വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് എട്ടര ലക്ഷം രൂപ: ഒളിവില്‍ കഴിഞ്ഞത് തലസ്ഥാനത്ത്: അമ്മയും മകളും അടക്കം മൂന്ന് പേര്‍ പിടിയില്‍; മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു

Update: 2024-11-16 02:50 GMT

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി എട്ടര ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ പൊലീസ് പിടിയില്‍. പരുമ്പുഴ സ്വദേശി അനിതാ കുമാരി, മകള്‍ അശ്വതി, അരിനല്ലൂര്‍ സ്വദേശി ബാലു ജി നാഥ് എന്നിവരെയാണ് കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കള്‍ക്കും യു.കെ യിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അരിനല്ലൂര്‍ സ്വദേശി ബാലു ജി നാഥ്, പെരുമ്പുഴ യമുനാ സദനത്തില്‍ അനിതാ കുമാരി, മകള്‍ അശ്വതി എന്നിവര്‍ ചേര്‍ന്ന് പണം കൈക്കലാക്കുകയായിരുന്നു.

പലതവണകളായി എട്ടര ലക്ഷം രൂപ വാങ്ങി ബാലുവും അശ്വതിയും ചേര്‍ന്ന് കൊല്ലം താലൂക്ക് ജംഗ്ഷനില്‍ നടത്തി വന്ന വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടന്നത്. വിസ ലഭിക്കാത്തവര്‍ സ്ഥാപനത്തെ സമീപിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് ഇന്ന് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ വേണുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News