പട്ടാപ്പകൽ വീടുകളിൽ കവർച്ച; വാട്ടർമീറ്റര്‍ അടിച്ചുമാറ്റി മോഷ്ടാക്കൾ; നാട്ടുകാർക്ക് തലവേദന; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: 'ജൽ ജീവൻ പദ്ധതി' പ്രകാരം വീടുകളിൽ സ്ഥാപിച്ച വാട്ടർ റീഡിംഗ് മീറ്ററുകൾ മോഷണം പോയതായി പരാതി. നാല് വീടുകളിലെ മീറ്ററുകൾ ആണ് കാണാതായത്. പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം വാർഡിലെ പുന്നാംകരിക്കകം കുന്നത്തുനട, പുത്താനാകോട് ഭാഗത്തെ പ്രകാശ്, സജികുമാർ, രുഗ്മിണി, സോമൻകുറുപ്പ് എന്നിവരുടെ വീടുകളിൽ സ്ഥാപിച്ച മീറ്ററുകളാണ് മോഷണം പോയത്. രാവിലെ 10 മണിക്ക് ശേഷമാണ് മീറ്ററുകൾ കാണാതായിരിക്കുന്നത്.
ആക്സോ ബ്ലേഡ് ഉപയോഗിച്ച് പൈപ്പുകൾ മുറിച്ച് മാറ്റിയെന്നാണ് വീട്ടുകാരുടെ ആരോപണം. മീറ്റർ ബോക്സിന് സമീപം ഉപേക്ഷിച്ച ബ്ലേഡും കണ്ടെത്തി. വീട്ടുക്കാർ കാട്ടാക്കട പൊലീസിലും ആര്യനാട് വാട്ടർ അതോററ്റിക്കും പരാതി നൽകും.
പ്ലാസ്റ്റിക്ക് നിർമ്മിത മീറ്ററുകൾ ആയതിനാൽ 50 രൂപ പോലു കിട്ടില്ലെന്നും ആര്യനാട് വാട്ടർ അതോററ്റി എ ഇ വ്യക്തമാക്കി. മുൻ കാലങ്ങളിൽ ബ്രാസിൽ നിർമ്മിച്ച മീറ്ററുകൾ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ബ്രാസ് ആണെങ്കിൽ 100 രൂപ കിട്ടും. ജൽ ജീവൻ പദ്ധതിക്ക് കൂടുതലും പ്ലാസ്റ്റിക്ക് നിർമ്മിത മീറ്ററുകൾ ആണ് നൽകിയിട്ടുള്ളത്.