ലണ്ടനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്നത് മരണമുനമ്പിലൂടെയോ? സ്വിച്ച് തകരാര്‍ കണ്ടിട്ടും പൈലറ്റ് വിമാനം പറത്തിയത് എന്തിന്? എയര്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി വിമാനത്തിലെ ആ കില്ലര്‍ സ്വിച്ച്; പൈലറ്റുമാരെ രക്ഷിക്കാന്‍ ആസൂത്രിത നാടകമോ അതോ ബോയിങ്ങിന്റെ സാങ്കേതിക തകരാറോ? ജേക്കബ് കെ ഫിലിപ്പിന്റെ വിലയിരുത്തല്‍

ജേക്കബ് കെ ഫിലിപ്പിന്റെ വിലയിരുത്തല്‍

Update: 2026-02-03 12:17 GMT

കൊച്ചി: നൂറുകണക്കിന് യാത്രക്കാരുമായി പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന ഒരു വിമാനത്തിന്റെ എന്‍ജിന്‍ നിയന്ത്രിക്കുന്ന സ്വിച്ചുകള്‍, ആരും തൊടാതെ തന്നെ തനിയെ 'ഓഫ്' ആകുന്നത് സങ്കല്‍പ്പിച്ചു നോക്കൂ! കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നാമെങ്കിലും, ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനറില്‍ സംഭവിച്ചത് ഇതാണ്. 241 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടത്തിന്റെ കരിനിഴല്‍ വിട്ടുമാറും മുന്‍പേ പുറത്തുവരുന്ന ഈ വാര്‍ത്ത, നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് വ്യോമയാന നിരീക്ഷകനായ ജേക്കബ്.കെ.ഫിലിപ്പ്.

ഹീത്രോയിലെ ആ ഓഫാകല്‍ എങ്ങനെ?

ജൂലൈ ഒന്നിന് രാത്രി ലണ്ടനില്‍ നിന്ന് ബെംഗളൂരുവിലേക്ക് തിരിക്കാന്‍ റണ്‍വേയിലേക്ക് നീങ്ങിയ VT-ANX എന്ന വിമാനത്തിലാണ് അസാധാരണമായ ആ സംഭവം നടന്നത്. ടേക്കോഫിന് തൊട്ടുമുമ്പ് എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാനായി ഇന്ധന സ്വിച്ചുകള്‍ ടഓണ്‍' ചെയ്ത പൈലറ്റ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഇടത്തെ എന്‍ജിനിലെ സ്വിച്ച് ആരും തൊടാതെ തന്നെ തനിയെ 'ഓഫ്' പൊസിഷനിലേക്ക് നിരങ്ങിയിറങ്ങുന്നു. രണ്ടു തവണ ഇത് ആവര്‍ത്തിച്ചു. മൂന്നാം തവണ അമര്‍ത്തി വെച്ചപ്പോഴാണ് സ്വിച്ച് ഉറച്ചുനിന്നത്. ഈ സാങ്കേതിക തകരാര്‍ കണ്ടിട്ടും പൈലറ്റ് വിമാനം പറത്താന്‍ തീരുമാനിച്ചു. 8,000 കിലോമീറ്റര്‍ താണ്ടി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷമാണ് ഈ വിവരം പുറംലോകമറിയുന്നത്.

അഹമ്മദാബാദ് അപകടവും പുതിയ 'പ്രതിരോധവും'

കഴിഞ്ഞ വര്‍ഷം ജൂലൈ 12-ന് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീഴാന്‍ കാരണം പൈലറ്റുമാര്‍ അബദ്ധത്തില്‍ ഇന്ധന സ്വിച്ച് ഓഫ് ചെയ്തതാണെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. എന്നാല്‍, പുതിയ സംഭവത്തോടെ പൈലറ്റുമാരുടെ സംഘടനയായ 'സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍' പുതിയൊരു വാദം ഉയര്‍ത്തുന്നു:

'പൈലറ്റുമാര്‍ ഓഫ് ചെയ്യുന്നതല്ല, മറിച്ച് ഈ വിമാനങ്ങളിലെ സ്വിച്ചുകള്‍ തനിയെ ഓഫാകാന്‍ സാധ്യതയുണ്ട്.' പൈലറ്റുമാരുടെ പിഴവല്ല, മറിച്ച് ബോയിങ് വിമാനങ്ങളുടെ ഡിസൈനിലെ പോരായ്മയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ജേക്കബ് കെ. ഫിലിപ്പ് ഉയര്‍ത്തുന്ന നിര്‍ണ്ണായക ചോദ്യങ്ങള്‍

വ്യോമയാന നിരീക്ഷകനായജേക്കബ് കെ. ഫിലിപ്പ് ഈ സംഭവത്തിലെ മൂന്ന് പ്രധാന പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ തകരാര്‍ മൂലം 241 പേര്‍ മരിച്ച അപകടം നടന്ന് മാസങ്ങള്‍ക്കകം, സ്വിച്ച് രണ്ടു തവണ തനിയെ ഓഫായിട്ടും ആ പൈലറ്റ് എന്തിന് വിമാനം പറത്തി? ആ യാത്രക്കാരുടെ ജീവന് ആര് ഗ്യാരണ്ടി നല്‍കി? സ്വിച്ച് തനിയെ ഓഫായപ്പോള്‍ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചിരുന്നോ? അങ്ങനെയെങ്കില്‍ റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം അത് എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കാതെ ടേക്കോഫ് ചെയ്തത് ഗുരുതരമായ ചട്ടലംഘനമല്ലേ?

സ്വിച്ചിന് മുകളില്‍ അമര്‍ത്തി നോക്കിയപ്പോഴാണ് അത് നീങ്ങിയതെന്ന് പൈലറ്റ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൈലറ്റുമാരുടെ സംഘടന പുറത്തുവിട്ട പത്രക്കുറിപ്പില്‍ ഈ 'അമര്‍ത്തല്‍' എന്ന ഭാഗം എന്തുകൊണ്ട് ഒഴിവാക്കി?

അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമോ?

അഹമ്മദാബാദ് അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) നടത്തുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണ്. സുപ്രീം കോടതിയില്‍ കേസുകള്‍ നടക്കുമ്പോള്‍ ഇത്തരമൊരു വാര്‍ത്ത പൈലറ്റുമാരുടെ സംഘടന വഴി പുറത്തുവരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


ജേക്കബ്.കെ.ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് ബെംഗളുരുവിലേക്കു പോകാന്‍ ഒന്നാം തീയതി വൈകിട്ട് 9.40 ന് ടേക്കോഫു ചെയ്യും മുമ്പ്, എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ (വിടി-എഎന്‍എക്സ്) ഇടത്തേ ഇന്ധന നിയന്ത്രണ സ്വിച്ച് ഓണ്‍ പൊസിഷനില്‍ ഇരിപ്പുറയ്ക്കാതെ, ഓഫിലേക്ക് നീങ്ങിയെന്ന വാര്‍ത്തയെപ്പറ്റിയാണ്. ജൂലൈ 12 ന്റെ അഹമ്മദാബാദ് അപകടത്തില്‍ ഇതേ ഇനം വിമാനത്തിന്റെ എന്‍ജിനുകള്‍ പറന്നുയര്‍ന്നയുടന്‍ നിലച്ചതിനു കാരണം, ഇന്ധന സ്വിച്ചുകള്‍ ഇങ്ങിനെ സ്വയം ഓഫ് പൊസിഷനിലേക്ക് നീങ്ങിയതാവില്ലേ എന്ന ചോദ്യം തന്നെയാണ്, ഈ വാര്‍ത്ത ഇത്രയേറെ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

പൈലറ്റ് നേരിട്ട് ഓഫു ചെയ്യാതെ സ്വിച്ചുകള്‍ സ്ഥാനം മാറില്ല എന്ന ധാരണ തെറ്റാണ് എന്നതിന്റെ തെളിവുമായി, മിക്കവര്‍ക്കും ഈ വാര്‍ത്ത. ക്യാപ്റ്റന്‍ അമിത് സിംഗ് എന്ന അനുഭവ സമ്പന്നനായ പൈലറ്റ് സ്ഥാപിച്ച 'സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍' എന്ന സംഘടനയുടെ പ്രസ് റിലീസായി മാധ്യമങ്ങളില്‍ ഇന്നലെ വൈകുന്നേരം എത്തിയ ഈ സംഭവത്തിന്റെ ചുരുക്കം ഇതായിരുന്നു-ലണ്ടനില്‍ നിന്ന് ബംഗളുരുവിലേക്കു പുറപ്പെടാന്‍ ഹീത്രോ വിമാനത്താവള റണ്‍വേയിലേക്ക് നീങ്ങാന്‍ വിടി-എഎന്‍എക്സ് എന്ന ഒന്‍പതുകൊല്ലം പഴക്കമുള്ള ഡ്രീംലൈനര്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടേയും ഇന്ധന സ്വിച്ചുകള്‍ ഓഫ് പൊസിഷനില്‍ നിന്ന് ഓണ്‍ പൊസിഷനിലേക്ക് മാറ്റിയ ശേഷം, ഇടത്തേ സ്വിച്ച് ഓഫ് പൊസിഷനിലേക്ക് തെന്നിയിറങ്ങുന്നതായി കണ്ട പൈലറ്റ്, സ്വിച്ച്, ഓണ്‍ പൊസിഷനിലേക്കു തന്നെ വീണ്ടും ഉയര്‍ത്തി നിരക്കി വച്ചെങ്കിലും അത് അവിടെ ഇരിക്കാതെ പിന്നെയും താഴേക്കു പോന്നു. മൂന്നാമതും ഓണ്‍ സ്ഥാനത്തേക്കു തന്നെ നീക്കി വച്ച സ്വിച്ച്, പിന്നെ അനങ്ങിയില്ല. വിമാനം, 35 മിനിറ്റു വൈകി, വൈകിട്ട് 9.40ന് ടേക്കോഫു ചെയ്യുകയും, തുടര്‍ന്ന് പ്രശനങ്ങളൊന്നുമില്ലാതെ, പിറ്റേന്നു (തിങ്കളാഴ്ച) രാവിലെ 11.47 ന് ബെംഗളുരുവില്‍ സുരക്ഷിതമായി ലാന്‍ഡു ചെയ്യുകയും ചെയ്തു.

ലാന്‍ഡിങ്ങിനു ശേഷം, പൈലറ്റ് ഇക്കാര്യം ഔദ്യോഗിക ഫോം പൂരിപ്പിച്ച്, എയര്‍ ഇന്ത്യാ അധികൃതരെ അറിയിച്ചു, എയര്‍ ഇന്ത്യ അത് ഡിജിസിഎയെ അറിയിച്ചു, വിമാനം അന്വേഷണത്തിനും തുടര്‍ പരിശോധനയ്ക്കുമായി അവിടെത്തന്നെ പിടിച്ചിട്ടു. ഏതാനും മണിക്കൂറുകള്‍ക്കകം, പൈലറ്റ് എയര്‍ ഇന്ത്യാ മാനേജ്മെന്റിനു പൂരിപ്പിച്ചു നല്‍കിയ, ഫോമിന്റെ (ടെക്-ലോഗ്) ഫൊട്ടോ കോപ്പി സഹിതം, വിവരം 'സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്റെ' പത്രക്കുറിപ്പായി മാധ്യമങ്ങള്‍ക്കെല്ലാം കിട്ടുകയും ചെയ്തു.

ഇന്ധന സ്വിച്ചുകള്‍ സ്വയം ഓണില്‍ നിന്ന് ഓഫ് പൊസിഷനിലേക്കു മാറുന്നത് സംഭവ്യമാണെങ്കില്‍, അഹമ്മദാബാദ് അപകടത്തില്‍ എന്‍ജിനുകള്‍ ഓഫായതിന് യുക്തിസഹമായ ഒരു വിശദീകരണം കൂടി (പൈലറ്റുമാര്‍ ഓഫാക്കി എന്നതിനു പുറമേ) കിട്ടി എന്നതാണ്, വാര്‍ത്തയുടെ നല്ല വശം.

എന്നാല്‍, ഈ സംഭവം മൊത്തം സംശയത്തിന്റെ പുകമറയിലാക്കുന്ന മൂന്നു കാര്യങ്ങള്‍, അപ്പോഴും കാണാതിരിക്കാനാവില്ല.

1. ഏഴുമാസം മുമ്പ്, ഇതേ എയര്‍ലൈനിന്റെ ഇതേ ഇനം വിമാനം ടേക്കോഫുകഴിഞ്ഞയുടന്‍ എന്‍ജിനുകള്‍ നിലച്ച് വീണു തകര്‍ന്ന് 241 പേര്‍ മരിച്ച അപകടത്തില്‍ ഇന്ധന സ്വിച്ചുകള്‍ എങ്ങിനെ ഓഫായി എന്ന അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, സുബോധമുള്ള ഏതെങ്കിലും പൈലറ്റ്, രണ്ടു തവണ സ്വയം ഓഫായ എന്‍ജിനും വച്ച്, 8053 കിലോമീറ്റര്‍ വിമാനം പറത്താന്‍ തയ്യാറാകുമോ?

2. ഈ സംഭവത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്ത ഒരു കാര്യമാണ് അടുത്തത്-

ഇന്ധന സ്വിച്ച്, ഓണാക്കിയ ശേഷം ഓഫ് സ്ഥാനത്തേക്ക് നിരങ്ങിയിറങ്ങിയപ്പോള്‍, എന്‍ജിന്‍ ഓഫായിരുന്നോ? എങ്കില്‍, രണ്ടു തവണ ഓഫാവുകയും രണ്ടു തവണയും റീസ്റ്റാര്‍ട്ടു ചെയ്യുകയും ചെയ്ത ശേഷം മൂന്നാം തവണ പിന്നെയും റീസ്റ്റാര്‍ട്ട് ചെയ്ത വിമാനവുമായി, ആരോടും ഒന്നും പറയാതെ പൈലറ്റ് പറന്നു പൊങ്ങി എന്നു വിശ്വസിക്കേണ്ടി വരും.

3. ഇക്കാര്യം, എയര്‍ലൈനിനും ഡിജിസിഎയ്ക്കും മുന്നേ മാധ്യമങ്ങളെ, പൈലറ്റ് പൂരിപ്പിച്ച ടെക്-ലോഗിന്റെ കോപ്പി സഹിതം അറിയിച്ച സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍ പത്രക്കുറിപ്പില്‍ പറയാതിരുന്ന ഒരു കാര്യമാണ് അടുത്തത്-

എന്‍ജിന്‍ ഓണാക്കിയ ശേഷം, സ്വിച്ചിന്റെ പുറത്ത് അമര്‍ത്തി നോക്കിയപ്പോഴാണ്, ഇടത്തേ സ്വിച്ച് ഓഫ് പൊസിഷനിലേക്ക് നീങ്ങിയതെന്ന്, പൈലറ്റ്, എയര്‍ ഇന്ത്യയ്ക്കു നല്‍കിയ ഈ ടെക്-ലോഗില്‍ തന്നെയുള്ളത്, പ്രസ് റീലീസില്‍ ഒഴിവാക്കിയതെന്താണ്? അങ്ങിനെ സ്വിച്ചില്‍ അമര്‍ത്തി നോക്കുക എന്നത് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ എന്ന എസ്ഒപിയില്‍ ഉള്ളതാണോ?

ജൂലൈയില്‍ അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്ന ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ സുപ്രീം കോടതി കേസും സോഷ്യല്‍ മീഡിയ പ്രചാരണവുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്, ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നത്, മേല്‍പ്പറഞ്ഞ സംശയങ്ങള്‍ കഴമ്പില്ലാത്തതല്ല എന്ന തോന്നലുണ്ടാക്കുന്നതു തന്നെയാണ്.


Full View

ബോയിങ് 787 സ്വിച്ച് മെക്കാനിസം എന്താണ്?

ബോയിങ് 787 ഡ്രീംലൈനറുകളിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ (Fuel Control Switches) ഡിസൈന്‍ ചെയ്തിരിക്കുന്നത് യാദൃശ്ചികമായി തട്ടി സ്വിച്ച് ഓഫാകാതിരിക്കാനാണ്. സ്വിച്ച് പുറത്തേക്ക് വലിച്ച ശേഷം മാത്രമേ മറ്റൊരു പൊസിഷനിലേക്ക് നീക്കാന്‍ സാധിക്കൂ (Pull-to-unlock mechanism). ലണ്ടന്‍ സംഭവത്തില്‍ പൈലറ്റ് അവകാശപ്പെട്ടതുപോലെ സ്വിച്ച് തനിയെ 'ഓണ്‍' പൊസിഷനില്‍ നിന്ന് 'ഓഫ്' ലേക്ക് തെന്നി മാറണമെങ്കില്‍, ഈ ലോക്കിംഗ് മെക്കാനിസത്തില്‍ കാര്യമായ തേയ്മാനം (Wear and tear) സംഭവിച്ചിരിക്കണം എന്നാണ് ബോയിങ് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബോയിംഗിന്റെ ഔദ്യോഗിക നിലപാട്

ലണ്ടന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചതായും ഇത് പരിശോധിച്ചു വരികയാണെന്നും ബോയിങ് അറിയിച്ചു. എന്നാല്‍ പൊതുവേ ഇത്തരം പരാതികളില്‍ ബോയിങ് നല്‍കുന്ന വിശദീകരണങ്ങള്‍ ഇങ്ങനെയാണ്: ഒന്‍പത് വര്‍ഷത്തിലധികം പഴക്കമുള്ള വിമാനമായതിനാല്‍ സ്വിച്ച് കൃത്യമായി ലോക്ക് ആകാത്ത സാഹചര്യം ഉണ്ടായേക്കാം. ഇത് പതിവ് അറ്റകുറ്റപ്പണികളിലൂടെ (Maintenance) പരിഹരിക്കേണ്ടതാണ്. മിക്കവാറും ഇത്തരം കേസുകളില്‍ സ്വിച്ച് പകുതി മാത്രം ഓണാക്കി വെക്കുന്നതോ അല്ലെങ്കില്‍ അബദ്ധത്തില്‍ തട്ടുന്നതോ കാരണമാകാം സ്വിച്ച് തിരികെ വരുന്നത്.

'സ്വിച്ച് സെന്‍സറിംഗ്' വിവാദം

അഹമ്മദാബാദ് അപകടത്തിന് പിന്നാലെ, ബോയിങ് 787 വിമാനങ്ങളിലെ സ്വിച്ചുകളില്‍ ദ്രാവകങ്ങള്‍ വീഴുന്നത് (Liquid Spillage) തകരാറുകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാപ്പിയോ വെള്ളമോ സ്വിച്ചിന് മുകളില്‍ വീണാല്‍ അത് ഇലക്ട്രോണിക് സംവിധാനത്തെ ബാധിക്കുകയും സ്വിച്ച് തെറ്റായ സിഗ്‌നലുകള്‍ നല്‍കുകയും ചെയ്‌തേക്കാം. ഇതിനെതിരെ ബോയിങ് നേരത്തെ ഒരു സര്‍വീസ് ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു.

എഫ്.എ.എ (FAA) നല്‍കിയ നിര്‍ദ്ദേശം

അമേരിക്കന്‍ വ്യോമയാന ഏജന്‍സിയായ എഫ്.എ.എ, ഡ്രീംലൈനറുകളിലെ ഈ സ്വിച്ചുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വിച്ചുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അയവ് (Loose play) ഉണ്ടെങ്കില്‍ അവ ഉടനടി മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്.

ജേക്കബ് കെ. ഫിലിപ്പ് സൂചിപ്പിച്ച 'അമര്‍ത്തല്‍' ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ?

പൈലറ്റ് സ്വിച്ചിന് മുകളില്‍ അമര്‍ത്തി നോക്കിയപ്പോള്‍ അത് തെന്നിമാറി എന്ന ടെക്-ലോഗിലെ വിവരമാണ് നിര്‍ണ്ണായകം. സ്വിച്ച് പുറത്തേക്ക് വലിക്കാതെ തന്നെ അമര്‍ത്തുമ്പോള്‍ സ്ഥാനം മാറുന്നുണ്ടെങ്കില്‍ അത് വിമാനത്തിന്റെ മെക്കാനിക്കല്‍ തകരാറാണെന്ന് ബോയിംഗിന് സമ്മതിക്കേണ്ടി വരും. ഇത് അഹമ്മദാബാദ് അപകടത്തില്‍ പൈലറ്റുമാരുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിച്ചേക്കാം.

Tags:    

Similar News