വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ പരിഹരിച്ചത് അഹമ്മദബാദില്‍ നിന്നും വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്; ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ മുഴുവന്‍ സംവിധാനത്തെയും ബാധിക്കും; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാറുണ്ടായെന്ന് റിപ്പോര്‍ട്ട്; യന്ത്ര ഭാഗങ്ങള്‍ കത്തിയത് വൈദ്യതി തകരാര്‍ മൂലമുള്ള തീപിടുത്തത്തില്‍? ടെക്‌നിക്കല്‍ ലോഗ് ബുക്കിലെ രേഖപ്പെടുത്തല്‍ നിര്‍ണായകം
അഹമ്മദാബാദ് ദുരന്തം; വിമാനത്തിലെ വൈദ്യുത സംവിധാനങ്ങള്‍ക്ക് തകരാറുണ്ടായിരുന്നോയെന്ന് സംശയം
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാര്‍ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിന്‍ഭാഗത്തെ ചില യന്ത്രഭാഗങ്ങള്‍ കത്തിയത് വൈദ്യുതി തകരാര്‍ മൂലമുള്ള തീപിടുത്തത്തിലാണെന്ന സംശയമാണ് ഉയരുന്നത്. അപകടത്തില്‍ കത്തിയമര്‍ന്ന വിമാനത്തിന്റെ യന്ത്ര ഭാഗങ്ങളില്‍ ചിലത് മാത്രമാണ് കണ്ടെത്താനായത്. ബ്ലാക്ക് ബോക്‌സ് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലായിരുന്നു. വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പരിഹരിച്ചത്. ട്രാന്‍സ് ഡ്യൂസറില്‍ തകരാര്‍ സംഭവിച്ചാല്‍ അത് മുഴുവന്‍ സംവിധാനത്തെയും ബാധിക്കും.
ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് നിന്ന പിന്‍ഭാഗത്തെ ചില യന്ത്ര ഭാഗങ്ങളില്‍ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. പിന്നില്‍ നിന്ന് കണ്ടെടുത്ത എയര്‍ഹോസ്റ്റസിന്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറില്‍ അറ്റകുറ്റപണികള്‍ നടത്തിയതിനും തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ വിമാനത്തിലെ മുഴുവന്‍ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഈ പ്രശ്‌നം പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയര്‍ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്‌നിക്കല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ വാല്‍ഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടേക്ക് ഓഫിനായി നീങ്ങുമ്പോള്‍ വിമാനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാര്‍ മൂലമാണോ വാല്‍ഭാഗത്ത് തീപ്പിടിത്തമുണ്ടായത്, അതോ അപകടത്തിന് ശേഷമുണ്ടായ തീപിടിത്തം മാത്രമായിരുന്നോ ഇത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. വിമാനം പറന്നുയരുന്നതിന് മുമ്പ് വൈദ്യുത തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഫ്‌ലൈറ്റ് സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും, അതിന്റെ ഫലമായി ഇന്ധന വിതരണം നിര്‍ത്താന്‍ വിമാനത്തിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് (ECU) തെറ്റായ സന്ദേശം നല്‍കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.
മാത്രമല്ല വിമാനത്തിന്റെ വാല്‍ഭാഗത്ത് എന്തൊ സാങ്കേതിക പ്രശ്നമുണ്ടെന്ന് പൈലറ്റ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം ടെക്നിക്കല്‍ ലോഗ് ബുക്കില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ച് ക്ലിയറന്‍സ് കൊടുത്തതിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. ഇന്ധന വിതരണം 'കട്ട്-ഓഫില്‍' നിന്ന് 'റണ്ണിലേക്ക്' തിരികെ മാറിയതിന് ശേഷം ഓക്‌സിലറി പവര്‍ യൂണിറ്റും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. അഹമ്മദാബാദിലെ ചൂടുള്ള കാലാവസ്ഥയില്‍ ടേക്ക് ഓഫിന് കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഇത് ഓണ്‍ ചെയ്തിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനം ഇടിച്ചുകയറിയ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തിയ, വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ (EAFR) അഥവാ ബ്ലാക്ക് ബോക്‌സ് കത്തിയമര്‍ന്നിരുന്നു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ 'റണ്‍' സ്ഥാനത്തുനിന്ന് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് മാറിയപ്പോള്‍ രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം ഏതാണ്ട് ഒരേസമയം നിലച്ചു എന്ന് വ്യക്തമാണ്. ബ്ലാക്ക് ബോക്‌സിന് ഗുരുതര കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഡാറ്റ സാധാരണ മാര്‍ഗ്ഗങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നത്. പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്‍ജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അപകടത്തില്‍ മരിച്ചത് ദുരന്തത്തിന്റെ ആഘാതം കൂട്ടി.