ലോക്ഭവൻ കലണ്ടറിൽ സവർക്കർ; ഉൾപ്പെടുത്തിയത് സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ചിത്രങ്ങൾക്കൊപ്പം; ഗവർണറിൽ നിന്ന് കലണ്ടർ ഏറ്റുവാങ്ങി സുരേഷ് ഗോപി
തിരുവനന്തപുരം: ആദ്യമായി ലോക് ഭവൻ പുറത്തിറക്കിയ കലണ്ടറിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടെയും ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണറിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് കലണ്ടർ ഏറ്റുവാങ്ങിയത്.
ലോക് ഭവൻ ആദ്യമായാണ് ഇത്തരമൊരു കലണ്ടർ പുറത്തിറക്കുന്നത്. 2026-ലെ ഈ കലണ്ടറിലാണ് സവർക്കർ ഇടംപിടിച്ചത്. നേരത്തെ ലോക് ഭവനിലെ 'ഭാരതാംബ' പ്രതിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. ലോക് ഭവനെ ആർഎസ്എസ് അനുകൂല കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്നു എന്നാരോപിച്ച് സിപിഎമ്മും കോൺഗ്രസും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സവർക്കറുടെ ചിത്രം കൂടി ഉൾപ്പെട്ടതോടെ വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്