'ഒരു സ്ത്രീയ്‌ക്കെങ്ങനെ മറ്റൊരു സ്ത്രീയ്‌ക്കെതിരേ ഇങ്ങനെ എഴുതാനാകും'; പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല; ഒരു പുരുഷന്‍ ആയിരുന്നു ഇത് എഴുതിയതെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യിക്കുമായിരുന്നു; രാഹുല്‍ കേസില്‍ അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

'ഒരു സ്ത്രീയ്‌ക്കെങ്ങനെ മറ്റൊരു സ്ത്രീയ്‌ക്കെതിരേ ഇങ്ങനെ എഴുതാനാകും';

Update: 2026-02-11 07:09 GMT

ന്യൂഡല്‍ഹി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗ പരാതി നല്‍കിയ അതിജീവിതയെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ച അഭിഭാഷകയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു വനിതയ്ക്ക് എങ്ങനെയാണ് മറ്റൊരു വനിതയ്ക്കെതിരേ ഇങ്ങനെ എഴുതാന്‍ കഴിയുകയെന്ന് സുപ്രീം കോടതി ആരാഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയില്‍നിന്ന് ഇത്തരം വാക്കുകള്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്തിനാണ് അതിജീവിതയുടെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ വെളിപ്പെടുത്തിയതെന്നും സുപ്രീംകോടതി ദീപ ജോസഫിനോട് പറഞ്ഞു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമര്‍ശനം. ഒരു പുരുഷന്‍ ആയിരുന്നു ഇത് എഴുതിയതെങ്കില്‍ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യിക്കുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിജീവിതയെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചതിന് സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫിനെതിരെ കേരളാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ദീപ സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ അതിജീവിതയെ അപമാനിച്ചിട്ടില്ലെന്ന് ദീപാ ജോസഫ് കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഭര്‍ത്താവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും ദീപാ ജോസഫ് കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, അതിജീവിതയുടെ ഭര്‍ത്താവ് അഭിഭാഷകയോട് പറയുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്താമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടാണോ ഇത്തരം ഒരു ഫെയ്സ്ബുക്ക് കുറിപ്പ് എന്നും കോടതി ആരാഞ്ഞു. അറസ്റ്റ് തടയാന്‍ വിസമ്മതിച്ച സുപ്രീം കോടതി, ദീപാ ജോസഫിന് ആവശ്യമെങ്കില്‍ കേസിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.

രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കിയ ആധുനിക കോടതിയാണ് കേരള ഹൈക്കോടതിയെന്നും ദില്ലിയിലിരുന്ന് തന്നെ കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും വിമര്‍ശിച്ചു. എന്നാല്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന ഒന്നും പോസ്റ്റിലില്ലെന്നും കുറ്റം ചെയ്തുവെങ്കില്‍ പ്രൊസിക്യൂഷന്‍ നടപടി നേരിടാമെന്നുമായിരുന്നു അഡ്വ. ദീപ ജോസഫിന്റെ മറുപടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ദീപാ ജോസഫിന്റെ ഹര്‍ജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. അതിജീവിതയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ ഹാജരായി.

രാഹുല്‍ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ ദീപ ജോസഫ്. അധിക്ഷേപത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ദീപ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. പിന്നാലെ ദീപ ജോസഫിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയിരുന്നു. ദീപ ജോസഫിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിജീവിത തടസ്സ ഹര്‍ജി നല്‍കിയത്.

Tags:    

Similar News