വിദ്യാര്‍ഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സാമ്പത്തികത്തട്ടിപ്പ്; പണം പിന്‍വലിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്

വിദ്യാര്‍ഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സാമ്പത്തികത്തട്ടിപ്പ്; പണം പിന്‍വലിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്

Update: 2024-10-15 04:33 GMT

വടകര: വിദ്യാര്‍ഥികളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് നടത്തുന്ന സംഘം പണം പിന്‍വലിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി. നികുതിയടയ്ക്കാതെ വിദേശത്തുനിന്ന് വരുന്ന പണം പിന്‍വലിക്കാനാണെന്നു പറഞ്ഞാണ് വിദ്യാര്‍ത്ഥികളെ ഇതിലേക്ക് ആകര്‍ഷിച്ചത്.

അക്കൗണ്ട് എടുത്തുനല്‍കിയതിന്റെ പേരില്‍ വടകര താലൂക്കില്‍നിന്ന് നാലുപേരെ ഭോപാല്‍ പോലീസ് അറസ്റ്റുചെയ്തതിന്റെ പശ്ചാത്തലത്തില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരുമാസംമുന്‍പാണ് തീക്കുനി, കടമേരി, ആയഞ്ചേരി, വേളം സ്വദേശികളായ നാലുപേരെ ഭോപാല്‍ പോലീസ് അറസ്റ്റുചെയ്തത്.

അറസ്റ്റിലായ നാലുപേരില്‍ ഒരാളാണ് മറ്റുള്ളവരെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാര്‍ഡും തട്ടിപ്പുകാര്‍ക്ക് കൈമാറിയതെന്ന് മറുപടിയില്‍ വ്യക്തമാക്കി. നികുതിയടയ്ക്കാതെ വിദേശത്തുനിന്ന് വരുന്ന പണം പിന്‍വലിക്കാനാണെന്നു പറഞ്ഞാണ് ഇതിലേക്ക് മറ്റുള്ളവരെ ആകര്‍ഷിച്ചത്. കമ്മിഷനായി 5000 രൂപ വീതം ഓരോരുത്തര്‍ക്കും നല്‍കി.

ഇതുപോലെ പലരും മുന്‍പ് ഇടപാട് നടത്തി കമ്മിഷന്‍ കൈപ്പറ്റിയിരുന്നെന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ പിന്നീട് ഈ അക്കൗണ്ടിലേക്കാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തു.

ഓണ്‍ലൈനായി തട്ടിപ്പ് നടത്തിയ പണം ആദ്യം ഇവരുടെ അക്കൗണ്ടിലാണ് എത്തിയതെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു ഇത്. പോലീസെത്തിയപ്പോഴാണ് തങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് തട്ടിപ്പിന് ഉപയോഗപ്പെടുത്തിയതായി ഇവര്‍ അറിയുന്നത്. നാലുപേരെയും ഭോപാല്‍ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News