്ന് പത്തനംതിട്ട- പമ്പ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.പോലീസും ഫയര്‍ഫോഴ്സും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

നിലയ്ക്കലില്‍ ആന്ധ്രാപ്രദേശ് ഗുണ്ടൂരില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ചെറിയ പരുക്ക് പറ്റി. ഭാസ്‌കര്‍ റെഡിക്കാ(33)ണ് പരുക്കേറ്റത്. കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ 4.15 ന് നിലയ്ക്കലില്‍ വച്ചായിരുന്നു അപകടം. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News