ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ വിജിലന്‍സ് പരിശോധന; നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ വിജിലന്‍സ് പരിശോധന; നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി

Update: 2024-11-23 00:41 GMT

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മ്മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. 180 കോടി രൂപാ ചെലവില്‍ നിര്‍മിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിട നിര്‍മാണത്തിലാണ് ഗുരുതര ക്രമക്കേട് ആഭ്യന്തര വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കെട്ടിട നിര്‍മാണത്തിലും ഇലക്ട്രിക്, പ്ലംബ്ബിങ് വിഭാഗങ്ങളിലും ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തി.

180 കോടി രൂപ ചെലവിഴിച്ചു നിര്‍മിച്ച ഈ കെട്ടിടത്തില്‍ ചെറിയ മഴ പെയ്താല്‍ പോലും ചോര്‍ച്ചയുണ്ടാകുന്നത് പതിവാണ്. തുടര്‍ന്നാണ് ചില സംഘടനകള്‍ വിജിലന്‍സിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് കോട്ടയം റേഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ പി.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയത്.

രാവിലെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ സംഘം കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു. പിന്നീട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിലെത്തി അവിടെയും പരിശോധന നടത്തി.

ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ് കെ.എ, അനൂപ് പി.എസ്, ജോഷി ഇഗ്‌നേഷ്യസ് ആലപ്പുഴ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ടീം എ.എസ്.ഐ സുരേഷ് ഡി, സിവില്‍ പൊലീസ് ഓഫീസര്‍ സനില്‍ എസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന.

Tags:    

Similar News