പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി; കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടറുടെ കാലുകള്‍ അറ്റു

പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി; കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടറുടെ കാലുകള്‍ അറ്റു

Update: 2024-11-14 00:49 GMT

തൃശ്ശൂര്‍: പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടറുടെ കാലുകള്‍ അറ്റു പോയി. ബുധനാഴ്ച രാവിലെ 9.30-ഓടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. കരുനാഗപ്പള്ളി തേവലക്കര പടിഞ്ഞാറ്റുക്കര ഒട്ടതാവില്‍ വീട്ടില്‍ ശുഭകുമാരിഅമ്മ (45) ആണ് അപകടത്തില്‍പ്പെട്ടത്. കരുനാഗപ്പള്ളിയില്‍നിന്ന് ഏറനാട് എക്‌സ്പ്രസില്‍ മൂന്നാം നമ്പര്‍ പ്‌ളാറ്റ് ഫോമിലാണ് സുഹൃത്തിനോടൊപ്പം ഇവര്‍ ഇറങ്ങിയത്.

ഗുരുവായൂരിലേക്ക് ബസില്‍ പോകാനായി സ്റ്റേഷനു പുറത്തുകടക്കാന്‍ വേണ്ടിയാണ് ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമിലേക്ക് പാളം മുറിച്ചുകടന്നത്. രണ്ടാംപാളത്തിലേക്ക് ഇറങ്ങി ഒന്നിലേക്ക് കടക്കുമ്പോഴാണ് ഇന്‍ഡോറില്‍നിന്ന് കൊച്ചുവേളിയിലേക്ക് പോകുന്ന അഹല്യനഗര്‍ എക്‌സ്പ്രസ് (22645) വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സുഹൃത്ത് പിന്നിലേക്ക് മാറി. സ്റ്റേഷന്‍ ജീവനക്കാര്‍ ബഹളംവെച്ചെങ്കിലും ശുഭകുമാരിക്ക് ഓടിമാറാനോ പ്ലാറ്റ്‌ഫോമിലേക്ക് കയറാനോ കഴിഞ്ഞില്ല.

ട്രാക്കിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ഒതുങ്ങിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വണ്ടിയുടെ എന്‍ജിന്‍ കടന്നുപോയെങ്കിലും ബോഗിയുടെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന പടികള്‍ തട്ടി തീവണ്ടിയുടെ അടിയിലേക്ക് വീണു. മൂന്ന് ബോഗികള്‍ കടന്നുപോയതോടെ മുട്ടിന് താഴെ അറ്റുപോയി. അതിനുശേഷമാണ് വണ്ടി നിന്നത്. റെയില്‍വേ പോലീസും ആര്‍.പി.എഫും ചേര്‍ന്ന് ഉടനെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ കെ.എസ്.ആര്‍.ടി.സി.യുടെ തൃശ്ശൂര്‍ ഡിപ്പോയില്‍ ജോലിചെയ്തിരുന്ന ശുഭകുമാരി നിലവില്‍ കരുനാഗപ്പള്ളി ഡിപ്പോയിലാണ്.



Tags:    

Similar News