താമരശ്ശേരിയിൽ പട്ടാപകൽ ബേക്കറിയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി; പലഹാരക്കൂടുകള്‍ക്കിടയില്‍ കുടുങ്ങിയ അപ്രതീക്ഷിത അതിഥിയെ കണ്ട് പരിഭ്രാന്തരായി ആളുകൾ

Update: 2026-02-03 04:49 GMT

കോഴിക്കോട്: താമരശ്ശേരിയിൽ ദേശീയപാതയോരത്തെ ഒരു ബേക്കറിയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി. ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാതയോരത്ത് പോസ്റ്റ് ഓഫീസിനരികിൽ പ്രവർത്തിക്കുന്ന ജനതാ ബേക്കറിയിലാണ് സംഭവം നടന്നത്. ബേക്കറിയിലേക്ക് പാഞ്ഞുകയറിയ പന്നി പലഹാരക്കൂടുകൾക്കിടയിൽ കുടുങ്ങിയതോടെ, കടയിലുണ്ടായിരുന്നവരും ഭക്ഷണം കഴിക്കാനെത്തിയവരും പരിഭ്രാന്തരായി പുറത്തേക്ക് ഓടി.

നാട്ടുകാരും കടയുടമകളും ഏറെ പരിശ്രമിച്ചാണ് കാട്ടുപന്നിയെ ബേക്കറിക്ക് പുറത്തേക്ക് തുരത്തിയത്. പുറത്തേക്കോടിയ പന്നി, ഒരു സ്വകാര്യ ബസ്സിലും കാറിലും നിർത്തിയിട്ട സ്കൂട്ടറിലും ഇടിച്ച ശേഷം സമീപത്തെ ഒരു ചെറിയ റോഡിലൂടെ ഓടിമറഞ്ഞു. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. താമരശ്ശേരി, ബാലുശ്ശേരി മേഖലകളിൽ കാട്ടുപന്നി ശല്യം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തിരക്കേറിയ ഒരു നഗരകേന്ദ്രത്തിൽ പട്ടാപ്പകൽ പന്നി ഇറങ്ങിയത് പ്രദേശവാസികളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്നത്.

അതിനിടെ, സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ 2025 മെയ് 31 മുതൽ ഇതുവരെയായി 700 കാട്ടുപന്നികളെ കൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരമേറ്റതോടെ ജനജാഗ്രതാ സമിതികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കാനും, പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനായി കൂടുതൽ വോളണ്ടിയർമാർക്ക് പരിശീലനം നൽകാനും ജില്ലാതല നിയന്ത്രണ സമിതി യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും, മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് സർക്കാർ അനുവദിച്ച തുക പഞ്ചായത്തുകളും കൃഷി വകുപ്പും ഫലപ്രദമായി ഉപയോഗിക്കാനും യോഗം നിർദ്ദേശം നൽകി.

Tags:    

Similar News