പണയ സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേന ജ്വല്ലറി ഉടമയെ കൂട്ടിക്കൊണ്ടുപോയി; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മുഖത്ത് മുളക് പൊടി വിതറി; പിന്നാലെ പണവുമായി കടന്നു; കേസിലെ അഞ്ചാം പ്രതി പടിയിൽ

Update: 2025-10-26 16:16 GMT

തിരുവനന്തപുരം: കല്ലറയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണയ സ്വർണം എടുത്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയെ കൂട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അഞ്ചാം പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പ്രശാന്തി ഭവനിൽ മാരി എന്ന ബിനുരാജാണ് (27) ഇന്നലെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചരയോടെ ആറ്റിങ്ങൽ ബൈപ്പാസിലെ രാമച്ചംവിളയിൽ വെച്ചായിരുന്നു സംഭവം. ചിറയിൻകീഴ് ശ്രീകൃഷ്ണ ജ്വല്ലറി ഉടമ നഗരൂർ ആൽത്തറമൂട് സ്വദേശി സാജനെയും സുഹൃത്ത് ബിജുവിനെയുമാണ് ഓട്ടോയിൽ ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കല്ലറയിലെ ധനകാര്യ സ്ഥാപനത്തിലെ പണയ സ്വർണം എടുത്തു വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഇരുവരെയും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രാമച്ചംവിളയിൽ എത്തിയപ്പോൾ പ്രതികൾ മുളകുപൊടി സാജന്റെ മുഖത്തേക്ക് എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ കടുവയിൽ കടമ്പാട്ടുകോണം സ്വദേശി മഹി മോഹൻ (23), വേളാർക്കുടി സ്വദേശി ശരത്ത് (28), രാമച്ചംവിള സ്വദേശി അനൂപ് (27), കോളിച്ചിറ സ്വദേശി അഭിലാഷ് (39) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ സാജന്റെ കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപയും പ്രതികൾ കവർന്നതായാണ് പരാതി. ഒളിവിൽ കഴിഞ്ഞിരുന്ന ബിനുരാജിനെ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജെ. അജയന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. 

Tags:    

Similar News