സ്‌ഫോടകവസ്തു എറിഞ്ഞെന്ന ആരോപണത്തിനെതിരെ കോണ്‍ഗ്രസ്; ദൃശ്യം പൊലീസ് കെട്ടിച്ചമച്ചതെന്ന് കെ. പ്രവീണ്‍ കുമാര്‍; റൂറല്‍ എസ്.പിയുടെ വെളിപ്പെടുത്തലോടെ നഷ്ടപ്പെട്ട മുഖം മിനുക്കാനുള്ള നടപടിയാണിത്; യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്ന് ഡിസിസി അധ്യക്ഷന്‍

സ്‌ഫോടകവസ്തു എറിഞ്ഞെന്ന ആരോപണത്തിനെതിരെ കോണ്‍ഗ്രസ്

Update: 2025-10-14 05:41 GMT

കോഴിക്കോട്: ഷാഫി പറമ്പില്‍ എം.പിക്ക് ഗുരുതര പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ഫോടകവസ്തു എറിഞ്ഞുവെന്ന പൊലീസിന്റെയും സി.പി.എം നേതാക്കളുടെയും ആരോപണത്തിനെതിരെ കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍. ആരോപണം തള്ളിയ കെ. പ്രവീണ്‍ കുമാര്‍, സ്‌ഫോടകവസ്തു എറിയുന്ന ദൃശ്യം കെട്ടിച്ചമച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സത്യവിരുദ്ധമായ കാര്യമാണ്. റൂറല്‍ എസ്.പിയുടെ വെളിപ്പെടുത്തലോടെ നഷ്ടപ്പെട്ട മുഖം മിനുക്കാനുള്ള നടപടിയാണിത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു കല്ല് പോലും എറിഞ്ഞിട്ടില്ല. സ്വയം രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഡിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

സ്‌ഫോടക വസ്തു എറിഞ്ഞെന്ന ആരോപണം കോണ്‍ഗ്രസ് അന്വേഷിക്കേണ്ട കാര്യമില്ല. സമാധാനപരായ പ്രതിഷേധം നടത്താനാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ഗതിവിഗതികള്‍ മാറ്റിമറിക്കാനുള്ള പൊലീസ് ഗൂഢാലോചനയാണ് പുതിയ കേസിന് പിന്നില്‍. പിണറായി വിജയന്റെ പൊലീസില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല.

സംഭവം നടന്ന നാലാം ദിവസമാണ ആരോപണം ഉന്നയിച്ചത്. ലാത്തിച്ചാര്‍ജ് ഉണ്ടായില്ലന്നാണ് ആദ്യം പറഞ്ഞത്. ലാത്തിച്ചാര്‍ജ് അറിവോടെയല്ല ഉണ്ടായതെന്ന് പിന്നീട് പറഞ്ഞു. പൊലീസ് അക്രമം കാണിച്ചതാണെന്ന് തുടര്‍ന്ന് വിശദീകരിച്ചു. അന്ന് ഇല്ലാതിരുന്ന സ്‌ഫോടകവസ്തു ഇപ്പോള്‍ എവിടുന്ന് വന്നുവെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. പേരാമ്പ്ര സംഘര്‍ഷത്തിനിടെ സ്‌ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണമാണ് സംഭവം നടന്ന് നാലു ദിവസത്തിന് ശേഷം പൊലീസ് ആരോപിക്കുന്നത്. പൊലീസിന്റെ ആരോപണം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സി.പി.എം പ്രതിനിധികള്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

വടകരയില്‍ ആര്‍.എസ്.എസ് അനുകൂല സാംസ്‌കാരിക വേദിയായ സേവാദര്‍ശന്‍ സംഘടിപ്പിച്ച അനുമോദന സദസ്സില്‍വെച്ചാണ് കഴിഞ്ഞ ദിവസം റൂറല്‍ ജില്ല പൊലീസ് മേധാവി ഷാഫി പറമ്പില്‍ എം.പിക്കെതിരെ പേരാമ്പ്രയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ കുറ്റസമ്മതം നടത്തി കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജു സംസാരിച്ചത്. 'ഞങ്ങള്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ല. ഒരു കമാന്‍ഡ് നല്‍കുകയോ വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷന്‍ അവിടെ നടന്നിട്ടില്ല. ഞങ്ങള്‍ അത്തരത്തില്‍ ലാത്തി വീശുകയോ ചെയ്തിട്ടില്ല' അദ്ദേഹം പറഞ്ഞു.

എന്നാല്‍, തങ്ങളുടെ കൂടെയുണ്ടായിരുന്ന ചില ആളുകള്‍ മനഃപൂര്‍വം അവിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസ്സിലാക്കി. ഇത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ് എന്നാണ് എസ്.പി പരിപാടിയില്‍ പറഞ്ഞത്. ഷാഫിക്കെതിരെ നടന്ന ആക്രമണത്തിനെതിരെ സി.പി.എം സൈബറിടങ്ങളിലുള്‍പ്പെടെ പ്രതിരോധം തീര്‍ക്കുന്നതിനിടെ പൊലീസ് മേധാവിയില്‍ നിന്നുണ്ടായ കുറ്റസമ്മതം പാര്‍ട്ടിയെ വെട്ടിലാക്കി. പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ വിമര്‍ശനം അഴിച്ചുവിടുന്നതിനിടെയാണ് ആര്‍.എസ്.എസ് അനുകൂല സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് പൊലീസ് വീഴ്ച പൊലീസ് മേധാവി ഏറ്റുപറഞ്ഞത്.

അതേസമയം, പൊലീസ് ലാത്തികൊണ്ട് അടിച്ചുവെന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി സമ്മതിച്ച സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പി ലോക്‌സഭ സ്പീക്കര്‍ക്ക് വീണ്ടും കത്ത് നല്‍കി. കുറ്റക്കാരായ പൊലീസുകാരെ കണ്ടെത്താന്‍ എ.ഐ ടൂളുകള്‍ ഉപയോഗിച്ച് പരിശോധന നടക്കുന്നുണ്ടെന്നും എസ്.പി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അവകാശപ്പെട്ട പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതെ പൊതുജനമധ്യത്തില്‍ ദുരുദ്ദേശ്യത്തോടെ തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ സഭയുടെ പ്രിവിലേജ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

ജനപ്രതിനിധികള്‍ക്ക് സംരക്ഷണം നല്‍കേണ്ട പൊലീസ് തന്നെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാനും ജനപ്രതിനിധികളുടെയും പാര്‍ലമെന്റിന്റെയും അന്തസ്സും യശസ്സും നിലനിര്‍ത്താനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ 10ന് രാത്രി തന്റെ നിയോജകമണ്ഡലത്തില്‍പെട്ട പേരാമ്പ്രയില്‍ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് തന്നെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ലാത്തിയടിയേറ്റ് തന്റെ മുഖത്ത് ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെതുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ടായെന്നും നേരത്തേ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. ജില്ല പൊലീസ് മേധാവിയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ക്ക് എം.പി വീണ്ടും കത്തെഴുതിയത്.

Tags:    

Similar News