സന്നിധാനത്ത് അയ്യനെ തൊഴാൻ പോകുന്നവർ നേരെ ചെന്ന് കയറുന്നത് ആനവണ്ടിയിൽ; ഒരൊറ്റ ദിവസം മലകൾ താണ്ടി സഞ്ചരിക്കുമ്പോൾ ലക്ഷങ്ങളുടെ വരുമാനം; ഭക്തർക്കായി ഇടതടവില്ലാതെ സർവീസ്
പമ്പ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് കിട്ടുന്നത് പ്രതിദിനം 40 ലക്ഷം രൂപയുടെ റെക്കോർഡ് വരുമാനം. അയ്യപ്പഭക്തർക്കായി 196 ബസുകളാണ് പമ്പയിൽ നിന്ന് സർവീസ് നടത്തുന്നത്.
പമ്പയിൽ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചുമുള്ള ചെയിൻ സർവീസുകളാണ് വരുമാനത്തിൽ മുന്നിൽ. ഇതുവരെ 71,500 ചെയിൻ സർവീസുകളാണ് ഇരുവശത്തേക്കുമായി കെ.എസ്.ആർ.ടി.സി. നടത്തിയത്. ഇതിനുപുറമേ തെങ്കാശി, പഴനി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്തർ സംസ്ഥാന സർവീസുകളും ഗുരുവായൂർ, തൃശ്ശൂർ തുടങ്ങിയ ദീർഘദൂര സർവീസുകളും വിജയകരമായി ഓടിക്കുന്നുണ്ട്.
നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടുകളെ ബന്ധിപ്പിച്ചുള്ള സർവീസുകൾക്കായി പുതിയ ഐഷർ ബസുകളും അനുവദിച്ചിട്ടുണ്ട്. ഭക്തർക്ക് പമ്പ ഓഫീസിൽ നിന്ന് ട്രാവൽ കാർഡുകൾ വാങ്ങാനും വിവിധ സ്ഥലങ്ങളിലേക്ക് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കാനും സൗകര്യമുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു.