തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; അപകടം സംഭവിച്ചത് വൈകുണ്ഠ ഏകാദശി ദര്‍ശനത്തിന്റെ ടോക്കണിനായി ഭക്തര്‍ കൗണ്ടറില്‍ തിരക്കുകൂട്ടിയപ്പോള്‍; മരിച്ചവരില്‍ ഒരാള്‍ സേലം സ്വദേശി

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചു

Update: 2025-01-08 17:17 GMT

ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകുണ്ഠ ഏകാദശിയോട് അനുബന്ധിച്ച് വൈകുണ്ഠദ്വാര സര്‍വദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണത്തിന് ഇടയാണ് ആളുകള്‍ തിക്കി തിരക്കിയത്.

ടോക്കണ്‍ കൗണ്ടറില്‍ ടോക്കണിനായി ഭക്തര്‍ തിരക്കുകൂട്ടിയതോടെയാണ് അപകടം സംഭവിച്ചത്. വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ വന്‍ തിരക്കായിരുന്നു. ടോക്കണ്‍ കരസ്ഥമാക്കാനുളള ബദ്ധപ്പാടിനിടെ പലരും വീണുപോയി. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ റുജ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിരവധി പേരെ ആംബുലന്‍സുകളില്‍ സ്ഥലത്ത് നിന്ന് മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്ഥലത്ത് ഇപ്പോള്‍ ശക്തമായ പൊലീസ് സാന്നിധ്യമുണ്ട്.

കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഇടിച്ചു കയറിയതോടെയാണ് അപകടമുണ്ടായത്.തിരക്കില്‍ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി. പൊലീസ് ആള്‍ക്കൂട്ടത്തെ തടഞ്ഞെങ്കിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു. നാളെ മുതല്‍ ആരംഭിക്കുന്ന കൂപ്പണ്‍ വിതരണത്തിന് ഇന്ന് തന്നെ അവിടെ ആയിരകണക്കിന് പേരാണ് എത്തിയത്.

സ്ഥലത്ത് ഇപ്പോഴും തിരക്ക് നിയന്ത്രണ വിധേയമായിട്ടില്ല. കൃത്യമായ തിക്കും തിരക്കും നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടായിരുന്നില്ല. ദുരന്തമുണ്ടായതിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന സാഹചര്യമാണുള്ളത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്.

കൗണ്ടറില്‍ ടോക്കണ്‍ വാങ്ങാനുളള തിരക്കിനിടെ അറുപതോളം പേര്‍ മേലേക്ക് മേലേ വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. നാളെ പുലര്‍ച്ചെ അഞ്ചുമണിക്കാണ് ടോക്കണ്‍ വിതരണം ചെയ്യേണ്ടിയിരുന്നത്. ഇതിന് വേണ്ടിയാണ് ഇന്നുതന്നെ വരി നിന്നത്.

തീര്‍ഥാടകരുടെ മരണത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം പ്രകടിപ്പിച്ചു. പരിക്കേവര്‍ക്ക് നല്‍കുന്ന ചികിത്സയെ കുറിച്ച് നായിഡു ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലത്തേക്ക് പോകാനും ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ആളുകളെ നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവോ എന്നും അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News