അല്ലുവിന്റെ ഭാര്യ തെലുങ്കാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു; എന്നിട്ടും നടന്‍ പ്രചാരണത്തിന് ഇറങ്ങാഞ്ഞത് പകയായി; കുടുംബും കേസില്‍ ഇടപെട്ടിട്ടില്ലെന്നും നിയമം അതിന്റെ വഴിക്കുപോകുമെന്നും രേവന്ത് റെഡ്ഡി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ തെലുങ്കു രാഷ്ട്രീയത്തിലെ ബന്ധുക്കളുടെ ചക്കളത്തിപ്പോര്

Update: 2024-12-14 05:51 GMT

ഹൈദരാബാദ്: മിനുട്ടുകള്‍ക്ക് പോലും കോടികള്‍ വിലയുള്ള താരം. ആന്ധ്രയിലെയും തെലങ്കാനയിലെയും ഭരണനേതൃത്വത്തിലുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളും. എന്നിട്ടും തനിക്ക് നേരിട്ട് പങ്കാളിത്തമില്ലാത്ത ഒരു സംഭവത്തില്‍, അറസ്റ്റിലായി ഒരു ദിവസം ജയിലില്‍ കഴിഞ്ഞിരിക്കയാണ്, തെലുങ്ക്് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ബന്ധുവാണ് അല്ലു. ഭാര്യ സ്നേഹ റെഡ്ഡിയാവട്ടെ, തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയുടെ അടുത്ത ബന്ധുവാണ്. ഇപ്പോള്‍ അല്ലുവിനെ കുടുക്കാന്‍ ചരട് വലിച്ചിരിക്കുന്നത്, ഇതേ രേവന്ത് റെഡ്ഡിയാണെന്നാണ് പറയുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി പ്രചാരണം നടത്താതെ, അല്ലു മാറിനിന്നതാണ് രേവന്ത് റെഡ്ഡിയെ ചൊടിപ്പിച്ചത് എന്നാണ്, തെലുങ്ക് സിനിമാ മാസികകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ചുകാലമായി തെലുഗ് സിനിമാലോകത്തെ വരുതിയിലാക്കാന്‍ രേവന്ത് റെഡ്ഡി ശ്രമിക്കുന്നുണ്ട്. ഒപ്പം പരോക്ഷമായി സിനിമക്ക് ഫിനാന്‍സ് ചെയ്യാനും തുടങ്ങി. ഇതിനുള്ള ക്ഷണം അല്ലു നിരസിച്ചതാണ് രേവന്ത് റെഡ്ഡിക്ക് പകയായി മാറിയത് എന്നാണ് പറയുന്നത്. തക്കം നോക്കി നടന്ന അദ്ദേഹം കിട്ടിയ സമയത്ത് പണികൊടുത്തുവെന്നാണ്, അല്ലുവിനെ അനുകൂലിക്കുന്നവര്‍ പ്രതികരിക്കുന്നത്. ഇതോടൊപ്പം പൊലീസിന്റെ വീഴ്ച മറിച്ചുവെക്കുക എന്ന തന്ത്രവും ഈ അറസ്റ്റിന് പിന്നിലുണ്ട്.

നേരത്തെതന്നെ അല്ലുവും രേവന്ത് റെഡ്ഡിയും തമ്മിലുള്ള ബന്ധം മോശമാണ്. ഈയിടെ പുഷ്പ 2 വിന്റെ വിജയത്തില്‍ നന്ദി പറയുമ്പോള്‍, രേവന്ത് റെഡ്ഡിയുടെ പേര് പറയുമ്പോള്‍ അല്ലു തപ്പിത്തടഞ്ഞത് വാര്‍ത്തയായിരുന്നു. രേവന്തിന്റെ അനുയായികള്‍, ഇത് അല്ലുവിനെതിരെ പ്രചരിപ്പിച്ചിരുന്നു.

കുടുംബം ഇടപെടില്ലെന്ന് രേവന്ത്

അതേസമയം അല്ലുവിന്റെ ഭാര്യ തന്റെ ബന്ധുവായിട്ടും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ എന്നതാണ് താന്‍ എടുത്ത തീരുമാനം എന്നാണ് രേവന്ത് റെഡ്ഡി പറയുന്നത്. പൊലീസുകാര്‍ അവരുടെ ജോലിയാണ് ചെയ്തതെന്നും, നിയമം അതിന്റെ വഴിക്ക് പോകുമെന്നും രേവന്ത് റെഡ്ഡി പറയുന്നു. അല്ലു അര്‍ജുന്റെ അറസ്റ്റ് വിവാദമായതോടെ തെലങ്കാന സര്‍ക്കാരിനെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വിവിധ സിനിമാ താരങ്ങളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് രേവന്ത് റെഡ്ഡി പൊലീസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

അല്ലു അര്‍ജുന്‍ വെറുതെ സിനിമ കണ്ട് ഇറങ്ങിപ്പോവുകയല്ല ചെയ്തതെന്നും, സിനിമ കാണാനെത്തിയവരെ വാഹനത്തിന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തുവെന്നും രേവന്ത് റെഡ്ഡി പറയുന്നു. സന്ധ്യ തിയേറ്ററിലെത്തിയ ജനങ്ങളെ നിയന്ത്രിക്കാനായി പൊലീസുകാരേയും വിന്യസിച്ചിരുന്നു. അല്ലു അര്‍ജുന്‍ വെറുതെ സിനിമ കണ്ട് ഇറങ്ങിപ്പോവുകയല്ല ചെയ്തത്. കാറിന്റെ സണ്‍റൂഫ് വഴി അവിടെ കൂടിയിരുന്നവരെ അഭിവാദം ചെയ്തു. ഇതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും, തിക്കും തിരക്കും ഉണ്ടാവുകയും ചെയ്തത്.അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി തന്റെ ബന്ധുവാണെങ്കിലും അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തില്‍ കുടുംബത്തെ ഇടപെടുത്താന്‍ താന്‍ അനുവദിച്ചില്ലെന്നും രേവന്ത് റെഡ്ഡി അവകാശപ്പെട്ടു.

ഇനി ആന്ധ്രയിലേക്ക് വന്നാല്‍ അവിടെയും അല്ലുവിന് ശത്രുക്കളാണ്. അമ്മാവന്‍ ചിരഞ്ജീവി മാത്രമാണ് അല്ലുവിനൊപ്പമുള്ളത്. ചിരഞ്ജീവിയുടെ അനിയനും നടനും ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണും, ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജയുമൊക്കെ അല്ലുവിന്റെ ശത്രുക്കളാണ്. ഇവരുടെ മൗന പിന്തുണയും അറസ്്റ്റിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

തരംഗമായി സ്നേഹ റെഡ്ഡിയും

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത് അല്ലു അര്‍ജുന് ഉറച്ച പിന്തുണ കൊടുക്കുന്ന ഭാര്യ സ്നേഹ റെഡ്ഡിയാണ്. അറസ്റ്റ് ചെയ്യാനായി പൊലീസ് താരത്തിന്റെ വീട്ടിലെത്തിയപ്പോള്‍ തന്റെ ഭാര്യ സ്നേഹ റെഡ്ഡിയെ താരം ആശ്വസിപ്പിക്കുന്ന വീഡിയോയും, പുറത്തിറങ്ങിയപ്പോള്‍ അല്ലു അവരെ ചുംബിക്കുന്നതിന്റെയും വീഡിയോകള്‍ വൈറലാവുകയാണ്.

അമേരിക്കയില്‍ പഠിച്ച 50 കോടിയോളം ആസ്തിയുള്ള സംരഭകയാണ് സ്നേഹ. ആന്ധ്രാ പ്രദേശിലെ കോണ്‍ഗ്രസ് നേതാവും ബിസിനസുകാരനുമാണ് സ്‌നേഹ റെഡ്ഡിയുടെ പിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി. ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് രേവന്തിന്റെ കുടുംബം. കാഞ്ചര്‍ല വ്യവസായി എന്ന നിലയിലും സയന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എസ്ഐടി) ചെയര്‍മാന്‍ എന്ന നിലയിലും പേരെടുത്തു. ഇപ്പോള്‍ പിതാവിന്റെ ബിസിനസ്സ് ഏറ്റെടുത്ത് നടത്തുന്ന തിരക്കിലാണ് സ്നേഹ.

2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അര്‍ജുന്റേയും സ്‌നേഹ റെഡ്ഡിയുടേയും വിവാഹം. ഒരു നടന്റെ വിവാഹത്തിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2010-ല്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം വിവാഹിതരുമായി. 2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അര്‍ജുന്റേയും സ്‌നേഹ റെഡ്ഡിയുടേയും വിവാഹം.

അമേരിക്കയില്‍ എല്ലാം പഠിച്ച ആളാണെങ്കിലും പരമ്പരാഗത രീതികളോടാണ് സ്‌നേഹയ്ക്ക് ഇഷ്ടവും താത്പര്യവും. സാരിയും സല്‍വാറുമല്ലാതെ, മോഡേണ്‍ വസ്ത്രങ്ങള്‍ അധികം ധരിക്കാറില്ല. സ്‌നേഹയുടെ ആ ക്വാളിറ്റിയാണ് തന്നെ ആകര്‍ഷിച്ചത് എന്ന് അല്ലു അര്‍ജുനും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഏത് പ്രതിസന്ധിയിലും.

Tags:    

Similar News