പ്രതിഷേധം ഫലം കണ്ടു; മെമുവിന് ഓച്ചിറയില്‍ സ്റ്റോപ്പ്; യാത്രക്കാര്‍ക്ക് ആശ്വാസം

മെമുവിന് ഓച്ചിറയില്‍ സ്റ്റോപ്പ്

Update: 2024-10-07 15:29 GMT

ന്യൂഡല്‍ഹി: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് ഓച്ചിറയില്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കിയതായി കെ.സി.വേണുഗോപാല്‍ എംപി

യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. നേരത്തെ പ്രഖ്യാപിച്ച സ്റ്റേഷനുകളുടെ കൂട്ടത്തില്‍ ഓച്ചിറയില്ലായിരുന്നു.

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമുവിന് ഓച്ചിറയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിലെ ശക്തമായ പ്രതിഷേധം കേന്ദ്ര റെയില്‍വേ മന്ത്രിയോട് രേഖപ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 8 ചൊവ്വ മുതല്‍ ഓച്ചിറയില്‍ സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയില്‍വേ മന്ത്രി ഫോണിലൂടെ എംപിയെ അറിയിച്ചത്.

എട്ടു കോച്ചുകളുള്ള മെമുവാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള അഞ്ചുദിവസം സര്‍വീസ് നടത്തുന്ന ട്രെയിനിന് ശനിയും ഞായറും സര്‍വീസ് ഉണ്ടാകുന്നതല്ല. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു രാവിലെ 6.48ന് ഓച്ചിറയിലെത്തും. തിരിച്ചുള്ള സര്‍വീസ് ഓച്ചിറയിലെത്തുന്നത് ഉച്ചയ്ക്ക് 12.21നാണ്. ഒരു മിനിറ്റ് ആണ് സ്റ്റോപ്പേജ് അനുവദിച്ചിട്ടുള്ളത്.

ഓച്ചിറ പഞ്ചായത്ത് ഭരണസമിതി, യുഡിഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി, ഓച്ചിറ റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി, വിവിധ റെയില്‍വെ പാസഞ്ചര്‍ അസോസിയേഷന്‍ സംഘടനകള്‍ തുടങ്ങിയവരും ഇതേ ആവശ്യവുമായി എംപിയെ സമീപിച്ചിരുന്നു.

Tags:    

Similar News