തെങ്ങിൽ നിന്നും കടന്നൽ കൂട്ടം ഇരച്ചെത്തി ആക്രമിച്ചു; അഞ്ചുപേർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം; സംഭവം കുന്നംകുളത്ത്

Update: 2024-11-19 12:01 GMT

കുന്നംകുളം: കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായി വിവരങ്ങൾ. കുന്നംകുളത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. നഗരസഭയിലെ പത്താം വാർഡിൽ ഫീൽഡ് നഗറിലാണ് സംഭവം നടന്നത്. ഫീൽഡ് നഗർ സ്വദേശികളായ റോയ്, സുമൻ രാജ്, ധർമ്മപാലൻ ഉൾപ്പെടെ അഞ്ച് പേർക്കാണ് കടന്നൽ കുത്തേറ്റത്.

കടന്നലിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ പറമ്പിലെ തെങ്ങിലാണ് കൂറ്റൻ കടന്നൽകൂടിനെ കണ്ടെത്തിയത്. റോഡിലൂടെ നടന്നു വരികയായിരുന്ന റോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനിടെ ഓടി വീട്ടിൽ കയറിയെങ്കിലും പുറകെ കൂട്ടമായെത്തിയ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മറ്റുള്ളവരെ കടന്നൽ ആക്രമിച്ചത്.

വാർഡ് കൗൺസിലർമാരായ ബിനാരവി, സന്ദീപ് ചന്ദ്രൻ എന്നിവർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് അംഗവും പാമ്പ് സംരക്ഷകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് വൈകിട്ടോടെ കടന്നൽകൂട് നീക്കം ചെയ്യാനാകുമെന്ന് പറഞ്ഞിട്ടുണ്ട്.

Tags:    

Similar News