'അറിയില്ലെന്ന് ' പറഞ്ഞ ആ 'കാട്ടുകള്ളനൊപ്പം' അടൂര്‍ പ്രകാശ് എംപി; ഉണ്ണിക്കൃഷ്ണന്‍ പോറ്റി നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ മുഖ്യാതിഥി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; പ്രസാദം നല്‍കാന്‍ പോറ്റിക്കൊപ്പം സോണിയെ കാണാന്‍ പോയ എംപി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയിലും
പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് അധ്യക്ഷനും എംപിയുമായ അടൂര്‍ പ്രകാശും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 2024 ജനുവരിയില്‍ നടന്ന ഒരു വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ അടൂര്‍ പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതാണ് ഈ ചിത്രങ്ങളില്‍ പ്രധാനമായും കാണാന്‍ കഴിയുന്നത്. അടൂര്‍ പ്രകാശ് എംപി തന്നെയാണ് അന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
നേരത്തെ, ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ അടൂര്‍ പ്രകാശ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രസാദം നല്‍കുന്നതിനായാണ് പോറ്റി സോണിയാ ഗാന്ധിയെ കാണാന്‍ പോയതെന്നും, ഈ സന്ദര്‍ശനത്തിന് താന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും അടൂര്‍ പ്രകാശ് അന്ന് പറഞ്ഞിരുന്നു.
തന്റെ മണ്ഡലത്തിലെ വോട്ടറായതുകൊണ്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെ പോയതെന്നും, പോറ്റി ഒരു 'കാട്ടുകള്ളനാണെന്ന്' അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് അന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സോണിയ ഗാന്ധിയെ കാണാന്‍ താന്‍ അപ്പോയിന്‍മെന്റ് എടുത്തിട്ടില്ല. കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പോറ്റിയെ കേട്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചു. താന്‍ പോയി. ബാക്കി കാര്യങ്ങള്‍ എസ്‌ഐടി വിളിപ്പിക്കുമ്പോള്‍ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും എന്നും എവിടെയും ഒളിച്ചോടി പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ, അടൂര്‍ പ്രകാശും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
അടൂര്‍ പ്രകാശിന്റെ 2024 ജനുവരി 24 ലെ പോസ്റ്റ്
ബാംഗ്ലൂരിലെ അയ്യപ്പഭക്തരായ ശ്രീ. ഉണ്ണികൃഷ്ണന്‍ പോറ്റി, ശ്രീ. രാഘവേന്ദ്ര, ശ്രീ. രമേശ് എന്നിവരുടെ സഹായത്താല്‍ പുളിമാത്ത് ക്ഷേത്ര ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ പുളിമാത്ത് പൂവത്തൂര്‍ വിള വീട്ടില്‍ ശ്രീ രഞ്ചുവിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
ക്ഷേത്രത്തിലെ ഊട്ടുപുരയുടെ ഉത്ഘാടനം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പരമേശര വാസുദേവ ഭട്ടതിരിപ്പാട് നിര്‍വ്വഹിച്ചു.തിരുംവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ A അജികുമാര്‍, NSS താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീ. ജി. അശോക് കുമാര്‍ പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുസ്മിത, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.ബി.ജയചന്ദ്രന്‍, ശ്രീ. അജയഘോഷ്, ക്ഷേത്ര ഭരണസമിതി പ്രസിഡന്‍് ശ്രീ.A അനില്‍കുമാര്‍ ക്ഷേത്ര ഭരണസമിതി സെക്രട്ടറി ശ്രീ. കെ വിജയകുമാര്‍, വൈസ് പ്രസിഡന്റ് ശ്രീ. രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
