'ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കും; ഫേയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപ കലര്‍ന്ന ഹാസ്യം; നിരീക്ഷകര്‍ പാര്‍ട്ടിക്ക് പുറത്താണോ അകത്താണോ, ഏത് ഘടകത്തിലാണ് എന്ന വി. വസീഫിന്റെ ചോദ്യം അരാഷ്ട്രീയമാണ്; 'ഇടതു നിരീക്ഷകന്‍' എന്ന പദവി രാജിവെച്ചെന്ന് പോസ്റ്റില്‍ വിശദീകരണവുമായി അഡ്വ.ബി.എന്‍.ഹസ്‌കര്‍
'ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കും; ഫേയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപ കലര്‍ന്ന ഹാസ്യം
തിരുവനന്തപുരം: ഇടതു നിരീക്ഷകന്‍ സ്ഥാനം രാജിവെച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി അഡ്വ. ബി എന്‍ ഹസ്‌ക്കര്‍. ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കുമെന്നും 'ഇടതു നിരീക്ഷകന്‍ ' എന്ന പദവി രാജിവെക്കുകയാണെന്ന തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത് ആക്ഷേപം കലര്‍ന്ന ഹാസ്യമെന്നും അഡ്വ.ബി.എന്‍.ഹസ്‌കര്‍ വിശദീകരിച്ചു.
ചാനല്‍ ചര്‍ച്ചകളും രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത്. ആ അധ്വാനത്തെ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ആക്ഷേപിക്കുന്നത് ശരിയല്ല. നിരീക്ഷകര്‍ പാര്‍ട്ടിക്ക് പുറത്താണോ അകത്താണോ, ഏത് ഘടകത്തിലാണ് എന്ന വി. വസീഫിന്റെ ചോദ്യം അരാഷ്ട്രീയമാണ്. ശ്വാസം നിലയ്ക്കും വരെ പാര്‍ട്ടിക്കാരനായിരിക്കുമെന്നും അഡ്വ. ബി.എന്‍.ഹസ്‌കര്‍ വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളി നടേശനെയും വിമര്‍ശിച്ചതിന് സിപിഎം ഹസ്‌കറിന് താക്കീത് നല്‍കിയിരുന്നു.
പാര്‍ട്ടി ശാസനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ പരിഹാസവുമായി ഹസ്‌ക്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 'ഇടത് നിരീക്ഷകന്‍' എന്ന സ്ഥാനം രാജിവെച്ചു. തന്റെ സുരക്ഷയ്ക്കായി പാര്‍ട്ടി നല്‍കിയിരുന്ന 'ഗണ്‍മാനെ' തിരിച്ചേല്‍പ്പിച്ചു, ശാസന കേട്ടതോടെ താന്‍ വല്ലാതെ 'പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നുമായിരുന്നു പരിഹാസം. രാഷ്ട്രീയ നിരീക്ഷണ രംഗത്ത് നിന്ന് പിന്മാറില്ലെന്നും എന്നാല്‍ ഇനി മുതല്‍ 'രാഷ്ട്രീയ നിരീക്ഷകന്‍' എന്ന നിലയിലാകും ചര്‍ച്ചകളില്‍ പങ്കെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
രാജിവെച്ചു........
സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയ 'ഇടതു നിരീക്ഷകന്‍ '....എന്ന പദവി ഞാന്‍ രാജി വച്ചിരിക്കുന്നു,
ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഞാന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചു, ഔദ്യോഗിക വാഹനം ഡ്രൈവര്‍ ഗണ്‍മാന്‍ എന്നിവ ഞാന്‍ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു. ചാനല്‍ ചര്‍ച്ചകളിലെ മണിക്കൂറുകള്‍ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാന്‍ ഇനി മുതല്‍ 'രാഷ്ട്രീയ നിരീക്ഷകന്‍,'
പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ.
മുഖ്യമന്ത്രിയെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനല്‍ ചര്‍ച്ചയില്‍ അഡ്വ.ബി എന്‍ ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഇത് സിപിഎമ്മിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നിലപാടുകളെ പ്രതിരോധിക്കുന്ന നിരീക്ഷകന്റെ റോളില്‍ നിന്ന് മാറുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുംവിധം ഇനി ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കരുതെന്ന് ഹസ്‌കറിന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദാണ് ഹസ്‌കറിന് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. മനോരമ ന്യൂസിലെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയിലായിലെ പരാമര്‍ശത്തിലായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, താന്‍ പറഞ്ഞത് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാടെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഹസ്‌കര്‍ തിരിച്ചടിച്ചത്. പാര്‍ട്ടി ലൈനില്‍ പോകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെന്നും ഹസ്‌കര്‍ സമ്മതിച്ചു. തനിക്കെതിരെ നടപടി എടുത്താല്‍ എ കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അര്‍ഹരാണെന്നും ഹസ്‌കര്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. പാര്‍ട്ടി ലൈനില്‍ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്. ഇടതു നിരീക്ഷകന്‍ എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതെന്നും അഡ്വ ബിഎന്‍ ഹസ്‌കര്‍ പ്രതികരിച്ചിരുന്നു.
