തൃശൂരിൽ യുവതിയെ മുന്‍ ഭര്‍ത്താവ് കുത്തി പരിക്കേൽപ്പിച്ചു; പിന്നാലെ പൊലീസിൽ കീഴടങ്ങി; ആക്രമണത്തിന് കാരണമായത് കുടുംബ പ്രശ്‌നങ്ങളെന്ന് പ്രാഥമിക നിഗമനം
തൃശൂർ: തൃശൂരിലെ പുതുക്കാട് സെന്‍ററിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പൊലീസിൽ കീഴടങ്ങി. കൊട്ടേക്കാട് സ്വദേശിയായ ബിബിത (28) ആണ് കുത്തേറ്റത്. മുന്‍ ഭര്‍ത്താവായ കേച്ചേരി കൂള വീട്ടില്‍ ലെസ്റ്റിനാണ് ബിബിതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പുതുക്കാട് ബസാര്‍ റോഡിലൂടെ നടന്നു വരികയായിരുന്നു ബിബിതയ്ക്ക് കുത്തേറ്റത്. ഒൻപതോളം തവണയാണ് ബിബിതയ്ക്ക് കുത്തേറ്റത്. സംഭവം നടക്കുമ്പോൾ സമീപത്തായി ഉണ്ടായിരുന്ന നാട്ടുകാർ ബബിതയെ ഉടനെ തന്നെ പുതുക്കാട്ടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ വിദഗ്‌ധ ചികിത്സ നൽകുന്നതിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പിന്നീട് മുന്‍ ഭര്‍ത്താവ് ലെസ്റ്റിൻ കീഴടങ്ങി. മൂന്ന് വർഷമായി ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ബിബിത ഇപ്പോൾ മറ്റൊരാൾക്കൊപ്പമാണ് താമസിക്കുന്നത്. ഇതാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുതുക്കാട്ടെ ഒരു സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരിയാണ് ബിബിത.