'വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നു; എന്റെ ഫെയ്‌സ്ബുക്ക് ആക്‌സസ് അവരില്ലാതാക്കി; സ്വകാര്യത നശിപ്പിക്കുന്നു; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ നടി
മുകേഷിനും ജയസൂര്യക്കുമെതിരെ പരാതി നല്‍കിയ നടിയുടെ ആരോപണം
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ അടക്കം ഉന്നയിച്ച ആരോപണങ്ങളില്‍ സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ നടി. പോലീസ് സംഘം തന്റെ സ്വകാര്യത നശിപ്പിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്‌തെന്നും പാസ് വേഡ് നശിപ്പിച്ചെന്നും മകന് പോലും വീട്ടില്‍ സ്വകാര്യത ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
നടന്മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടിയാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തോട് എല്ലാ രീതിയിലും സഹകരിച്ചുകൊണ്ടിരിക്കുകയാണെന്ന് നടി പറഞ്ഞു. എന്നാല്‍ പോലീസ് സംഘം തന്നോട് ചെയ്യുന്നത് അല്‍പ്പം കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി.
'എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുകയാണ്. എന്റെ കയ്യിലുള്ള എല്ലാ വിവരങ്ങളും അവര്‍ക്ക് കൊടുത്തു. ഫോണില്‍നിന്നും ലാപ് ടോപ്പില്‍നിന്നും കമ്പ്യൂട്ടറില്‍നിന്നെല്ലാമുള്ള വിവരങ്ങള്‍ അവരെടുത്തു. എല്ലാം എടുത്തോട്ടേ. എന്റെ ഫെയ്‌സ്ബുക്ക് ആക്‌സസ് അവരില്ലാതാക്കിക്കളഞ്ഞിരിക്കുന്നു എന്നതാണ് സങ്കടം. ഞാന്‍ പൊതുജനങ്ങളുമായി ഇടപെടുന്നത് ഇല്ലാതാക്കിയിരിക്കുകയാണ്. എനിക്കൊരു സ്വകാര്യതവേണ്ടേ? സമാധാനത്തോടെ ജീവിക്കുന്ന വീടാണ്. ഇവര്‍ എന്നും കയറിവന്നാല്‍ ഞാനെന്തുചെയ്യും?' അവര്‍ ചോദിച്ചു.
അന്വേഷണസംഘം സ്ഥിരം വീട്ടില്‍ വരുന്നതുകൊണ്ട് മകന്‍ റൂമില്‍ കയറിയിരിക്കുകയാണ്. മകനും സ്വകാര്യത കിട്ടുന്നില്ല. ഇവിടെ എന്തെല്ലാം വൃത്തികെട്ട കളികളാണ് നടക്കുന്നതെന്ന് മനസിലായി. പരാതിയില്‍ ഒരു മാറ്റവുമില്ല, അതില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ അന്വേഷണസംഘത്തിന്റെ ഉപദ്രവം ഇനി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗികാതിക്രമം കാണിച്ചെന്ന നടിയുടെ പരാതിയിലാണ് നടന്‍ മുകേഷിനെതിരേയും നടന്‍ ജയസൂര്യക്കെതിരേയും കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മുകേഷിനെതിരെ മരട് പോലീസാണ് കേസെടുത്തത്.അമ്മയില്‍ അംഗത്വവും ചാന്‍സും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആര്‍. നടിയുടെ ഏഴു പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.