വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കസ്റ്റഡിയില്‍; അനൂപിനെതിരെ കടുത്ത പ്രതിഷേധം
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; അധ്യാപകന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട അധ്യാപകന്‍ കസ്റ്റഡിയില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂര്‍ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. വി.എസിനെ അധിക്ഷേപിച്ച് ഇയാള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുകയായിരുന്നു. വിഎസിനെ ക്രൂരമായി അധിക്ഷേപിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.
അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്‌പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.
അതേസമയം വി എസിന്റെ പൊതുദര്‍ശനം സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൂര്‍ത്തിയായി. രണ്ട് മണി വരെയാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് അല്‍പ്പ സമയത്തിനികം വിലാപയാത്ര ആരംഭിക്കും. കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ദേശീയപാതയിലൂടെയാണ് വിലാപയാത്ര നീങ്ങുക. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഇന്നലെ 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ അന്തരിച്ചത്. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
2006 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായിരുന്നു.