കണ്ണൂരിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു; അപകടം പോലീസിനെ കണ്ട് പേടിച്ച് ഓടവെ; പ്രതിഷേധവുമായി നാട്ടുകാർ
കണ്ണൂർ: പോലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവ് മരിച്ച നിലയിൽ. കണ്ണൂർ പരിയാരത്ത് ആണ് സംഭവം. തിരുവട്ടൂർ സ്വദേശി മെഹറൂഫിൻ്റെ (27) മൃതദേഹം കുറ്റിയേരി പുഴക്കരയിൽ നിന്ന് കണ്ടെത്തി. മണൽക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പോലീസിനെ കണ്ട് യുവാവ് പുഴയിൽ ചാടുകയായിരുന്നുവെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ലോറി ഡ്രൈവറായിരുന്നു യുവാവ്.
മണൽക്കടത്ത് തടയാൻ എത്തിയ പോലീസിനെ കണ്ട് മെഹറൂഫും ഇതര സംസ്ഥാന തൊഴിലാളികളായ നാല് പേരും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. മെഹറൂഫിൻ്റെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രക്ഷപ്പെടുന്നതിനിടെ മെഹറൂഫ് പുഴയിൽ വീണുവെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കരക്കടിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തുകയാണ്.
ജില്ലാ കളക്ടർ സ്ഥലത്തെത്തി പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം. കുറ്റിയേരി പുഴക്കരയിൽ പൊലീസിനെ നാട്ടുകാർ തടഞ്ഞിരിക്കുകയാണ്. മെഹറൂഫിനെ കാണാതായ വിവരം ഇന്ന് മാത്രമാണ് ലഭിച്ചതെന്നാണ് പോലീസിൻ്റെ വിശദീകരണം.