അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയത് വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി; 14കാരനുമായി എറണാകുളത്ത് ബസ് ഇറങ്ങിയതും പോലീസ് പൊക്കിയത് ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ; കുട്ടി വീട്ടുകാര്‍ക്കൊപ്പം; കുതിരപ്പാറക്കാരി ജയിലിലും; ആലത്തൂരില്‍ സംഭവിച്ചത്

Update: 2025-02-26 03:41 GMT

ആലത്തൂര്‍: കാണാതായ വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും പൊലീസ് കണ്ടെത്തിയത് നിര്‍ണ്ണായക നീക്കങ്ങളിലൂടെ. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്. കുനിശേരി കുതിരപ്പാറ സ്വദേശിയായ 35 വയസ്സുള്ള യുവതിയാണ് മകന്റെ സുഹൃത്തായ പതിനാലു കാരനോടൊപ്പം പോയത്. ഇവരെ എറണാകുളത്തുനിന്നും പൊലീസ് കണ്ടെത്തി. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പിടികൂടിയത്.

തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയോടൊപ്പം പോയത് കണ്ടെത്തിയത്. കുട്ടിയെ രക്ഷിതാക്കളോടൊപ്പം അയച്ചു. യുവതിക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുത്തു. റിമാന്‍ഡും ചെയ്തു. വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായിട്ടായിരുന്നു പരാതി.

ഇന്ന് പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബാലനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതി പ്രതിയായി. നാടുവിട്ട ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴേക്കും പൊലീസ് ഇരുവരെയും പിടികൂടി. പിന്നീട് പാലക്കാടേക്ക് തിരിച്ചെത്തിച്ചു.

കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്‌സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെയാണ് യുവതി കൂടെ കൂട്ടിയത്. വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയില്‍ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയതാണെന്ന് പോലീസ് കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്.

വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ഭാഗത്തേക്ക് ഇവര്‍ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി. എറണാകുളത്ത് ബസ്സിറങ്ങിയപ്പോള്‍ തന്നെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ തൃശൂരിലും എറണാകുളത്തും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി.

എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം (പോക്സോ) ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Tags:    

Similar News