കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു, വിധിയെ വിമര്‍ശിക്കാം, ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പി രാജീവ്; 'പെണ്‍കുട്ടി അനുഭവിച്ച വേദനക്കനുസരിച്ച ശിക്ഷയായില്ല, ഒന്നാം പ്രതിക്ക് പോലും പരമാവധി ശിക്ഷയില്ലാത്തത്.. നിരാശാജനക'മെന്ന് കെ കെ ശൈലജ ടീച്ചറും; പള്‍സര്‍ സുനിക്ക് പോലും ജീവപര്യന്തമില്ലാത്ത വിധിയിലെ പ്രതികരണങ്ങള്‍ ഇങ്ങനെ
കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു, വിധിയെ വിമര്‍ശിക്കാം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് എറണാകുളം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതിയുടെ വിധിയെന്ന് നിയമ മന്ത്രി പി രാജീവ്. കേസിലെ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം ശിക്ഷ കിട്ടിയ കേസില്‍ പ്രോസിക്യൂഷന് പരാജയമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ശിക്ഷ ലഭിച്ചു എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ആ നിലപാടിലേക്ക് കോടതി എത്തിയത് എന്തുകൊണ്ടാണെന്നത് വിധി പകര്‍പ്പ് ലഭിച്ച ശേഷം മാത്രം വ്യക്തമാവുകയുള്ളു. വിധി ന്യായത്തെ വിമര്‍ശിക്കാം. വിധി പറയുന്ന ന്യായാധിപരെ വിമര്‍ശിക്കുന്നത് ശരിയല്ല. എന്തുകൊണ്ട് ഈ വിധിയിലേക്ക് എത്തി എന്നത് വിധി പകര്‍പ്പ് ലഭിച്ച ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് അനുസരിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ കേസില്‍ അതിജീവിത ആവശ്യപ്പെട്ടാണ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചത്. അവരെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വിധിക്കെതിരെയാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചത്. 'പെണ്‍കുട്ടി അനുഭവിച്ച വേദനക്കനുസരിച്ച ശിക്ഷയായില്ല, ഒന്നാം പ്രതിക്ക് പോലും പരമാവധി ശിക്ഷയില്ലാത്തത്.. നിരാശാജനക'മെന്ന് കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിധി പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനങ്ങളും ശക്തമായി ഉയരുന്നുണ്ട്. കേസിലെ പ്രതികള്‍ക്കെല്ലാം 20 വര്‍ഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ് 3,00,000 രൂപ പിഴ, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ്1,00, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, അഞ്ചാം പ്രതി വടിവാള്‍ സലീമിന് 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വര്‍ഷം കഠിന തടവും 75, 000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി ഇനി പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠന്‍ പതിനഞ്ചര വര്‍ഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വര്‍ഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വര്‍ഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വര്‍ഷം എന്നിങ്ങനെയാണ് മറ്റ് പ്രതിക അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.
വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞത് ഇങ്ങനെ:
ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ശിക്ഷ വിധിക്കുമ്പോള്‍ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ സന്തുലിതമായിരിക്കണം കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോള്‍ കോടതി വികാരങ്ങള്‍ക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല.
അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും, അവരില്‍ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികമായ ആഘാതവും നല്‍കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസ്സില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ (മുകേഷ് ്. സ്റ്റേറ്റ് ഓഫ് ഡല്‍ഹി) സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു. അതിനാല്‍ പ്രതികള്‍ക്ക് താഴെ പറയുന്ന ശിക്ഷ വിധിക്കുന്നു:
ശിക്ഷാ വിവരങ്ങള്‍:
പ്രതികള്‍ A1 മുതല്‍ A6 വരെ: ഐ.പി.സി സെക്ഷന്‍ 376(D) (കൂട്ടബലാത്സംഗം) പ്രകാരം 20 വര്‍ഷം കഠിനതടവും, ഓരോരുത്തരും 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
പ്രതികള്‍ A1 മുതല്‍ A6 വരെ: ഐ.പി.സി സെക്ഷന്‍ 342 (അന്യായമായി തടങ്കലില്‍ വെക്കല്‍) പ്രകാരം 1 വര്‍ഷം വെറും തടവ് (Simple Imprisonment).
ഐ.പി.സി സെക്ഷന്‍ 366, 354(B) തുടങ്ങിയ വകുപ്പുകള്‍ക്ക് പ്രത്യേക ശിക്ഷ വിധിക്കുന്നില്ല.
ഐ.പി.സി സെക്ഷന്‍ 357 പ്രകാരം 1 വര്‍ഷം തടവ്.
മറ്റൊരു വകുപ്പ് പ്രകാരം (ഓഡിയോയില്‍ വ്യക്തമല്ല, സെക്ഷന്‍ 354B ആകാം) 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ്.
പ്രത്യേക ശിക്ഷകള്‍:
ഒന്നാം പ്രതി (A1 - പള്‍സര്‍ സുനി):
ഐ.ടി ആക്ട് സെക്ഷന്‍ 66E പ്രകാരം: 3 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കില്‍ 6 മാസം തടവ്).
ഐ.ടി ആക്ട് സെക്ഷന്‍ 67A പ്രകാരം: 5 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കില്‍ 6 മാസം തടവ്).
രണ്ടാം പ്രതി (A2 - മാര്‍ട്ടിന്‍)
ഐ.പി.സി സെക്ഷന്‍ 201 (തെളിവ് നശിപ്പിക്കല്‍) പ്രകാരം: 3 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും (അടച്ചില്ലെങ്കില്‍ 6 മാസം തടവ്).
മറ്റ് ഉത്തരവുകള്‍:
വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍ പ്രതികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി (Sentences shall run concurrently).
വിചാരണ കാലയളവില്‍ ജയിലില്‍ കിടന്ന സമയം ശിക്ഷാ കാലാവധിയില്‍ വകവെച്ചു നല്‍കുന്നതാണ് (Set off allowed).
ഈടാക്കുന്ന പിഴത്തുക ഇരയായ സ്ത്രീക്ക് (PW1) നല്‍കണം.
തൊണ്ടിമുതലായ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. അപ്പീല്‍ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാന്‍ പാടുള്ളൂ.
