ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു; നടന്‍ നല്‍കിയ ഗൂഢാലോചന പരാതിയിലും മൊഴിയെടുത്തു
കൊച്ചി: പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്റെയാണ് ചോദ്യം ചെയ്തത്. നിവിന്‍ നല്‍കിയ ഗൂഡാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍. നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്.
2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വെച്ച് അതിക്രമം നടന്നതെന്നായിരുന്നു യുവതിയുടെ പരാതി. കോതമംഗംലം സ്വദേശിയായ യുവതിയെ തൃശ്ശൂരുകാരിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗ ചെയ്‌തെന്നുമാണ് പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. സെക്ഷന്‍ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മാതാവ് എ.കെ. സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിവിന്‍ പോളിയുടെ പരാതിയില്‍ നടന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ കൊച്ചിയില്‍ തന്നെയുണ്ടായിരുന്നുവെന്നതിന്റെ രേഖകളും നടന്‍ അന്വേഷണസംഘത്തിന് കൈമാറി. ഇക്കാര്യം നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന സമയങ്ങളില്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്നാണ് വിനീത് ശ്രീനിവാസന്‍ അറിയിച്ചത്.
നിവിന്റെ പരാതിയില്‍ യുവതിയെയും ഭര്‍ത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഡിസംബര്‍ 14,15 തിയതികളില്‍ ലൈംഗിക അതിക്രമം ഉണ്ടായതെന്ന് താന്‍ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നായിരുന്നു ഇതേക്കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ മൊഴി.