ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നോ? നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈന്യം; നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയെന്നും മറുപടി; കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്‍
കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്‍
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നല്‍കി പാക്കിസ്ഥാനിലെയും അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥര്‍ ഇന്ന് പുറത്തുവിട്ടത്. ഓപ്പറേഷന്റെ പ്രവര്‍ത്തനവും പ്രവര്‍ത്തനഫലവും ലക്ഷ്യപ്രാപ്തിയുമെല്ലാം അതില്‍ വിശദീകരിച്ചു. എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി, ഡിജിഎംഒ ലഫ്. ജന. രാജീവ് ഗായ്, മേജര്‍ ജനറല്‍ എസ്എസ് ശാര്‍ദ, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ടാണ് ഞായറാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നുവീണുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇതിനിടെ ചോദ്യമായി ഉയര്‍ന്നിരുന്നു.
വാര്‍ത്താസമ്മേളനത്തിലും പരാമര്‍ശമുണ്ടായി. എന്നാല്‍ റഫാല്‍ വിമാനത്തെക്കുറിച്ച് പ്രതികരിക്കാെ നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമാണെന്നായിരുന്നു സൈന്യത്തിന്റെ മറുപടി. നമ്മള്‍ ലക്ഷ്യം കൈവരിച്ചെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈനികോദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയിട്ടുണ്ടെന്ന സേനാ ഉദ്യോഗസ്ഥന്റെ മറുപടി ശ്രദ്ധേയമായി. ഇതിലൂടെ ചേര്‍ത്തുവായിക്കുന്നത് പാക്കിസ്ഥാന്‍ അവകാശപ്പെട്ടതുപോലെ ഇന്ത്യയുടെ റഫാല്‍ പാക്ക് മണ്ണില്‍ തകര്‍ന്നുവീണിട്ടില്ലെന്നാണ്.
'നമ്മളൊരു യുദ്ധസാഹചര്യത്തിലാണെന്നതിനാല്‍ നഷ്ടങ്ങളും അതിന്റെ ഭാഗമാണ്. നാം നമ്മുടെ ലക്ഷ്യം കൈവരിച്ചോ എന്നതാണ് ചോദ്യം. അഭിമാനത്തോടെ പറയാം അതെ എന്ന്. നമ്മളിപ്പോഴും പോരാട്ടത്തിലാണെന്നതിനാലും എതിരാളികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നതിനാലും, ഈയവസരത്തില്‍ അതേക്കുറിച്ച് ഒരഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയിട്ടുണ്ട്' - സേനാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം പാക്കിസ്ഥാന്റെ ചില വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തതായി എയര്‍ മാര്‍ഷല്‍ എകെ ഭാരതി പറഞ്ഞു. പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്നും അതിനാല്‍ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ വ്യോമപരിധിയിലേക്ക് ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്താന് ഇന്ത്യന്‍ വ്യോമസേന മറുപടി നല്‍കിയത് പാക് വ്യോമതാവളങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു. മേയ് എട്ട്-ഒന്‍പത് ദിവസങ്ങളില്‍ രാത്രി പത്തരയോടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഡ്രോണുകളും യുഎവികളും (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) ധാരാളമായി എത്തി. ജമ്മുകശ്മീരിലെ ശ്രീനഗര്‍ മുതല്‍ നലിയ (ഗുജറാത്ത്) വരെ. നമ്മള്‍ സജ്ജരായിരുന്നു, നിലത്തോ ശത്രു ലക്ഷ്യംവെച്ചയിടങ്ങളിലോ യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതായിരുന്നു വ്യോമപ്രതിരോധ തയ്യാറെടുപ്പുകള്‍, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി പറഞ്ഞു.
മേയ് ഒന്‍പതാം തീയതി ഇന്ത്യയിലെ പല വ്യോമതാവളങ്ങളെയും ലക്ഷ്യംവെച്ച് പാകിസ്താന്‍ ആക്രമണത്തിന് ശ്രമിച്ചു. തുടരെത്തുടരെ ആയിരുന്നു അവയുടെ വരവ്. അവയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ത്യയുടെ എഡി തോക്കുകളും മറ്റ് സംവിധാനങ്ങളും. പാകിസ്താനില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങളെ തടയാന്‍ പെചോര, എസ്എഎംഎആര്‍ എന്നിവയും ഉപയോഗപ്പെടുത്തി. പാകിസ്താനില്‍നിന്നുള്ള ഇത്തരം ആക്രമണങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടാക്കാനായില്ല, എയര്‍ മാര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്റെ വ്യോമതാവളങ്ങളെയും കമാന്‍ഡ് സെന്ററുകളെയും ലക്ഷ്യംവെച്ച് ഇന്ത്യ ആക്രമണം നടത്തിയെന്നും എയര്‍ മാര്‍ഷല്‍ പറഞ്ഞു. ഇസ്ലാമാബാദിലെ ചക്ലാല, റഹീം യാര്‍ ഖാന്‍, റഫീക്കി, സര്‍ഗോധ, ഭോലാരി, ജാക്കോബാബാദ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. മുരിദിലെ ഒരു യുഎവി കോംപ്ലക്സിലും ചുനിയനിലെ റഡാറിനു നേര്‍ക്കും ആക്രമണം നടത്തി. എല്ലാ സംവിധാനങ്ങളെയും ലക്ഷ്യംവെക്കാനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. നിയന്ത്രിതമായ നടപടിയായിരുന്നു അത്. സിവിലിയന്‍ മേഖലകളെ ഒഴിവാക്കി സൈനിക കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ആക്രമണം, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമാബാദിലെ ചക്ലാല വ്യോമതാവളം, സര്‍ഗോധ വ്യോമതാവളം എന്നിവയും ഇന്ത്യ ആക്രമിച്ചു. പാകിസ്താന്റെ ഏറ്റവും പ്രധാനപ്പെട്ട എഫ്- 16 ന്റെ വ്യോമതാവളങ്ങളിലൊന്നാണ് സര്‍ഗോധ. എഫ് - 16 സ്റ്റേഷനുകള്‍, പരിശീലന സ്ഥാപനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവയും ഇന്ത്യ ലക്ഷ്യംവെച്ചു.
ഇന്ത്യന്‍ വ്യോമാക്രമണത്തിന് മുന്‍പും ശേഷവുമുള്ള പസ്രുര്‍ വ്യോമപ്രതിരോധ റഡാര്‍, ചുനിയന്‍ വ്യോമ പ്രതിരോധ റഡാര്‍, ആരിഫ് വാല വ്യോമപ്രതിരോധ റഡാര്‍, സര്‍ഗോധ, റഹീം യാര്‍ ഖാന്‍, ചക്ലാല, സുക്കൂര്‍, ഭോലാരി, ജാക്കോബാബാദ് എന്നിവിടങ്ങളിലെ എയര്‍ഫീല്‍ഡിന്റെ ചിത്രവും വാര്‍ത്താസമ്മേളനത്തിനിടെ എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി കാണിച്ചു.
കറാച്ചി ലക്ഷ്യമിട്ട് നാവികസേന
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി കടല്‍മാര്‍ഗവും പ്രത്യാക്രമണത്തിനായി തയ്യാറെടുപ്പ് നടത്തിയതിനെക്കുറിച്ച് വിവരിച്ച് സൈന്യം. അറബിക്കടലില്‍ നാവികസേനയുടെ വിന്യാസം ശക്തിപ്പെടുത്തിയെന്നും എല്ലാംകൊണ്ടും തങ്ങള്‍ സജ്ജമായിരുന്നെന്നും നാവികസേന വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ഈ തയ്യാറെടുപ്പ് മൂലം പാക് നാവികസേന അവരുടെ തുറമുഖത്തിന് സമീപത്തുതന്നെ തുടരാന്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലുനാള്‍ നീണ്ട ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതാദ്യമായി സൈന്യം തങ്ങളുടെ മുന്നൊരുക്കത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയത്.
'സാധാരണക്കാരായ വിനോദയാത്രികര്‍ക്കുനേരെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ നാവികസേന പൂര്‍ണസജ്ജമായിരുന്നു. നാവികസേന, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ തുടങ്ങിയവയെല്ലാം യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളോടെ സമുദ്രമേഖലയില്‍ വിന്യസിച്ചു. ഭീകരാക്രമണം നടന്ന് 96 മണിക്കൂറുകള്‍ക്കുള്ളില്‍ അറബിക്കടലില്‍ ഒന്നിലധികംതവണ പരിശീലനം നടത്തി. നടപടിക്രമങ്ങള്‍ പരീക്ഷിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു', വൈസ് അഡ്മിറല്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ കറാച്ചി അടക്കം കടലിലും കരയിലും തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആക്രമണം നടത്താനുള്ള ലക്ഷ്യസ്ഥാനം നിശ്ചയിച്ചതായും അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണം നടന്ന് 96 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ എല്ലാം കൊണ്ടും സജ്ജമായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വടക്കന്‍ അറബിക്കടലില്‍ സേന പ്രതിരോധത്തിന് തയ്യാറെടുത്ത് വിന്യാസം നടത്തി. കറാച്ചി അടക്കം കടലിലും കരയിലും തിരഞ്ഞെടുത്ത പ്രദേശങ്ങളെ ലക്ഷ്യംവെച്ചു. കൃത്യ സമയത്ത് ആക്രമിക്കത്തക്ക രീതിയില്‍ പൂര്‍ണസന്നദ്ധതയും ശേഷിയും നാവികസേനയ്ക്കുണ്ടായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ മുമ്പോട്ടുള്ള വിന്യാസം പാക്കിസ്ഥന്റെ നാവികസേനയേയും വ്യോമ യൂണിറ്റുകളേയും പ്രതിരോധ സ്ഥാനത്തുതന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കി.
അവര്‍ക്ക് തുറമുഖങ്ങളിലോ അതിനടുത്ത പ്രദേശങ്ങളിലോ നിലയുറപ്പിക്കേണ്ടിവന്നു. നിരന്തരം ഇക്കാര്യം ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യദിനം മുതല്‍ക്കേ ഞങ്ങളുടെ പ്രതികരണം നിയന്ത്രിതവും ആനുപാതികവും ഉത്തരവാദിത്വപൂര്‍ണവുമായിരുന്നു. പാക്കിസ്ഥാന്റെ പ്രകോപനപരമായ ഏതൊരു നടപടിക്കും തിരിച്ചടിനല്‍കാന്‍ ഇന്ത്യന്‍ നാവികസേന കടലില്‍ തയ്യാറായിരുന്നു', അദ്ദേഹം പറഞ്ഞു.