റോഡിന് സമീപം മൂക്കിൽ തുളയുന്നത് മനംമടുത്തുന്ന രൂക്ഷ ഗന്ധം; മഴയത്ത് ആകെ ചീഞ്ഞു കിടക്കുന്ന അവസ്ഥ; ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തം; പൊറുതിമുട്ടി മണക്കാല നിവാസികൾ
മണക്കാല: മണക്കാല വായനശാല - മരങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി. ഇതോടെ നാട്ടുകാർ അടക്കം പൊറുതിമുട്ടിയിരിക്കുകയാണ് . ക്ഷേത്ര റോഡിനു സമീപം റോഡിനു ഇരുവശവും വലിയ തോതിലുള്ള മാലിന്യ നിക്ഷേപമാണ് നടക്കുന്നതെന്ന് പരാതി ഉണ്ട്. ഈ റോഡിൽ കുറച്ചു ഭാഗം റബറും കാടുപിടിച്ചു കിടക്കുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളും ഉണ്ട്. ഈ ഭാഗത്താണ് സാമൂഹിക വിരുദ്ധർ വലിയ തോതിൽ മാലിന്യം നിക്ഷേപിക്കുന്നത്.
സമീപത്തെ ഹോട്ടൽ മാലിന്യവും വീടുകളിലെ അടുക്കള മാലിന്യവും ഉൾപ്പെടെയുള്ള സാധനങ്ങൾ ചാക്കിൽ കെട്ടിയും അല്ലാതെയും റോഡരികിൽ വ്യാപകമായി നിക്ഷേപിക്കുന്നു എന്നാണ് പരാതി. കൂടാതെ മഴ പെയ്താൽ പിന്നെ മാലിന്യമാകെ ചീഞ്ഞു കിടക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കൾ മാലിന്യം വലിച്ച് ജനവാസ മേഖലകളിൽ ഇടുന്നുണ്ടെന്നും പരാതി ഉണ്ട്.
അതേസമയം, റോഡരികിൽ കാടുമൂടി നിൽക്കുന്നതിനാൽ മാലിന്യ നിക്ഷേപത്തിന് സൗകര്യം കൂടുതലാണ് . രാത്രി കാലങ്ങളിൽ ദൂരെ സ്ഥലത്ത് നിന്ന് വരെ ആളുകൾ മാലിന്യം കൊണ്ട് ഇവിടെ നിക്ഷേപിക്കുന്നതായും പരാതി ഉണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് ഈ ഭാഗത്തേക്ക് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായി ഉയരുകയാണ്. അതുപോലെ ക്ഷേത്രത്തിലേക്കുള്ള റോഡായതിനാൽ ഭക്തജനങ്ങൾക്കും ബുദ്ധിമുട്ട് ഏറെയാണ്. അധികൃതർ ഇടപ്പെട്ട് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.