ഇനിയും മാങ്ങാ വീണാലോ! പ്രസംഗത്തിനിടെ കണ്ണിമാങ്ങ വീണത് തലയില്‍; താഴെ വീഴാതെ കൈയ്യില്‍ ഒതുക്കി; തൊട്ടടുത്തിരുന്ന നോര്‍ക്ക സെക്രട്ടറിക്ക് കൊടുത്തു; ചിത്രം വൈറല്‍
തിരുവനന്തപുരം: പ്രസംഗത്തിനിടെ കണ്ണിമാങ്ങ ഞെട്ടറ്റ് തലയിലേക്ക്, താഴെ വീഴാതെ മാങ്ങ കൈപ്പിടിയിലൊതുക്കി മന്ത്രി വി ശിവന്‍കുട്ടി. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി ലഭിച്ച വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി ശിവന്‍കുട്ടിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണത്. തലയില്‍ തട്ടി ഞൊടിയിടയില്‍ താഴേക്കു വീഴാനൊരുങ്ങിയ കണ്ണിമാങ്ങ മന്ത്രി കൈക്കുള്ളിലാക്കി, തൊട്ടടുത്തിരുന്ന നോര്‍ക്ക സെക്രട്ടറി കെ വാസുകിക്കു കൈമാറി.
തൊട്ടടുത്ത നിമിഷം ഇനിയും തലയിലേക്ക മാങ്ങ വീഴുമോയെന്നു മുകളിലേക്കു നോക്കുന്ന മന്ത്രിയുടെയും പുഞ്ചിരിയോടെ തൊട്ടടുത്തിരിക്കുന്ന വാസുകിയുടെയും ചിത്രം കേരള മീഡിയ അക്കാദമി വിദ്യാര്‍ഥിനിയായ സുപര്‍ണ എസ് അനില്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ച് സുപര്‍ണയെ അഭിനന്ദിക്കുകയും ചെയ്തു.
ഒരാഴ്ച മുന്‍പ് രവി പിള്ളയുടെ ജീവിതയാത്ര ഫോട്ടോ എക്‌സിബിഷന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ യൂണിവേഴ്‌സിറ്റി കോളജിലെത്തിയതായിരുന്നു മന്ത്രി. എം വിന്‍സെന്റ് എംഎല്‍എ തുറന്ന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രിയുടെ തലയിലേക്ക് കണ്ണിമാങ്ങ വീണു. ആ നിമിഷം പകര്‍ത്താനായില്ലെങ്കിലും തൊട്ടടുത്ത നിമിഷം പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് സുപര്‍ണയും. ഭാവിയില്‍ ഇത്തരം നിരവധി ഫോട്ടോകള്‍ എടുക്കാന്‍ അവസരം ഉണ്ടാകട്ടെ എന്ന് മന്ത്രി സുപര്‍ണയെ ആശംസിക്കുകയും ചെയ്തു.