തുമ്പികൈ വീശി രണ്ടുംകല്പിച്ച് പാഞ്ഞെത്തി; ഒറ്റയാന്റെ വരവ് കണ്ട് ജീപ്പിലെ യാത്രക്കാർ അടക്കം ഇറങ്ങിയോടി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കൊമ്പന്റെ പരിഭ്രാന്തിയിൽ നടുക്കം

Update: 2026-01-21 12:49 GMT

എടക്കര: മലപ്പുറം ജില്ലയിലെ നാട്ടുകാണി ചുരത്തിൽ റോഡിലിറങ്ങിയ കൊമ്പൻ ആന വനംവകുപ്പ് ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ചു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഒന്നാം വളവിനു സമീപമാണ് സംഭവം. ഇതിനിടെ, തൃശൂർ വാഴാനി ഡാം പരിസരത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് വനംവകുപ്പ് വിദഗ്ധ സംഘം മയക്കുവെടി വെച്ച് ചികിത്സ നൽകി.

ആന റോഡിലിറങ്ങിയതിനെത്തുടർന്ന് വാഹനഗതാഗതത്തിന് തടസ്സമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നെല്ലിക്കുത്ത് സ്റ്റേഷനിൽ നിന്നുള്ള വനപാലകർ നാട്ടുകാണിയിൽ സ്ഥലത്തെത്തിയത്. ജീപ്പ് നിർത്തി റോഡിലിറങ്ങിയ ഉദ്യോഗസ്ഥർക്കുനേരെ കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ വനപാലകർക്ക് പിന്തിരിഞ്ഞോടേണ്ടി വന്നു. നിർത്തിയിട്ട വാഹനങ്ങൾക്ക് അടുത്തുകൂടിയാണ് ആന നീങ്ങിയത്. ആന ജീപ്പിന് സമീപം നിലയുറപ്പിച്ചപ്പോൾ യാത്രക്കാർ വാഹനങ്ങളിൽ നിന്നിറങ്ങിയോടി. ഏകദേശം 20 മിനിറ്റോളം സമയം കൊമ്പൻ റോഡിൽ നിലയുറപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഈ കൊമ്പനാന പുനയ്ക്കൽ അടക്കമുള്ള ജനവാസ കേന്ദ്രങ്ങളിൽ തുടരുകയാണ്.

വാഴാനി ഡാം പരിസരത്ത് മുൻകാലിൽ പരിക്കേറ്റ് പഴുപ്പൊലിക്കുന്ന നിലയിലാണ് ഏകദേശം 25 വയസ്സുള്ള കാട്ടുകൊമ്പനെ കണ്ടെത്തിയത്. ഒന്നിലധികം മുറിവുകൾ ആഴത്തിലുണ്ടായിരുന്നു. മറ്റ് കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിനിടെ കൊമ്പ് കൊണ്ട് കുത്തേറ്റതാണ് പരിക്കിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിവുകൾക്ക് ഏഴ് ദിവസത്തോളം പഴക്കമുണ്ടായിരുന്നു.

ഇന്ന് രാവിലെയോടെ ഡാം പരിസരത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി സർജൻമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘവും കുട്ടവഞ്ചി ഉപയോഗിച്ച് ജലാശയത്തിന്റെ മറുവശത്തെത്തി. സാഹചര്യം വിലയിരുത്തിയശേഷം ആനയെ മയക്കുവെടി വെക്കുകയും മുറിവേറ്റ കാലിൽ മരുന്ന് വെക്കുകയും ചെയ്തു. തുടർന്ന്, ആനക്ക് തുടർച്ചയായ പരിചരണം ഉറപ്പാക്കി നിരീക്ഷിച്ചുവരികയാണ്. ആന കുറച്ചുദിവസത്തിനകം പൂർണസുഖം പ്രാപിക്കുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ രഞ്ജിത്ത് പറഞ്ഞു.

Tags:    

Similar News