സംഘത്തിന്റെ വിശേഷാല്‍ സമ്പര്‍ക്ക വിഭാഗിലാണ് പ്രവര്‍ത്തനം; അദ്ദേഹത്തിന് സ്വന്തമായി കാറോ ലൈസന്‍സോ ഇല്ല; കാര്‍ ഓടിക്കാന്‍ പോലും അറിയില്ല; എഡിജിപിക്കൊപ്പം പോയത് എ ജയകുമാര്‍; സന്ദീപ് വാചസ്പതി തെറ്റു തിരുത്തുമ്പോള്‍

എങ്കിലും ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ....

By :  Remesh
Update: 2024-09-07 07:24 GMT


തിരുവനന്തപുരം: ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുമായി എഡിജിപി അജിത് കുമാറിന് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് ആര്‍ എസ് എസ് പ്രചാരകന്‍ എ ജയകുമാര്‍ എന്നതിന് സ്ഥിരീകരണം. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റിലാണ് ഈ സ്ഥിരീകരണമുളളത്. മാധ്യമങ്ങളിലെ തെറ്റു ചൂണ്ടിക്കാട്ടിയിട്ട പോസ്റ്റാണ് സ്ഥിരീകരണമായി മാറുന്നത്. ഇന്ന് രാവിലെ മുതല്‍ എഡിജിപിയുടെ ആര്‍ എസ് എസ് നേതാവുമായുള്ള കൂടിക്കാഴ്ചയാണ് മുഖ്യ വാര്‍ത്ത. സഹപാഠിക്കൊപ്പമാണ് പോയതെന്ന് എഡിജിപി അജിത് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചെന്നും വാര്‍ത്തകളെത്തി. ഇതിനൊപ്പമാണ് കെ ജയകുമാറാണ് ആ പ്രചാരകന്‍ എന്ന് റിപ്പോര്‍ട്ട് എത്തിയത്. വിജ്ഞാന്‍ ഭാരതിയുടെ നേതാവാണ് ജയകുമാറെന്നും വാര്‍ത്തകളില്‍ വിശദീകരിച്ചു. എന്നാല്‍ എ ജയകുമാറിനെയാണ് മാധ്യമങ്ങള്‍ കെ ജയകുമാര്‍ എന്ന് പറയുന്നതെന്നാണ് സന്ദീപിന്റെ പോസ്റ്റ്.

ഭാവനയും ഉണ്ടത്രേയുമാണ് വാര്‍ത്തകള്‍ മുഴുവന്‍. എങ്കിലും ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ.... 1. നിങ്ങള്‍ പറയുന്ന ആളുടെ പേര് കെ. ജയകുമാര്‍ എന്നല്ല എ ജയകുമാര്‍ എന്നാണ്. 2. അദ്ദേഹം നിലവില്‍ വിജ്ഞാന്‍ ഭാരതിയുടെ ആരുമല്ല. സംഘത്തിന്റെ വിശേഷാല്‍ സമ്പര്‍ക്ക വിഭാഗിലാണ് പ്രവര്‍ത്തിക്കുന്നത്. 3. അദ്ദേഹത്തിന് സ്വന്തമായി കാറോ ലൈസന്‍സോ ഇല്ല. എന്ന് മാത്രമല്ല കാര്‍ ഓടിക്കാന്‍ പോലും അറിയില്ല. അടുത്ത വാര്‍ത്ത മുതല്‍ തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു...-ഇങ്ങനെയാണ് സന്ദീപിന്റെ പോസ്റ്റ്. ആര്‍ എസ് എസ് നേതാവിന്റെ കാറിലാണ് എഡിജിപിയുടെ ആര്‍ എസ് എസ് നേതാവിന്റെ അടുത്തേക്കുള്ള യാത്രയെന്ന് സ്‌പെഷ്യല്‍ ബ്രഞ്ച് വിശദീകരിച്ചിരുന്നു. ഇത് മറുനാടന്‍ അടക്കം വാര്‍ത്തയായി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെ ജയകുമാറിന് കാറില്ലെന്ന് സന്ദീപ് പറയുന്നത്. ഇതോടെ അജിത് കുമാറിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നുവെന്ന സൂചനകളും വരികയാണ്.

ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം.ആര്‍.അജിത്കുമാര്‍ അവിടെയെന്നതിന് സ്ഥിരീകരണം. ഇക്കാര്യം അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയെ ഇക്കാര്യം അജിത് കുമാര്‍ രേഖാമൂലം അറിയിച്ചു. സ്വകാര്യ സന്ദര്‍ശനമായിരുന്നു ഇതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. ആര്‍എസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹോട്ടലില്‍ ആരെ കണ്ടെന്നു കണ്ടെത്താനായില്ല.

ആറ്റുകാല്‍ സ്വദേശിയാണ് അജിത് കുമാര്‍. തൊട്ടടുത്ത് കൈമനത്താണ് വിജ്ഞാന്‍ ഭാരതിയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ ജയകുമാറിന്റെ വീട്. തനിക്കൊപ്പം പഠിച്ച ആളുമായാണ് ആര്‍ എസ് എസ് നേതാവിനെ കണ്ടതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. അങ്ങനെ എങ്കില്‍ അജിത് കുമാറും ജയകുമാറും ഒരുമിച്ച് പഠിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാല്‍ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര എന്ന തരത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തു വന്നത്. ഹോട്ടലിനു മുന്‍പിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതര്‍ പറഞ്ഞിരുന്നു.

ഇതു സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്ന് അജിത് കുമാറും സമ്മതിക്കുമ്പോള്‍ ഇനിയും പ്രതിപക്ഷം കൂടിക്കാഴ്ച വിവാദമാക്കും. തൃശൂര്‍ പൂരം കലക്കാനായിരുന്നു കൂടിയാലോചനയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതും പോലീസ് മേധാവിയുടെ നേതൃത്വത്തിലെ സംഘം അന്വേഷിക്കും. എഡിജിപി എം.ആര്‍.അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണു വെളിപ്പെടുത്തിയത്. ഇതാണ് വെളിപ്പെടുത്തലിന് കാരണം.

Tags:    

Similar News