ശീവേലിക്കിടെ ആന ഇടഞ്ഞ സംഭവം; ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആനയുടെ ചവിട്ടേറ്റു; ചികിത്സയിലായിരുന്ന യുട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു
കൊച്ചി: അങ്കമാലി തിരുനായത്തോട് ബുധനാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്ലോഗറായ ചൊവ്വര സുരഭിയിൽ സൂരജ് പിഷാരടി മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ് സൂരജ്. ബുധനാഴ്ച രാവിലെ 11.45-ഓടെയാണ് അപകടമുണ്ടായത്.
ആനകളുടെ മുൻഭാഗത്തുനിന്ന് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് സൂരജിന് ആനയുടെ ചവിട്ടേറ്റത്. ഈ സംഭവത്തിൽ സൂരജിനെ കൂടാതെ 19 പേർക്ക് പരിക്കേറ്റിരുന്നു. രാവിലെ ഒൻപതിന് അഞ്ച് ആനകൾ പങ്കെടുത്ത ശീവേലിക്ക് തിടമ്പേറ്റിയിരുന്ന ചിറയ്ക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.
തിടമ്പേറ്റിയ ആന പെട്ടെന്ന് ഇടഞ്ഞ് മുന്നോട്ട് ഓടുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾ ഭയന്ന് താഴെ വീണു. ഈ ആന വിരണ്ടോടിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു ആനയും പരിഭ്രാന്തരായി ഓടി. ആനകൾ മുന്നോട്ട് കുതിച്ചതോടെ ആളുകൾ ചിതറിയോടുകയും പിന്നീട് പാപ്പാന്മാർ ആനകളെ തളയ്ക്കുകയുമായിരുന്നു.