മഹാരാഷ്ട്രയില്‍ ആര് വാണാലും 'ദാദ' വാഴും! സഖ്യങ്ങള്‍ മാറിയാലും പാര്‍ട്ടികള്‍ പിളര്‍ന്നാലും എന്നും മാഗ്നറ്റിക് പവര്‍; ഫഡ്നാവിസിനും ഉദ്ധവിനും ഷിന്‍ഡെയ്ക്കും ഒരേപോലെ വേണ്ടപ്പെട്ടവന്‍; 'കണിശക്കാരന്റെ' തന്ത്രത്തില്‍ വീഴാത്ത സഖ്യങ്ങളില്ല; അജിത് പവാര്‍ എന്ന രാഷ്ട്രീയ വിസ്മയം
അജിത് പവാര്‍ എന്ന രാഷ്ട്രീയ വിസ്മയം
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായരിലൊരാളും തന്ത്രശാലിയുമായ നേതാവാണ് അജിത് അനന്തറാവു പവാര്‍. ശരദ് പവാറിന്റെ തണലില്‍ വളര്‍ന്ന്, പിന്നീട് സ്വന്തം നിലയില്‍ കരുത്തറിയിച്ച അജിത് പവാര്‍, 'ദാദ' എന്നാണ് അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. 2026-ലെ രാഷ്ട്രീയ സാഹചര്യത്തിലും മഹാരാഷ്ട്രയുടെ അധികാര കേന്ദ്രങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിത്വമാണ് അദ്ദേഹം.
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മൂന്ന് മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട രണ്ട് പ്രാദേശിക പാര്‍ട്ടികളിലെ പിളര്‍പ്പിനെയും സഖ്യങ്ങളിലെ പുനര്‍ക്രമീകരണങ്ങളെയും സംസ്ഥാനം കണ്ടു. എന്നാല്‍ ഈ ആറു വര്‍ഷക്കാലം ഏതാണ്ട് എല്ലാ സമയത്തും അധികാരത്തില്‍ തുടര്‍ന്ന ഒരു വ്യക്തിയാണ് അജിത് പവാര്‍.
2019-ല്‍ ദേവേന്ദ്ര ഫഡ്നാവിസ് അപ്രതീക്ഷിതമായി പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (MVA) സര്‍ക്കാരിലും അദ്ദേഹം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. അതിനുശേഷം ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എം.എല്‍.എമാര്‍ എം.വി.എ സഖ്യം വിട്ട് ബി.ജെ.പിയുമായി കൈകോര്‍ത്തപ്പോഴും അദ്ദേഹം ഉപമുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നു.
ആരാണ് അജിത് പവാര്‍?
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറിന്റെ നിഴലില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച അജിത് പവാര്‍, 1959 ജൂലൈ 22-ന് അഹമ്മദ്നഗര്‍ ജില്ലയിലെ ദേവ്‌ലാലി പ്രവരയില്‍ ജനിച്ചു. മുംബൈയിലെ പ്രശസ്തമായ രാജ്കമല്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന അനന്തറാവു പവാറാണ് അദ്ദേഹത്തിന്റെ പിതാവ്. പിതാവിന്റെ അകാല വിയോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വിദ്യാഭ്യാസം എസ്.എസ്.സിയില്‍ അവസാനിച്ചു. കുടുംബത്തെ സഹായിക്കുന്നതിനായി ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് ജോലിയില്‍ പ്രവേശിക്കേണ്ടി വന്നു.
രാഷ്ട്രീയ യാത്രയും പ്രധാന മന്ത്രിപദങ്ങളും
1982-ല്‍ ഒരു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അജിത് പവാറിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് അദ്ദേഹം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിച്ച അജിത് പവാര്‍, തന്റെ ചിറ്റപ്പനായ ശരദ് പവാറിന്റെ സഹായിയായാണ് പൊതുരംഗത്ത് സജീവമായത്.
1982-ല്‍ ഒരു സഹകരണ പഞ്ചസാര മില്ലിന്റെ ബോര്‍ഡ് അംഗമായാണ് അദ്ദേഹം തന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സഹകരണ മേഖലയിലുള്ള ഈ സ്വാധീനം പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി.
പ്രധാന പദവികള്‍:
കൃഷി, ഊര്‍ജ്ജ സഹമന്ത്രി (1991-1992)
ജലസേചന മന്ത്രി (1999-2009): കൃഷ്ണ വാലി, കൊങ്കണ്‍ ജലസേചന പദ്ധതികളുടെ ചുമതല അദ്ദേഹം ദീര്‍ഘകാലം വഹിച്ചു.
ഉപമുഖ്യമന്ത്രി (2010-2014, 2019-2026): ധനം, ആസൂത്രണം, ഊര്‍ജ്ജം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു.
രാഷ്ട്രീയ മാറ്റങ്ങള്‍
2019-ല്‍ തന്റെ അമ്മാവനായ ശരദ് പവാറിനെതിരെ ആദ്യമായി പരസ്യമായി കലാപം ഉയര്‍ത്തി അദ്ദേഹം ബി.ജെ.പിയോടൊപ്പം ചേര്‍ന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ആ ശ്രമം പരാജയപ്പെടുകയും അദ്ദേഹം തിരികെ എന്‍.സി.പിയിലേക്ക് മടങ്ങുകയും ചെയ്തു. 2023 ജൂലൈയില്‍ അദ്ദേഹം വീണ്ടും പാര്‍ട്ടി പിളര്‍ത്തി ഏക്നാഥ് ഷിന്‍ഡെ-ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗമായി.
2024 തിരഞ്ഞെടുപ്പിലെ വിജയം
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന്റെ ഭാഗമായി 41 സീറ്റുകള്‍ നേടി അജിത് പവാര്‍ തന്റെ കരുത്ത് തെളിയിച്ചു. ഇത് ശരദ് പവാറില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകരെ ബോധ്യപ്പെടുത്തി.
മുന്‍ മഹാരാഷ്ട്ര മന്ത്രി പദംസിങ് ബാജിറാവു പാട്ടീലിന്റെ മകളായ സുനേത്ര പവാറാണ് അദ്ദേഹത്തിന്റെ ഭാര്യ. ജയ് പവാര്‍, പാര്‍ത്ഥ് പവാര്‍ എന്നിവരാണ് മക്കള്‍.
രാഷ്ട്രീയ വളര്‍ച്ച
1991-ല്‍ ബാരാമതി ലോകസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ശരദ് പവാറിന് കേന്ദ്രമന്ത്രിയാകാന്‍ വേണ്ടി അദ്ദേഹം ആ സീറ്റ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അജിത് പവാര്‍, ബാരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച് നിയമസഭയിലെത്തി.
മഹാരാഷ്ട്രയിലെ സുപ്രധാന വകുപ്പുകളായ കൃഷി, ജലസേചനം, ധനകാര്യം എന്നിവ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഭരണനിര്‍വഹണത്തിലുള്ള തന്റെ കഴിവും വേഗതയും തെളിയിച്ചു. പുലര്‍ച്ചെ മുതല്‍ ജോലി തുടങ്ങുന്ന കണിശക്കാരനായ ഭരണാധികാരി എന്ന പേരും അദ്ദേഹത്തിനുണ്ട്.
അധികാരത്തിലെ വെല്ലുവിളികളും ചാണക്യനീക്കങ്ങളും
അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം നാടകീയമായ വഴിത്തിരിവുകള്‍ നിറഞ്ഞതാണ്. ശരദ് പവാറിന്റെ പിന്‍ഗാമിയായി ദീര്‍ഘകാലം കരുതിയിരുന്നെങ്കിലും, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ അദ്ദേഹത്തെ വ്യത്യസ്തമായ തീരുമാനങ്ങളിലേക്ക് നയിച്ചു.
2019-ലെ രാജ്ഭവന്‍ നാടകം: 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം പുലര്‍ച്ചെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ച ഒന്നായിരുന്നു. എന്നാല്‍ ആ സര്‍ക്കാര്‍ വെറും 80 മണിക്കൂര്‍ മാത്രമേ നീണ്ടുനിന്നുള്ളൂ.
എന്‍സിപിയിലെ പിളര്‍പ്പ്: 2023-ല്‍ ശരദ് പവാറുമായി തെറ്റിപ്പിരിഞ്ഞ അജിത് പവാര്‍ ഒരു വിഭാഗം എംഎല്‍എമാരുമായി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും (ഘടികാരം) തിരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത് പവാര്‍ വിഭാഗത്തിന് അനുവദിച്ചതോടെ അദ്ദേഹം ഔദ്യോഗിക എന്‍സിപി അധ്യക്ഷനായി.
നേട്ടങ്ങളും വിവാദങ്ങളും
മഹാരാഷ്ട്രയിലെ സഹകരണ ബാങ്കിംഗ് മേഖലയെയും കര്‍ഷക പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ അജിത് പവാര്‍ വലിയ പങ്ക് വഹിച്ചു. പൂനെ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്.
എങ്കിലും, ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ നിഴല്‍ വീഴ്ത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും രാഷ്ട്രീയ വേട്ടയാടലുകള്‍ക്കും അദ്ദേഹം ഇരയായി. എന്നാല്‍ ഭരണത്തിലുള്ള സ്വാധീനവും കൃത്യമായ രാഷ്ട്രീയ നീക്കങ്ങളും വഴി അദ്ദേഹം ഈ പ്രതിസന്ധികളെ മറികടന്നു.
വ്യക്തിത്വം
അജിത് പവാര്‍ കണിശക്കാരനും തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനുമാണ്. മാധ്യമങ്ങളോടും ഉദ്യോഗസ്ഥരോടും അദ്ദേഹം ചിലപ്പോള്‍ പുലര്‍ത്തുന്ന കര്‍ക്കശമായ സമീപനം ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ സ്വന്തം മണ്ഡലമായ ബാരാമതിയിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം അങ്ങേയറ്റം ജനപ്രിയനാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനും അവയ്ക്ക് ഉടനടി പരിഹാരം കണ്ടെത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി ശക്തികേന്ദ്രമായ മാവലില്‍ നിന്ന് മത്സരിച്ച മകന്‍ പാര്‍ത്ഥ് പവാര്‍ ശിവസേന സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതോടെ അജിത് പവാര്‍ ശരദ് പവാറുമായി അകല്‍ച്ചയിലായി. 2019-ല്‍ (ശിവസേന + എന്‍.സി.പി + കോണ്‍ഗ്രസ്) സഖ്യം രൂപീകരിച്ച മഹാവികാസ് അഘാഡി സര്‍ക്കാരില്‍ ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022-ല്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022-ല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2023 മെയില്‍ എന്‍.സി.പി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ രാജിവച്ചതോടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നും ലഭിക്കാതെ നിരാശനായിരുന്ന അജിത് പ്രതിപക്ഷ നേതാവായി തുടരാന്‍ താത്പര്യം ഇല്ലെന്നും പാര്‍ട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാര്‍ വഴങ്ങിയില്ല.
2023 ജൂലൈ 2ന് എന്‍.സി.പി പിളര്‍ത്തി അജിത് പവാര്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന - ബി.ജെ.പി സര്‍ക്കാരില്‍ ഉപ-മുഖ്യമന്ത്രിയായി ചേര്‍ന്നു. നാലു വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് അജിത് ഉപ-മുഖ്യമന്ത്രിയാവുന്നത്. ശരദ്പവാറിന്റെ വിശ്വസ്തരായ മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്ബല്‍, പ്രഫുല്‍ പട്ടേല്‍, ദിലീപ് വല്‍സ പാട്ടീല്‍ എന്നിവരുടെ പിന്തുണയും അജിത്തിന് ലഭിച്ചു.
ജൂലൈ രണ്ടാം തീയതി എന്‍.സി.പിയിലെ 53 എം.എല്‍.എമാരില്‍ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാര്‍ നേതൃത്വം നല്‍കുന്നതിനിടെയാണ് എന്‍.സി.പിയിലെ പിളര്‍പ്പ്.
ഛഗന്‍ ഭുജ്ബല്‍ അടക്കം എട്ടുപേര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന് പുറമെ എന്‍.സി.പിയിലെ മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്പല്‍, ദിലീപ് വല്‍സെ പാട്ടീല്‍, ഹസന്‍ മുഷ്‌റിഫ്, ധനഞ്ജയ മുണ്ടെ, അദിതി തത്കരെ, ധര്‍മ്മറാവു അത്രം, അനില്‍ പാട്ടീല്‍, സഞ്ജയ് ബന്‍സോഡെ എന്നിവരാണ് മന്ത്രിമാരായത്.
അജിത് പവാറിന്റെ മാറ്റത്തോടെ 288 അംഗ നിയമസഭയില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന് 204 അംഗങ്ങളുടെ പിന്തുണയായി. 2022 ജൂണ്‍ 30നാണ് ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപ-മുഖ്യമന്ത്രിയുമായി മഹാരാഷ്ട്രയിലെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയത്. നിയമസഭയിലെ അയോഗ്യത ഒഴിവാക്കുന്നതിനായി എന്‍.സി.പിയുടെ ആകെയുള്ള 53 എം.എല്‍.എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാര്‍ ഉറപ്പിച്ചു.
2024 ഫെബ്രുവരി 6ന് അജിത് പവാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഥവാ എന്‍.സി.പി എന്ന പേരും പാര്‍ട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാം. മഹാരാഷ്ട്രയിലെ എന്‍.സി.പിയില്‍ ആകെയുള്ള 87 ജനപ്രതിനിധികളില്‍ 57 പേരും നിലവില്‍ അജിത് പവാറിനൊപ്പമാണ്. ആറ് മാസം നീണ്ട് നിന്ന ഹിയറിംഗിന് ശേഷമാണ് കമ്മീഷന്റെ തീരുമാനം വന്നത്.
2024-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നയിച്ച മഹായുതി സഖ്യത്തില്‍ നിന്ന് 59 ഇടങ്ങളില്‍ മത്സരിച്ച അജിത് പവാറിന്റെ പാര്‍ട്ടിയായ എന്‍.സി.പി 41 സീറ്റുകളില്‍ വിജയിച്ചു. 132 സീറ്റ് നേടിയ ബിജെപി, 57 സീറ്റുകളില്‍ വിജയിച്ച ഏകനാഥ് ഷിന്‍ഡെ വിഭാഗം നയിച്ച ഔദ്യോഗിക പാര്‍ട്ടിയായ ശിവസേന എന്നിവര്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാര്‍ട്ടിയായി അജിത് പവാര്‍ നയിച്ച എന്‍സിപി മാറി.
2024-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തോടെ 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 234 അംഗങ്ങളുടെ പിന്തുണയോടെ (ബിജെപി + ശിവസേന + എന്‍സിപി) കൂട്ടായ്മയായ മഹായുതി എന്നറിയപ്പെടുന്ന എന്‍.ഡി.എ സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി മഹാരാഷ്ട്രയില്‍ അധികാരം നില നിര്‍ത്തി
