24 കോടി സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ആളുടെ പരാതി; പ്രതികളുമായി ഒരു ഘട്ടത്തിലും ബന്ധപ്പെട്ടിട്ടില്ല; നിരപരാധിയാണെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങള്‍ എന്നും വാദം; പരാതിക്കാരന്‍ വളരെക്കാലമായി നിയമത്തില്‍ നിന്നും ഒളിച്ചോടുന്ന വ്യക്തി; വിജിലന്‍സ് ആരോപണം എല്ലാം നിഷേധിച്ച് ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യ ശ്രമം; ഇഡി കേസില്‍ ഇനി നിര്‍ണ്ണായകം വിജയബാനു വക്കീലിന്റെ വാദങ്ങള്‍
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികപട്ടികയില്‍ ഉള്‍പ്പെട്ട ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. താന്‍ നിരപരാധിയാണെന്നാണ് ഹര്‍ജിയില്‍ ശേഖര്‍ കുമാര്‍ പറയുന്നത്. കേസില്‍ പ്രതിചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നും ഹര്‍ജിയിലുണ്ട്. ഈ ഹര്‍ജിയിലെ ഹൈക്കോടതി വിധി അതിനിര്‍ണ്ണായകമായി ഈ കേസില്‍ മാറും. ഇഡിയെ കുടുക്കാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കമാണ് കേസെന്ന വിലയിരുത്തല്‍ സജീവമാണ്. അതുകൊണ്ട് തന്നെ കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും.
24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ആളുടെ പരാതിയിലാണ് തനിക്കെതിരായ കേസ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുമായി ഒരു ഘട്ടത്തിലും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശേഖര്‍ കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. കോടതി പറയുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും ജാമ്യം നല്‍കണമെന്നും മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറയുന്നു. താന്‍ നിരപരാധിയാണെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്നും ഹര്‍ജിയില്‍ പറയുന്നു. ഇഡി കേസില്‍ നിന്നും രക്ഷപ്പെടാനാണ് പരാതിക്കാരന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. പരാതിക്കാരന്‍ വളരെക്കാലമായി നിയമത്തില്‍ നിന്നും ഒളിച്ചോടുന്ന വ്യക്തിയാണ്. നിലവില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ താനുമായി യാതൊരു ബന്ധവുമില്ലാത്തത്തനിക്കെതിരായ ആരോപണത്തിന് തെളിവുകളുടെ പിന്തുണയില്ലന്നും സീനിയര്‍ അഡ്വ പി വിജയബാനു മുഖേന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിജയബാനു വക്കീലിന്റെ വാദങ്ങളാകും ഇനി ഇഡി കേസിലെ ഗതി നിര്‍ണ്ണയിക്കുക.
അതേ സമയം ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് അനീഷ് കുമാറിനോട് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിന്റെ പേര് പറഞ്ഞ് ഇഡി കേസുകള്‍ ഒതുക്കിതീര്‍ക്കാം എന്ന് ആവശ്യപ്പെട്ട് ഏതാനും പേര്‍ കഴിഞ്ഞ 10 കൊല്ലമായി പലരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അനീഷ് കുമാര്‍ ആരോപിക്കുന്ന കൈക്കൂലി കേസിലെ നാലാംപ്രതി ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്ത് വാര്യര്‍ കൊച്ചി നഗരത്തില്‍ ആഡംബര വീട് സ്വന്തമാക്കിയെന്നും ഇതിനായി കോഴപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍. രാജസ്ഥാന്‍ സ്വദേശി മുകേഷ് ജെയിന്‍ എറണാകുളം പുത്തന്‍വേലിക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങിയതായും പറയുന്നു. ഇഡി ഉദ്യോഗസ്ഥന്റെ പേര് ഉപയോഗിച്ച് വാങ്ങിയ കൈക്കൂലിയില്‍ നിന്നും ലഭിച്ച കമ്മീഷന്‍ ഉപയോഗിച്ചാണ് മുകേഷ് ജെയിന്‍ സ്ഥലം വാങ്ങിയതെന്നും കണ്ടെത്തിയതായി വിജിലന്‍സ് പറയുന്നു. ഇവര്‍ക്കെല്ലാം കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. ഇത് വിജിലന്‍സിന് തിരിച്ചടിയാണ്.
ഇഡിയുടെ പേര് കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ ഒരു ബിസിനസുകാരന്റെ പരാതിയെന്ന് ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇഡിയ്ക്കെതിരെ ആരോപണം ഉന്നയിച്ച അനീഷ് എന്ന കൊട്ടാരക്കരയിലെ ബിസിനസുകാരന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്നും ഇഡി ആരോപിക്കുന്നു. വഴവില കാഷ്യൂസ് എന്ന കമ്പനിയുടെ മറവില്‍ അനീഷ് കള്ളപ്പണം വെളുപ്പിക്കലും പണം തട്ടിപ്പും നടത്തിയിട്ടുണ്ടെന്നും ആരോപണമുള്ളതായും ഇഡി പറയുന്നു. കൊട്ടാരക്കര പൊലീസും ക്രൈം ബ്രാഞ്ചും ഫയല്‍ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് 2021 മാര്‍ച്ചില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. അനീഷ് ബാബു, അനീഷ് ബാബുവിന്റെ പിതാവ് ബാബു ജോര്‍ജ്ജ്, അനിതാ ബാബു എന്നിവര്‍ക്കെതിരെ കുറ്റമാരോപിക്കുന്ന കേസുകളാണിതെന്നും ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. വിലക്കുറവില്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു എന്ന പേരില്‍ നിരവധി പേരില്‍ നിന്നായി ഇവര്‍ 24.73 കോടി തട്ടിച്ചുവെന്നാണ് കേസുകളെന്നും ഇഡി പറയുന്നു. വിശ്വാസവഞ്ചന, തട്ടിപ്പ്, ഗൂഢാലോചന, കള്ളരേഖചമയ്ക്കല്‍, കള്ള രേഖകള്‍ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ഈ കേസുകളില്‍ ചുമത്തിയിട്ടുള്ളതെന്നും പറയുന്നു.
തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ചിട്ടും അനീഷ് ബാബു ഇഡിയ്ക്ക് മുന്‍പാകെ ഹാജരായിട്ടില്ലെന്നും പറയുന്നു. 2021 ഒക്ടോബറിലാണ് അനീഷിന് ആദ്യമായി ഇഡി സമന്‍സയച്ചത്. എന്നാല്‍ അനീഷ് ഹാജരായില്ല. 2024 ഒക്ടോബര്‍ എട്ടിന് വീണ്ടും നോട്ടീസയച്ചു. ഒക്ടോബര്‍ 28ന് അനീഷ് ബാബുവും കുടുംബവും ഇഡി ഓഫീസില്‍ എത്തിയെങ്കിലും പിന്നീട് ഉച്ചഭക്ഷണം കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ അവര്‍ തിരിച്ചുവന്നില്ലെന്നും ഇഡി അവകാശപ്പെടുന്നു. അതിന് ശേഷം അനീഷ് ബാബു കേസുമായി സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെന്നും ഇഡി ആരോപിക്കുന്നു. പകരം അനീഷ് വിജിലന്‍സില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ ഈയിടെ പരാതി നല്‍കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിന്നും ഒഴിവാക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ 2 കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് അനീഷ് ബാബു ഇഡിയ്ക്കെതിരെ നല്‍കിയ കേസ്.
ഇഡി കേസില്‍ അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അനീഷ് ബാബു മാര്‍ച്ച് 17ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി അനീഷ് ബാബുവിന്റെ ഈ അപേക്ഷ തള്ളുകയും ചെയ്തിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഇയാള്‍ വിജിലന്‍സില്‍ പോയതെന്നും ഇഡി ആരോപിക്കുന്നു. ഇഡിയുടെ പ്രതിച്ഛായ കേരളത്തില്‍ തകര്‍ക്കാനും അനീഷ് ബാബുവിനെതിരെ ഇഡി അന്വേഷണം തടയാനുമാണ് ഇഡിയ്ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ത്തി അനീഷ് ബാബു വിജിലന്‍സിനെ സമീപിച്ചതെന്നും ഇഡി ആരോപിക്കുന്നു. അനീഷ് ബാബു ഒരു ദിവസം തന്നെ നല്‍കി പല ഇന്റര്‍വ്യൂകളില്‍ കൈക്കൂലി ആവശ്യപ്പെട്ടവരായി പല ഇഡി ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞത് പ്രതിയുടെ ഇക്കാര്യത്തിലുള്ള അസ്ഥിരത ചൂണ്ടിക്കാണിക്കുന്നുവെന്നും ഇഡി പറയുന്നു. പൊതുജനത്തിന്റെ ഇഡിയെക്കുറിച്ചുള്ള കാഴ്ചപ്പാടു മാറ്റാനാണ് അനീഷ് ബാബു മനപൂര്‍വ്വം ഈ ആരോപണം ഉന്നയിക്കുന്നതെന്നും ഇഡി പറയുന്നു. പ്രതിയ്ക്ക് അനുകൂലമായ രീതിയില്‍ മാധ്യമങ്ങളില്‍ ഒരു ആഖ്യാനം സൃഷ്ടിക്കുകയാണ് അനീഷ് ബാബുവിന്റെ ലക്ഷ്യമെന്നും ഇഡി ആരോപിക്കുന്നു.
ഈ ആരോപണങ്ങളില്‍ സ്വതന്ത്രമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇഡി വിജിലന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുള്ളതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലന്‍സ് എസ് പി എസ് ശശിധരന്‍ ഇപ്പോഴും പറയുകയാണ്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് എടുത്തത്. ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ വിളിപ്പിക്കില്ല. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നത് അനുസരിച്ച് വിളിപ്പിക്കും. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്നും എസ് പി- എസ് ശശിധരന്‍ പറഞ്ഞു. അദ്ദേഹം നല്‍കിയിട്ടുള്ള പരാതിയില്‍ പ്രിലിമിനറി വെരിഫിക്കേഷന്‍ നടത്തിയിട്ടുള്ളതാണ്. പരാതി കൃത്യമാണെന്ന് കണ്ടതുകൊണ്ടാണല്ലോ ഇതിലേക്ക് ഇറങ്ങിയത്. കസ്റ്റഡിയുടെ സമയത്ത് പ്രതികള്‍ പൂര്‍ണമായും സഹകരിച്ചു എന്ന് പറയാന്‍ പറ്റില്ല. ജാമ്യം തിരിച്ചടിയല്ല. അങ്ങനെ കരുതേണ്ടതില്ല. ഒരാഴ്ച, ഞായറാഴ്ച ഒഴിച്ച് ബാക്കി ദിവസങ്ങളില്‍ വിജിലന്‍സ് ഓഫീസില്‍ എത്താന്‍ പറഞ്ഞിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇ ഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ വിജിലന്‍സ് കേസില്‍ പ്രതികള്‍ അന്വേഷണം സംഘത്തിന് മുന്നില്‍ ഹാജരാവും. 7 ദിവസം ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നലെയാണ് കേസിലെ പ്രതികളായ വിത്സന്‍, മുകേഷ്, രഞ്ജിത്ത് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചത്. പ്രതികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.