ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും അഡ്വ. പി ജി മനുവും ഒരുമിച്ചത് പ്രതിക്കായി; പീഡനക്കേസ് ഭയന്ന് മനു ആത്മഹത്യ ചെയ്ത് രണ്ടാഴ്ച്ച കഴിയുമ്പോള്‍ അഡ്വ. ആളൂരിന്റെ അകാല മരണവും; മനുവിന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ച് മാധ്യമങ്ങളില്‍ തുറന്നു പറഞ്ഞത് ആളൂര്‍; പിന്നാലെ ബ്ലാക്‌മെയില്‍ ചെയ്തയാളുടെ അറസ്റ്റും

ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും അഡ്വ. പി ജി മനുവും ഒരുമിച്ചത് പ്രതിക്കായി

Update: 2025-04-30 12:08 GMT

കൊച്ചി: ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജറായിരുന്നത് അഡ്വ. ആളൂരായിരുന്നു. ഈ കേസില്‍ ആളൂരിനൊപ്പം സഹകരിച്ചിരുന്നത് അഡ്വ. പി ജി മനുവായിരുന്നു. ഈ കേസില്‍ ഒരുമിച്ചു സഹകരിച്ചു വരവേയാണ് പി ജി മനു ആത്മഹത്യ ചെയ്തത്. വീണ്ടും പീഡന കേസില്‍ പ്രതിയാകുമെന്ന ഭയത്താലായിരുന്നു മനുവിന്റെ ആത്മഹത്യ. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മനുവിന്റെ ആത്മഹത്യയും. മനുവിന്റെ മരണത്തിന് ശേഷം രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് അഡ്വ. ആളൂരിന്റെ അകാല മരണവും സംഭവിച്ചിരിക്കുന്നത്. വൃക്കരോഗത്തെ തുടര്‍ന്നാണ് ആളൂരിന്റെ മരണം.

പീഡന കേസില്‍ പ്രതിയായിരുന്ന അഡ്വ. പി ജി മനുവിന്റെ മനസികാവസ്ഥ എന്തായിരുന്നു എന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത് ആളൂരായിരുന്നു. ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിന്റെ നടത്തിപ്പിനായാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് രണ്ടുമാസം മുന്‍പ് വാടക വീടെടുത്ത് മനു താമസം തുടങ്ങിയത്. ഇവിടെയാണ് മനുവിനെ തൂങ്ങീ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമോ എന്ന മാനസിക സംഘര്‍ഷം കാരണമായിരിക്കാം മനു ആത്മഹത്യ ചെയ്തതെന്നാണ് അന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. ബി.എ. ആളൂര്‍ വ്യക്തമാക്കിയത്.

'സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 59 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമല്ലോ എന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്' - അന്ന് ആളൂര്‍ പറഞ്ഞത് ഇങ്ങനെയാണ്.

ഈ കേസില്‍ നടന്നത് ബ്ലാക്‌മെയിലാണെന്ന വാദമായിരുന്നു ആളൂരിന്. ഇത് ശരിവെച്ച് പിന്നീട് ആത്മഹത്യാ പ്രേരണാ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ജോണ്‍സണ്‍ ജോയിയുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതും. ഡോ. വന്ദനദാസ് കേസായിരിക്കും അഡ്വ. ആളൂര്‍ അവസാന കാലങ്ങളില്‍ കൈകാര്യം ചെയ്ത പ്രമാദമായ കേസുകളില്‍ ഒന്ന്.

ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂര്‍ എന്ന അഭിഭാഷകനെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. മാദ്ധ്യമങ്ങളില്‍ അടക്കം ആളൂരിന്റെ പേര് വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആളൂര്‍ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി എന്നതില്‍ ഇപ്പോഴും ദുരൂഹതയുണ്ട്.സൗമ്യ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചപ്പോഴും കേരള ഹൈക്കോടതി ആ വിധി ശരിവച്ചപ്പോഴും ആളുകള്‍ ആളൂരിനെ കൂക്കിവിളിക്കുകയായിരുന്നു ചെയ്തത്.

എന്നാല്‍ കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ കളി മാറി. ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നും രക്ഷപ്പെടുത്താന്‍ ആളൂര്‍ എന്ന വക്കീലിന് സാധിച്ചു. ഇതോടെ ആളൂര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അഭിഭാഷകനായി മാറി. മാദ്ധ്യമശ്രദ്ധ ലഭിക്കുന്ന എല്ലാ കേസുകളിലും പ്രതികളെ അങ്ങോട്ട് സമീപിച്ച് അഭിഭാഷകനാകാന്‍ ആളൂര്‍ തയ്യാറായി.പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ കേസിലും ആളൂര്‍ പ്രതിക്ക് വേണ്ടി ഹാജരായി. പിന്നീട് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് വേണ്ടിയും ഇന്‍ഫോസിസ് വധക്കേസ് പ്രതി ബബന്‍ സൈക്കയ്ക്കും വേണ്ടി ഹാജരായി. ഇലന്തൂര്‍ നരബലിക്കേസിലും പ്രതികളുടെ അഭിഭാഷകന്‍ ആളൂരാണ്.

1999ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ആളൂര്‍ തുടക്കകാലത്ത് കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ആദ്യം മുതലേ ക്രിമിനല്‍ കേസുകളോടാണ് താല്‍പര്യം. എന്നാല്‍ കേരളം വിട്ട് പൂനെയിലേക്ക് ചേക്കേറിയതോടെയാണ് അളൂരിന്റെ ജീവിതം മാറ്റിമറിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത്രയും പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോളും ആളൂര്‍ വിവാഹം കഴിച്ചിരുന്നില്ല. തന്റെ പ്രൊഫഷനെയാണ് വിവാഹം കഴിച്ചതെന്നാണ് ആളൂര്‍ പറയുന്നത്. വിവാഹം തന്റെ ഉയര്‍ച്ചയ്ക്ക് തടസമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

തനിക്ക് രസകരമായി ജീവിക്കാന്‍ ഭാര്യയും കുട്ടികളും വേണമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പലപ്പോഴും വിവാദ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം നേരിടുന്ന വ്യക്തി കൂടിയാണ് ആളൂര്‍.

Tags:    

Similar News