എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല; ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി റവന്യൂമന്ത്രി; തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടില്‍

റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി

Update: 2024-11-01 14:03 GMT

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂമന്ത്രി കെ രാജന്‍ കൈമാറി. എഡിഎം നിരപരാധിയാണെന്നും പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലില്ല. റിപ്പോര്‍ട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു.

എന്നാല്‍ അതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ ഇല്ല. എന്താണ് പറ്റിയ തെറ്റെന്ന് കലക്ടര്‍ നവീന്‍ ബാബുവിനോട് ചോദിക്കുകയോ അതിന് അദ്ദേഹം എന്തെങ്കിലും വിശദീകരണം നല്‍കുകയോ ഉണ്ടായിട്ടില്ല.

കലക്ടര്‍ എഴുതി തയാറാക്കിയ മൊഴിയാണ് ജോയിന്റ് കമ്മിഷണര്‍ എ.ഗീതയ്ക്ക് നല്‍കിയത്. പി.പി.ദിവ്യയെ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കലക്ടറുടെ മൊഴിയില്‍ ആവര്‍ത്തിക്കുന്നു. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട എന്‍ഒസി നവീന്‍ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നവീന്‍ കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബുവിനെ യാത്രയയപ്പു ചടങ്ങില്‍ ആക്ഷേപിക്കുന്ന വിഡിയോ മാധ്യമങ്ങള്‍ക്കു കൈമാറിയതു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയാണെന്ന് എ.ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരില്‍നിന്നു ജോയിന്റ് കമ്മിഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിട്ടില്ല.

യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ജോയിന്റ് കമ്മിഷണറോടു നിഷേധിച്ചിട്ടുണ്ട്. 14നു രാവിലെ നടന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഉദ്ഘാടക ദിവ്യയും അധ്യക്ഷന്‍ കലക്ടറും ആയിരുന്നു. അവിടെവച്ച് യാത്രയയപ്പു ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നെന്നും നവീന്‍ ബാബുവിനെ വിടുതല്‍ ചെയ്യാന്‍ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാലാണെന്നുമുള്ള വിവരങ്ങളാണ് കലക്ടറുടെ വിശദീകരണത്തില്‍ ഉള്ളതായി അറിയുന്നത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവീന്‍ ബാബു ചെയ്തത് നിയമപരമായ നടപടികള്‍ മാത്രമാണ്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. ഫയല്‍ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്.

ആറ് ദിവസം മാത്രമാണ് പ്രസ്തുത ഫയല്‍ നവീന്‍ ബാബുവിന്റെ പക്കലുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ല. പരിശോധനകള്‍ നടത്തിയാണ് നവീന്‍ ബാബു മുന്നോട്ടുപോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചു, കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍.

കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് ആരംഭിക്കാന്‍ എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് സ്ഥലം ലീസിനെടുത്ത ടി.വി. പ്രശാന്തന്‍ ആരോപിച്ചിരുന്നു. നവീന്‍ബാബുവിന് കൈക്കൂലി കൊടുത്തെന്ന് പോലീസിനും പ്രശാന്തന്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണം പണയംവെച്ചാണ് കൈക്കൂലിപ്പണം നല്‍കിയത്, പണയം വെച്ചതിന്റെ രേഖകളും പ്രശാന്തന്‍ ഹാജരാക്കിയിരുന്നു. ആറാംതീയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സിലെത്തി കണ്ടു. അവിടെ വെച്ചാണ് കൈക്കൂലി നല്‍കിയത്. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് പ്രശാന്തന്‍ പോലീസിനെ അറിയിച്ചത്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി വ്യാജമാണെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Tags:    

Similar News