വീട്ടില്‍ സുഖമില്ലാതെ കിടക്കുകയായിരുന്നു; മകന് കാര്‍ ഓടിക്കാന്‍ അറിയാമെന്നത് പോലും അറിയില്ലെന്ന് ബാപ്പ; സഹപാഠികളുടെ വീടുകളിലെ കാര്‍ ഓടിച്ചു പഠിച്ചെന്ന് പതിനാറുകാരന്റെ മൊഴി; ഇനി 25 വയസ്സിലേ ലൈസന്‍സ് കിട്ടൂ; ആ ക്രിസ്റ്റാ കാറിന് ഒരു കൊല്ലം ആര്‍സിയും ഇല്ല; വൈപ്പിന്‍-മുനമ്പം പാതയും കണ്ടെയ്‌നര്‍ റോഡും വിറപ്പിച്ചത് ഈ പയ്യന്‍
കൊച്ചി: പട്ടാപ്പകല്‍ റോഡില്‍ അപകട പരമ്പരയുണ്ടാക്കിയ സംഭവത്തില്‍ 15കാരനെതിരെ നടപടികള്‍ വരും. വാഹനത്തിന്റെ ആര്‍സി ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കും. കുട്ടിക്ക് 25 വയസ് തികയും വരെ ലൈസന്‍സ് നല്‍കില്ല. കുട്ടിയുടെ പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് കാര്‍ ഓടിക്കാന്‍ നല്‍കിയതിനാണ് കേസ്. കാറോടിച്ചിരുന്ന വിദ്യാര്‍ത്ഥിയെ രക്ഷിതാവിനൊപ്പം വിട്ടയച്ചു. വീട്ടില്‍ സുഖമില്ലാതെ കിടക്കുകയായിരുന്നുവെന്നും മകന് കാര്‍ ഓടിക്കാന്‍ അറിയാമെന്നത് അറിവുണ്ടായിരുന്നില്ലെന്നുമാണ് അച്ഛന്‍ പറയുന്നത്. സഹപാഠികളുടെ വീടുകളിലെ കാര്‍ ഓടിച്ചു പഠിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. ഇതിലും അന്വേഷണം നടക്കും.
കാറിന്റെ മരണപ്പാച്ചിലില്‍ റോഡരികില്‍ ബസ് കാത്തുനിന്ന വയോധികയ്ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സാച്ചെലവുകള്‍ കുട്ടിയുടെ പിതാവും ആര്‍സി ഉടമയുമായ അബ്ദുള്‍ റഷീദ് വഹിക്കണം. മറ്റ് നഷ്ടപരിഹാരങ്ങളും അബ്ദുള്‍ റഷീദ് നല്‍കണമെന്നാണ് പൊലീസിന്റെയും എംവിഡിയുടെയും നിര്‍ദേശം. ഇത് റഷീദും അംഗീകരിച്ചിട്ടുണ്ട്. കായംകുളം രജിസ്‌ട്രേഷന്‍ കാറണ് അപകടമുണ്ടാക്കിയത്. കാറിനും കേടുപാടുകളുണ്ടായിട്ടുണ്ട്. വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയിലും കണ്ടെയ്‌നര്‍ റോഡിലും ഇന്നലെ രാവിലെയായിരുന്നു സിനിമാ സ്‌റ്റൈല്‍ രംഗങ്ങള്‍ നടന്നത്.
അബ്ദുള്‍ റഷീദിന്റെ പത്താംക്ലാസില്‍ പഠിക്കുന്ന മകനാണ് കാറോടിച്ച് നിരവധി അപകടങ്ങളുണ്ടാക്കിയത്. സഹപാഠികള്‍ക്കൊപ്പം ചെറായി ബീച്ചില്‍ പോകാനായി പിതാവിന്റെ ഇന്നോവ ക്രിസ്റ്റ കാര്‍ പിതാവറിയാതെ കുട്ടി എടുക്കുകയായിരുന്നു. ചെറായി ബീച്ചില്‍ നിന്ന് മടങ്ങുംവഴി ചാത്തങ്ങാട് ബീച്ച് ഭാഗത്ത് ഹോണ്ടാസിറ്റി കാറില്‍ ഇടിച്ചതോടെയാണ കാര്യങ്ങള്‍ കൈവിട്ടത്. ഭയന്നുപോയ കുട്ടി കാര്‍ നിറുത്താതെ ഓടിച്ചുപോയി. ഇതോടെ ഇടിയേറ്റ കാറിന്റെ ആള്‍ക്കാര്‍ ഡ്യൂക്ക് ബൈക്കില്‍ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്നു. ഇതോടെ സിനിമാ സ്‌റ്റൈല്‍ ചെയ്‌സിംഗായി.
അമിത വേഗത കാരണം കുഴുപ്പിള്ളി ഭാഗത്ത് എത്തിയപ്പോള്‍ പറവൂര്‍ - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസിന്റെ സൈഡില്‍ തട്ടി. ബസിന്റെ പെയിന്റ് ഇളകിയിട്ടുണ്ട്. ഇതിനിടെ പിന്തുടര്‍ന്നെത്തിയ ബൈക്ക് കാറിനെ വട്ടമിട്ട് നിറുത്താന്‍ ശ്രമിച്ചപ്പോള്‍ ബൈക്കിലും ഇടിച്ചു. എടവനക്കാട് ഹൈസ്‌കൂളിന് സമീപം സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന താമരവട്ടം സ്വദേശിനി? കോമളത്തെ (76) ഇടിച്ചുവീഴ്ത്തി. തലയ്ക്ക് പരിക്കേറ്റ കോമളം അപകടനില തരണം ചെയ്തു. മറ്റ് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു.
എടവനക്കാട് സ്വദേശി ഷിജോയ് അറിയിച്ചതനുസരിച്ച് ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചുകടന്നു. തുടര്‍ന്ന് പൊലീസുകാര്‍ ജീപ്പില്‍ പിന്തുടര്‍ന്ന് ഗോശ്രീപാലം ഭാഗത്തുനിന്ന് രാവിലെ 9.30 ഓടെയാണ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തും മുമ്പ് തന്നെ കാര്‍ പിടിച്ചു. അല്ലെങ്കില്‍ ഇനിയും അപകടം ഉണ്ടാകുമായിരുന്നു. രാവിലെ വീട്ടില്‍ നിന്ന് ഇന്നോവ കാറെടുത്ത് ഇറങ്ങിയതാണ് പതിനാറുകാരന്‍. വഴിയില്‍നിന്ന് കാറില്‍ മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി. പിന്നീടാണ് അപകടമുണ്ടായത്.
തീരദേശ പാതയിലൂടെ 18 കിലോമീറ്ററോളം ഓടിയ കാര്‍ ഒടുവില്‍ കാളമുക്ക് പിന്നിട്ട് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് പോലീസ് തടഞ്ഞുനിര്‍ത്തി പിടികൂടി. കലൂരില്‍ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ 16കാരന്‍ കാറോടിച്ച് ചെറായി ബീച്ചില്‍ എത്തിയത്. ഇന്നോവ ക്രിസ്റ്റ വാഹനമാണ് 16കാരന്‍ ഓടിച്ചത്.
