സിസ്റ്റിന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക; ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ തലവനായി; പുതിയ പോപ്പിനെ തിരഞ്ഞെടുത്തതായി സൂചിപ്പിച്ച് അടയാള സന്ദേശം; ഇനി ആരാണ് പുതിയ മാര്‍പ്പാപ്പ എന്നറിയാനുള്ള ആകാംക്ഷ; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഹ്ലാദാരവം

പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു

Update: 2025-05-08 16:38 GMT

വത്തിക്കാന്‍ സിറ്റി: സിസ്റ്റിന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് ഒടുവില്‍ വെളുത്ത പുക ഉയര്‍ന്നു. ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ തലവനായി. ആരാകും പുതിയ മാര്‍പ്പാപ്പ എന്ന ആകാംക്ഷയില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് പേര്‍ ആഹ്ലാദാരവം മുഴക്കി.

പേപ്പല്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തത്. ആദ്യ മൂന്നുറൗണ്ടുകളില്‍ കറുത്ത പുകയാണ് ഉയര്‍ന്നത്. 133 കര്‍ദ്ദിനാള്‍മാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 89 വോട്ടുകള്‍ നേടിയ ആളാണ് ജേതാവ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ഇനി ഒരു പേര് തിരഞ്ഞെടുത്ത് തന്റെ വെള്ള വസ്ത്രം ധരിക്കും. തുടര്‍ന്ന്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് അദ്ദേഹത്തെ ' ഹാബെമസ് പാപ്പാം!' ലാറ്റിന്‍ 'നമുക്ക് ഒരു പോപ്പ് ഉണ്ട്!' എന്ന വാക്കുകള്‍ ഉപയോഗിച്ച് ഏറ്റവും മുതിര്‍ന്ന കര്‍ദ്ദിനാള്‍ പരിചയപ്പെടുത്തും. പുതിയ പോപ്പ് ബാല്‍ക്കണിയില്‍ എത്തി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്കും മുഴുവന്‍ ലോകത്തിനും തന്റെ അനുഗ്രഹം നല്‍കും.

്‌വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിച്ചു. കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാര്‍മികന്‍.

70 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് 133 കര്‍ദ്ദിനാള്‍മാര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചതോടെയാണ് 267 ാമത്തെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കോണ്‍ക്ലേവ് ചേര്‍ന്നത്. ഗ്രിഗറി പത്താമന്‍ പോപ്പിനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവാണ് ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്നത്. മൂന്നുവര്‍ഷമാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ വേണ്ടി വന്നത്.

Tags:    

Similar News