കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ചോടി; മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

Update: 2025-01-01 05:56 GMT

പത്തനംതിട്ട: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ച് ഓടിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ആശുപത്രിയുടെ എതിര്‍വശം ഡിഡിആര്‍സി ലാബിലേക്ക് പോകുന്ന വഴിയില്‍ തമാസിക്കുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് കവര്‍ന്നു കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഊന്നുകല്‍ മുള്ളന്‍കുഴിക്കല്‍ വീട്ടില്‍ സോമന്‍ (52) ആണ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാലപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഏലിയാമ്മ വെള്ളം ചൂടാക്കാന്‍ അടുപ്പത്ത് വച്ചപ്പോള്‍ ഇയാള്‍ അടുക്കളയിലെത്തി പിന്നിലൂടെ മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കൈയിലിരുന്നു. ബഹളം വച്ചപ്പോള്‍ ഇവരെ തള്ളി താഴെയിട്ട് കൈയില്‍ കിട്ടിയ മാലയുടെ ബാക്കിയുമായി ഇയാള്‍ വീടിന്റെ മുന്‍വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാമ്മയുടെ ഇടതു കഴുത്തില്‍ മുറിവുണ്ടായി. വയോധിക ബഹളമുണ്ടാക്കിയപ്പോള്‍ അതുവഴി പോയ യാത്രക്കാര്‍ ഇയാളെ പിടിച്ച് വച്ചു.

പോലീസും ഉടനടി സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു. സോമനും ഇയാളുടെ അനുജനും എലിയാമ്മയുടെ വീട്ടില്‍ മുന്‍പ് ജോലി ചെയ്ത പരിചയം വീടുമായുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പോലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ ജെ യു ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

Similar News