സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കൊലപാതകികളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു ചിരിച്ചു തള്ളും; ന്യായീകരണവുമായി എം.വി.ജയരാജന്‍

സൂരജ് വധക്കേസില്‍ ന്യായീകരണവുമായി എം വി ജയരാജന്‍

Update: 2025-03-24 12:42 GMT

കണ്ണൂര്‍ :മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജ് വധ കേസില്‍ ശിക്ഷിക്കപ്പെട്ട സി പി എം പ്രവര്‍ത്തകരെയും നേതാക്കളെയും ന്യായീകരിച്ചു കൊണ്ടു സി.പി.എം നേതൃത്വം. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികളാണെന്ന് പാര്‍ട്ടി കാണുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ 10 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാളെ വെറുതെ വിട്ടിരുന്നു. ബാക്കി ഒന്‍പതില്‍ എട്ടു പേരെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്നും ജയരാജന്‍ അറിയിച്ചു. പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍. നിരപരാധിയായ മുന്‍ ഏരിയാ സെകട്ടറി ടി.പി രവീന്ദ്രനെയും കേസില്‍ പ്രതിയാക്കിയില്ലേ. അദ്ദേഹം വിചാരണ വേളയില്‍ മരണപ്പെട്ടു. അല്ലെങ്കില്‍ അദ്ദേഹവും ജയില്‍ പോവേണ്ടി വന്നേനെ.

ഇവരൊക്കെ പ്രതികളാണെന്ന് പറഞ്ഞാല്‍ ജനം മൂക്കത്ത് വിരല്‍ വച്ച് ചിരിച്ചു തള്ളുമെന്നും ജയരാജന്‍ പറഞ്ഞു. കീഴ്‌കോടതിയുടെ വിധി അന്തിമമല്ല. ഇപ്പോള്‍ ശിക്ഷിക്കപെട്ടവരെ രക്ഷിച്ചെടുക്കാന്‍ നിയമത്തിന്റെ ഏതൊക്കെ വഴി ഉപയോഗിക്കാന്‍ സാധിക്കുമോ അതൊക്കെ ഉപയോഗിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു. നേരത്തെയും സി.പി.എം പ്രതികളെ തള്ളിപ്പറയില്ലെന്നും ശിക്ഷാവിധി റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ അപ്പീലിന് പോകുമെന്ന് നേരത്തെ ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News