നവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ തെറ്റായി ബോധിപ്പിച്ചു; തിരുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; ഈ അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞെന്ന് മഞ്ജുഷ
നവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല
കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അപ്പീലില്‍ ഒരിടത്തും തങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭാര്യ മഞ്ജുഷ വ്യക്തമാക്കി. അങ്ങനെ ആവശ്യപ്പെടാന്‍ മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നില്ല. സിബിഐ അന്വേഷണം എന്ന ഒറ്റ ആവശ്യം മാത്രമായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.
ഹര്‍ജിക്കാരിയുടെ താല്പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അങ്ങനെ ഒരു ആവശ്യം അഭിഭാഷകന്‍ വാദ മധ്യേ ഉന്നയിച്ചത്. സിബിഐയോ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെട്ടതായാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, തങ്ങള്‍ക്കു അങ്ങനെ ഒരു ആവശ്യം ഇല്ല എന്ന് ഹൈക്കോടതിയെ പറഞ്ഞു ബോധ്യപ്പെടുത്തണം എന്നു അഭിഭാഷകനോട് ഇന്നലെ തന്നെ നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അതു കോടതിയെ ബോധ്യപ്പെടുത്താം എന്നു അഭിഭാഷകന്റെ ഓഫീസില്‍ നിന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് ബന്ധപ്പെട്ടപ്പോള്‍ തനിക്കു താല്പര്യമില്ല എന്ന് അറിയിക്കുകയാണ് അഭിഭാഷകന്‍ ചെയ്തത്. അതിനാല്‍ ഈ അഭിഭാഷക ഓഫീസില്‍ നിന്നും വക്കാലത്തു ഒഴിഞ്ഞു വാങ്ങിയിരിക്കുകയാണെന്ന് മഞ്ജുഷ അറിയിച്ചു.
സിബിഐ അന്വേഷണം നിരാകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി അഭിഭാഷകന്‍ ക്രൈംബ്രാഞ്ച് അന്വേഷണ കാര്യം കൂടി ഹൈക്കോടതിയെ ബോധിപ്പിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തതുമില്ല. തുടര്‍ന്ന്, ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റുകയായിരുന്നു.
സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. പൊലീസ് പ്രത്യേക അന്വേഷണസംഘം നിലവില്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. അതിനാല്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരിക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു.
രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടത്തുന്നതെന്നാണു നവീന്റെ കുടുംബത്തിന്റെ ആരോപണം. 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബു മരിച്ചത്. നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയത്
അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുള്ളതായി ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാരിനായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വാദിച്ചു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ എതിര്‍ത്തില്ല. തുടര്‍ന്നാണ് അപ്പീല്‍ വിധിപറയാന്‍ മാറ്റിയത്.