പ്രവാചകന്റെ മകളുടെയും അടുത്ത ബന്ധുവിനെയും പിന്‍തലമുറക്കാരന്‍; പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബത്തിന്റെ അവകാശി; ഒന്നേകാല്‍ കോടി ഇസ്മായിലി ഷിയാ മുസ്‌ളീം സമൂഹത്തിന്റെ ആത്മീയ നേതാവ്; പാശ്ചാത്യ രാജ്യത്തെ ഹീറോ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച് ഫ്രാന്‍സില്‍ വളര്‍ന്ന് പോര്‍ട്ടുഗലില്‍ മരിച്ച ബ്രിട്ടീഷ് പൗരത്വമുള്ള അഗാ ഖാന്റെ കഥ
ലണ്ടന്‍: വ്യവസായിയും ഇസ്മായിലി ഷിയാ മുസ്ലിമുകളുടെ ആഗോള നേതാവുമായിരുന്നു കരീം അല്‍ ഹുസൈനി ആഗാ ഖാന്‍. പ്രവാചകന്റെ മകളുടെയും അടുത്ത ബന്ധുവിനെയും പിന്‍തലമുറക്കാരനായിരുന്നു ഈ വ്യവസായി. പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ സമ്പന്ന കുടുംബത്തിന്റെ അവകാശി. ഒന്നേകാല്‍ കോടി ഇസ്മായിലി ഷിയാ മുസ്‌ളീം സമൂഹത്തിന്റെ ആത്മീയ നേതാവായും ആഗോള തലത്തില്‍ നിറഞ്ഞു നിന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഹീറോ പരിവേഷമായിരുന്നു അഗാ ഘാന്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച് ഫ്രാന്‍സില്‍ വളര്‍ന്ന് പോര്‍ട്ടുഗലില്‍ മരിച്ച ബ്രിട്ടീഷ് പൗരത്വമുള്ള അഗാ ഖാന്‍ അത്യൂപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഇന്ത്യ 2014 ല്‍ പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയാണ് അഗാ ഖാന്‍.
ആത്മീയ നേതാവും മനുഷ്യസ്നേഹിയും ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളുമായിരുന്നു ആഗാ ഖാന്‍.
15 ദശലക്ഷത്തോളം അംഗങ്ങളുള്ള ഇസ്ലാമിലെ ഇസ്മായിലി ഷിയാ വിഭാഗത്തിന്റെ മതത്തലവനായിരുന്നു ഈ ബ്രിട്ടീഷ് പൗരന്‍. 1957-ല്‍ 20-ാം വയസ്സില്‍ മുത്തച്ഛനില്‍ നിന്ന് അദ്ദേഹം തന്റെ പദവി പാരമ്പര്യമായി സ്വീകരിച്ചു. സ്വന്തം മകനായ അലിഖാന്‍ രാജകുമാരന്‍ ജീവിച്ചിരിക്കെ തന്നെ പൗത്രനെ പിന്‍ഗാമിയാക്കുകയായിരുന്നു മുത്തച്ഛന്‍. ഷാ കരീം ജനീവയില്‍ 1936 ജനിച്ചു. സ്വിറ്റ്‌സര്‍ലണ്ടിലും ഹാര്‍വേര്‍ഡിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷാകരീം തന്റെ ആത്മീയ നേതൃത്വത്തിന്റെ തുടക്കം മുതല്‍ തന്നെ ഇസ്മായിലികളുടെ പ്രശ്‌നങ്ങളില്‍ സജീവമായ ശ്രദ്ധചെലുത്തി.
ആറു ബില്യന്‍ പൗണ്ട് ആസ്തിയുള്ള ആളാണ് ആഗാ ഖാന്‍. റേസ്ഹോഴ്സ് ഉടമയായ ഇദ്ദേഹത്തിന് അറുന്നൂറോളം പന്തയക്കുതിരകള്‍ സ്വന്തമായുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ സ്വന്തമായി വീടുകളുമുണ്ട്. ജര്‍മന്‍ പോപ് ഗായികയായിരുന്നു ആഗാ ഖാന്റെ ആദ്യ ഭാര്യ. 500 മില്യന്‍ പൗണ്ട് നല്‍കി ഇവരില്‍ നിന്നു വിവാഹമോചനം നേടി. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിവോഴ്സായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രതിസന്ധികള്‍ നിറഞ്ഞ സ്വകാര്യ ജീവിതത്തിനിടയിലും, ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ആഗാ ഖാന്‍. പോര്‍ച്ചുഗലിലെ ലിസ്ബണിലായിരുന്നു മരണം. പിന്‍ഗാമിയെക്കുറിച്ചുള്ള പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ആഗാ ഖാന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.
രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തതാണ് ആഗാ ഖാന്റെ കുടുംബം. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്നിട്ടും ജീവിതത്തിന്റെ ഭൂരിഭാഗവും ഫ്രാന്‍സില്‍ ചെലവഴിക്കുകയായിരുന്നു ആഗാ ഖാന്‍. പ്രവാചകന്റെ മകള്‍ ഹസ്രത്ത് ബീബി ഫാത്തിമയിലൂടെയും പ്രവാചകന്റെ ബന്ധുവും മരുമകനുമായ ഹസ്രത്ത് അലിയിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിന്‍ഗാമിയാണെന്ന് ആഗാ ഖാന്റെ കുടുംബമെന്നാണ് വിശ്വാസം. ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് ഉടമായയിരുന്നു ആഗാ ഖാന്‍.
ഇസ്മാഈലി ഇമാമത്തിനും ആഗാ ഖാന്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്കിനും ഇന്ത്യയുമായി ദീര്‍ഘവും ചരിത്രപരവുമായ ബന്ധമുണ്ട്, 100 വര്‍ഷം പഴക്കമുള്ള ഗുജറാത്തിലെ മുന്ദ്രയില്‍ ആഗാ ഖാന്റെ മുത്തച്ഛന്‍ സര്‍ സുല്‍ത്താന്‍ മഹമ്മദ് ഷാ സ്ഥാപിച്ച ആദ്യത്തെ ആഗാ ഖാന്‍ സ്‌കൂള്‍ ഏറെ പ്രശസ്തമാണ്. സാംസ്‌കാരിക പുനരുജ്ജീവനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടിവെള്ളം, ശുചിത്വം, ഗ്രാമവികസനം, ദരിദ്ര സമൂഹങ്ങള്‍ക്കുള്ള ധനലഭ്യത എന്നിവയുള്‍പ്പെടെ രാജ്യത്തെ വികസന മുന്‍ഗണനകളുടെ വിശാലമായ മേഖലകളില്‍ ആഗാ ഖാന്റെ സ്ഥാപനങ്ങള്‍ ഇടപെട്ടു. വമ്പന്‍ ആശുപത്രികളും കൊട്ടാരങ്ങളും ഇവരുടേതായുണ്ട്. ഈ സേവനങ്ങള്‍ മാനിച്ചാണ് രാജ്യം പത്മ പുരസ്‌കാരം നല്‍കിയത്.
ഇന്ത്യയിലേക്ക് പലപ്പോഴും ആഗാ ഖാന്‍ വന്നിരുന്നു. കരിം ആഗാ ഖാന്‍ രാജകുമാരന്‍ 2018ല്‍ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്മയിലി സമൂഹത്തിന് അദ്ദേഹം നല്‍കി വരുന്ന നേതൃത്വത്തിന്റെ വജ്ര ജൂബിലിയില്‍ രാഷ്ട്രപതി അദ്ദേഹത്തെ അഭിനന്ദിച്ചു. മനുഷ്യരാശിക്കു വേണ്ടി നന്മ ചെയ്യുന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണു രാജകുമാരന്‍ എന്നും രാഷ്ട്രപതി പറയുകയും ചെയ്തു. വികസന സംരംഭങ്ങളില്‍ ഇന്ത്യയ്ക്കും ഇതര രാജ്യങ്ങള്‍ക്കും കരിം അഗാ ഖാന്‍ രാജകുമാരന്‍ നല്‍കുന്ന സഹായങ്ങളെ ആദരിക്കുന്നതായും റാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു.
സ്വച്ഛ് ഭാരത്, സ്‌കില്‍ ഇന്ത്യ, പൈതൃക സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഗ്രാമീണ മേഖലയിലെ വരുമാനം ഉറപ്പുവരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതികളും അഗാ ഖാന്‍ ഡെവലപ്മെന്റ് നെറ്റ്വര്‍ക്കിന്റെ പദ്ധതികളും പരസ്പര പൂരകങ്ങളാണെന്നും ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു.