25,000 പേരെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടത് 25 പോലീസുകാരെ മാത്രം; 150 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടാകുമെന്നാണ് സംഘാടകര്‍ പോലീസിനെ അറിയിച്ചത്; മെട്രോ സര്‍വീസ് സൗജന്യമാക്കാനും സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു; ഇളവ് നല്‍കിയത് 50 ശതമാനം: നൃത്തപരിപാടിയില്‍ വീണ്ടും സംഘാടകരുടെ വീഴ്ച
കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയില്‍ 25,000 പേരെ നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത് 25 പോലീസുകാരെ മാത്രം. പരിപാടിക്കായി 25 പോലീസുകാര്‍ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷന്‍ അറിയിച്ചിരുന്നത്. ഇതിനായി നിയമപ്രകാരമുള്ള പണവും സംഘാടകര്‍ കെട്ടിവെച്ചിരുന്നു. 150 ഓളം സ്വകാര്യ സെക്യൂരിറ്റിമാര്‍ പരിപാടിയില്‍ ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ ഇത്രയും പോലീസുകാര്‍ മതിയെന്നുമാണ് സംഘാടകര്‍ പോലീസിനെ അറിയിച്ചിരുന്നത്.
അതേസമയം, ഈ പരിപാടിയുടെ ആവശ്യത്തിനായി കൊച്ചി മെട്രോയില്‍ യാത്ര ഇളവും നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവാണ് മെട്രാ അനുവദിച്ചിരുന്നത്. നര്‍ത്തകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്താനും പോകുന്നതിനുമുള്ള സൗകര്യത്തിനായിരുന്നു ഇളവ് നല്‍കിയത്. മൃദംഗ വിഷന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മെട്രായിക്കും ഇളവ് നല്‍കിയത്. പരിപാടിക്ക് പൂര്‍ണമായും സൗജന്യ യാത്ര അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത് 50 ശതമാനം ആക്കുകയായിരുന്നു.
കൂടുതല്‍ ആളുകള്‍ മെട്രോയില്‍ കയറട്ടെ എന്ന് കരുതിയാണ് യാത്ര ടിക്കറ്റില്‍ ഇളവ് വരുത്തിയതെന്നാണ് കൊച്ചി മെട്രോയുടെ വിശദീകരണം. ഇത്തരത്തില്‍ പരിപാടികള്‍ നടക്കുമ്പോള്‍ സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ഇത്തരം ഇളവുകള്‍ നല്‍കാറുണ്ടെന്നും അവര്‍ പറഞ്ഞു. അല്ലാതെ കൊച്ചി മെട്രോയ്ക്കും ഈ പരിപാടിയുടെ സംഘാടകരുമായി യാതൊരു സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും അധികൃതര്‍ പറഞ്ഞു.