എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; വ്യാഴാഴ്ച വാദം കേള്‍ക്കും; പ്രശാന്തന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ല; പിരിച്ചുവിടും; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

കേസ് പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി

Update: 2024-10-21 06:23 GMT

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ അറസ്റ്റ് നീക്കം ഒഴിവാക്കാന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക.

നവീന്‍ ബാബുവിന്റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാല്‍ഫ്, പിഎം സജിത എന്നിവര്‍ ഹാജരായി. ജാമ്യ ഹര്‍ജിക്കുള്ള ആക്ഷേപം ബോധിപ്പിക്കുന്നതിന് സമയം ആവശ്യപ്പെടുകയായിരുന്നു. അഡ്വ. കെ വിശ്വന്‍ പി.പി ദിവ്യക്ക് വേണ്ടി ഹാജരായി. ദിവ്യയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് കോടതിയുടെ ഇടപെടല്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

അതിനിടെ എ ഡി എം നവീന്‍ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാന്‍ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നില്‍ പെട്രോള്‍ പമ്പ് വിഷയത്തിലെ സി പി ഐ ഇടപെടലും കാരണമായെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. സി പി ഐ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് എന്‍ ഒ സി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താന്‍ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലന്‍സിനും ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സി പി ഐ സഹായം കിട്ടിയതാണ് വിവരം. എന്‍ ഒ സി വിഷയത്തില്‍ നവീന്‍ ബാബുവിനെ താന്‍ വിളിച്ചിരുന്നതായി സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

അതേ സമയം പ്രശാന്തനെതിരേ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളെജിലെ ജീവനക്കാരനായ പ്രശാന്തിനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഇയാള്‍ സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജത് ഖൊബ്രാഗഡെയും ജോയന്റ് ഡയറക്ടര്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡോ. വിശ്വനാഥനും പരിയാരത്തേക്ക് പോകും. സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇയാള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ജോലിയില്‍ സ്ഥിരമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായും സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ഡി.എം.ഇയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇയാളാണോ അപേക്ഷകനെന്ന് അറിയില്ല. അതിന് ശേഷം ഇയാള്‍ മെഡിക്കല്‍ കോളേജില്‍ വന്നിട്ടില്ല. ഇങ്ങനെയുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് അതിന്റെ ആഗിരണപ്രക്രിയ നടക്കുകയാണ്. എന്നാല്‍ ആഗിരണപ്രക്രിയയില്‍ ഉള്ളയാളാണ്.സര്‍വ്വീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എഡിഎം നവീന്‍ ബാബു തനിക്ക് അറിയാവുന്ന ഉദ്യോഗസ്ഥനാണ്. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെ ഒപ്പം പ്രവര്‍ത്തിച്ച ആളാണ്. വിദ്യാര്‍ഥി ജീവിത കാലം മുതല്‍ അറിയുന്ന വ്യക്തിയാണ്. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ഒരു കള്ളം പോലും പറയരുതെന്ന് ജീവിതത്തില്‍ ദൃഢനിശ്ചയം എടുത്തു മുന്നോട്ടു പോയ വ്യക്തിയാണ് നവീന്‍ ബാബുവെന്നും മന്ത്രി പറഞ്ഞു.

പമ്പിന് നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കാത്തത്തില്‍ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കുറ്റപ്പെടുത്തിയതിനെ തുടര്‍ന്നാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ശക്തമായ നിലപാടിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.

പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) നല്‍കാന്‍ എ.ഡി.എം. നവീന്‍ ബാബു ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നല്‍കിയെന്നുമായിരുന്നു ടി.വി. പ്രശാന്തന്റെ ആരോപണം. ആറുമാസമായി ഈ ആവശ്യത്തിനായി കളക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്. ഫയല്‍ പഠിക്കട്ടെ എന്നു പറഞ്ഞ് എ.ഡി.എം. നീക്കിവെക്കുകയായിരുന്നു. പിന്നീട് പലതവണ എ.ഡി.എമ്മിനെ കണ്ടിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചത്. ഇവര്‍ പരിഗണിക്കണമെന്ന് പറഞ്ഞിട്ടും നടന്നില്ലെന്നും പ്രശാന്തന്‍ ആരോപിച്ചിരുന്നു.

Tags:    

Similar News