പോലിസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കവെ ബൈക്ക് മറിഞ്ഞു; അടൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

അടൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Update: 2024-09-30 02:23 GMT

അടൂര്‍: പത്തനംതിട്ട അടൂരില്‍ കഞ്ചാവുമായി ബൈക്കില്‍ പാഞ്ഞ യുവാവിനെ പോലീസ് പിന്തുടര്‍ന്നു പിടികൂടി. പോലിസിനെ കണ്ട് ബൈക്കില്‍ പോയ രണ്ടംഗ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് മറിഞ്ഞതോടെ ഒരാള്‍ പിടിയിലാകുക ആയിരുന്നു. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കല്‍ സ്വദേശി ജോയിയാണ് പിടിയില്‍ ആയത്. ബൈക്ക് ഓടിച്ച ആള്‍ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പഴകുളത്തു വെച്ചാണ് ജോയി പിടിയിലായത്. വാഹനപരിശോധന നടത്തിവരവേ കെ.പി റോഡിലൂടെ യുവാക്കള്‍ ബൈക്കില്‍ കഞ്ചാവുമായി വരുന്ന എന്ന രഹസ്യവിവരം പൊലീസിന് കിട്ടി.

ബൈക്കിന് കൈകാണിച്ച് പോലിസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വെട്ടിച്ചു പോയെങ്കിലും ബൈക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ച രഞ്ജിത്ത് കടന്നുകളയുകയുമായിരുന്നു. ബൈക്കിനു പിന്നിലിരുന്ന ജോയി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് ഇലന്തൂര്‍ സ്വദേശി രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തി. ജോയിയുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിനുള്ളില്‍ നിന്നും പച്ചനിറത്തിലുള്ള മൂന്ന് പ്ലാസ്റ്റിക് കവര്‍ പൊലീസ് കണ്ടെടുത്തു. അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും ഒരു മൊബൈല്‍ ഫോണും പണവും കണ്ടെടുത്തു. ബൈക്കിന്റെ സമീപത്ത് നിന്നും രഞ്ജിത്തിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്പനക്ക് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. ബൈക്കിന്റെ ഉടമയെ സംബന്ധിച്ച വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചുവരികയാണ്. രക്ഷപ്പെട്ട രഞ്ജിത്തിനെ ഇനിയും പിടികൂടാന്‍ ആയിട്ടില്ല.

Tags:    

Similar News