ഒരു വര്‍ഷം മുന്‍പ് കല്യാണ നാളിലുണ്ടായ കലഹം; അടിപിടിക്ക് നേതൃത്വം നല്‍കിയ യുവാവിനെ അയാളുടെ കല്യാണ ദിവസം തിരിച്ചടിച്ച് പ്രതികാരം; മല്ലപ്പളളിയില്‍ നിന്ന് അപൂര്‍വമായൊരു കല്യാണക്കച്ചേരിയുടെ കഥ: സഹോദരങ്ങള്‍ അടക്കം നാലു പേര്‍ പിടിയില്‍
മല്ലപ്പളളിയില്‍ നിന്ന് അപൂര്‍വമായൊരു കല്യാണക്കച്ചേരിയുടെ കഥ
മല്ലപ്പള്ളി: പല പ്രതികാര കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാലിതാ അവയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു പ്രതികാരത്തിന്റെ കഥ. ഒരു വര്‍ഷം മുന്‍പ് തന്റെ കല്യാണ ദിവസം അടിപിടിയുണ്ടാക്കിയ യുവാവിനെ അയാളുടെ കല്യാണ ദിവസം നവവധുവിന്റെ മുന്നിലിട്ട് അടി കൊടുത്ത് പ്രതികാരം ചെയ്തിരിക്കുകയാണ് മൂന്നു സഹോദരന്മാര്‍ അടങ്ങുന്ന നാലംഗസംഘം. നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.
വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനായി കാറില്‍ സഞ്ചരിച്ച നവദമ്പതികളെ ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തടഞ്ഞാണ് ആക്രമിച്ചത്. കല്ലുപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയില്‍ വീട്ടില്‍ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖില്‍ജിത്ത് അജി (25), അമല്‍ജിത്ത് അജി (22), പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ്നാഥ് (20) എന്നിവരാണ് പിടിയിലായത്. കോട്ടയം കുറിച്ചി സ്വദേശിയായ 29 കാരിക്കും ഭര്‍ത്താവ് മുകേഷ് മോഹ(31) നുമാണ് പ്രതികളില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഇവരുടെ വിവാഹദിവസമായ 17 ന് വൈകിട്ട് നാലിന് നവവരന്റെ വീട്ടില്‍ വന്ന വാഹനങ്ങള്‍ പിന്നില്‍ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം.
വധൂവരന്മാര്‍ യാത്രചെയ്ത കാറില്‍ ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. കാറിന്റെ മുന്നില്‍ കയറി തടഞ്ഞുനിര്‍ത്തിയ ശേഷം, ഒന്നാം പ്രതി അഭിജിത്ത് ഇടതുവശത്ത് എത്തി, സൈഡ് തരില്ലെടാ എന്ന് ആക്രോശിച്ച്
മുകേഷ് മോഹനെയും വീട്ടുകാരെയും അസഭ്യം പറയുകയും, ഗ്ലാസ് താഴ്ത്തിച്ചശേഷം മുകേഷിന്റെ കോളറിന് കുത്തിപ്പിടിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. യുവതി ഭര്‍ത്താവിനെ പിടിച്ച് അടുത്തേക്ക് മാറ്റിയപ്പോള്‍ ഇയാള്‍ യുവതിയുടെ ഇടതു കൈ പിടിച്ച് തിരിച്ചു. അഭിജിത്ത് വിളിച്ചുവരുത്തിയ മറ്റ് പ്രതികള്‍ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും,ഡോറുകള്‍ ഇടിച്ചു കേടുപാട് ഉണ്ടാക്കുകയും ചെയ്തു. പൊട്ടിയ ഗ്ലാസിന്റെ ചില്ലുകള്‍ യുവതിയുടെ ദേഹത്ത് വീണു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ് ഐ കെ രാജേഷ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മില്‍ ഒരു വര്‍ഷം മുമ്പ് അഭിജിത്തിന്റെ കല്യാണദിവസം അടിപിടി ഉണ്ടായിട്ടുണ്ട് . ഇതിന്റെ മുന്‍വിരോധം ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുമുണ്ട്. അഖില്‍ ജിത്തും അമല്‍ ജിത്തും കഴിഞ്ഞവര്‍ഷം കീഴ്വായ്പ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസില്‍ പ്രതികളായിട്ടുഉള്ളവരാണ്. നെടുമ്പാറ സ്വദേശിയെ കമ്പികൊണ്ടും കമ്പുപയോഗിച്ചും ആക്രമിച്ച സംഘത്തില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.