'ഞങ്ങള്‍ക്ക് നാടിന്റെ മുത്തിനേയാ നഷ്ടപ്പെട്ടത്. അവന്‍ ഈ നാടിനും ഞങ്ങള്‍ക്കുംവേണ്ടി ജീവിച്ചവനാ. ഇനി ഒരു ജീവന്‍ പൊലിയരുത്. ഇല്ലേല്‍ ഞങ്ങള്‍ വലിയ പ്രശ്‌നമുണ്ടാക്കും'-; നാടിന്റെ പ്രിയപ്പെട്ടവന്‍ അമറിന് കണ്ണീരോടെ യാത്രാമൊഴി

Update: 2024-12-31 03:56 GMT

മുള്ളരിങ്ങാട് (തൊടുപുഴ): പാലിയത്ത് വീട്ടില്‍ കണ്ണീരോടെയും ഹൃദയഭാരം നിറഞ്ഞതുമായ നിമിഷങ്ങളായിരുന്നു ഇന്നലെ. തിങ്ങിനിറഞ്ഞ ജനക്കൂട്ടം, ഒരാള്‍ക്ക് പോലും ദുഃഖം മറച്ചുവെക്കാന്‍ കഴിയാത്ത കണ്ണുകളുമായി അവിടെയുണ്ടായിരുന്നു. നാടിന്റെ പ്രിയനായവനെ, അമര്‍ ഇലാഹിയെയും (23) ആ നാട് മുഴുവന്‍ യാത്രയാക്കിയത് കണ്ണീരോടെ. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുള്ളരിങ്ങാട് അമയല്‍ത്തൊട്ടിയിലെ തേക്കിന്‍കൂപ്പില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് അമര്‍.

'ഞങ്ങള്‍ക്ക് നാടിന്റെ മുത്തിനേയാ നഷ്ടപ്പെട്ടത്. അവന്‍ ഈ നാടിനും ഞങ്ങള്‍ക്കുംവേണ്ടി ജീവിച്ചവനാ. ഇനി ഒരു ജീവന്‍ പൊലിയരുത്. ഇല്ലേല്‍ ഞങ്ങള്‍ വലിയ പ്രശ്‌നമുണ്ടാക്കും'-അമറിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനോട് നാട്ടുകാര്‍ ഒറ്റക്കെട്ടായി പറഞ്ഞത് ഇങ്ങനെ. ഈ വാക്കില്‍ നിന്നും മനസ്സിലാക്കം അമര്‍ എന്ന വ്യക്തി ആ നാട്ടുകാര്‍ക്ക് ഒക്കെ ആരായിരുന്നു എന്ന്. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ മൃതദേഹം വീട്ടിലെത്തിച്ചു. അപ്പോള്‍മുതല്‍ വീട്ടിലേക്ക് നാട്ടുകാര്‍ എത്തി.

മകന്റെ മരണത്തില്‍ തകര്‍ന്നിരുന്ന ആ അച്ഛന്‍ ഇബ്രാഹിമിനെ മന്ത്രി നെഞ്ചോടുചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞ് തന്നെ ഇരുന്നു. മകന്റെ വിയോഗം താങ്ങാനാകാതെ അമ്മ ജമീലയും വല്യാപ്പ മൈതീനും ആ വീട്ടില്‍ ഉണ്ടായിരുന്നു. അമറിനെ കബറിസ്താനിലേക്ക് കൊണ്ടുപോയപ്പോള്‍ ഉമ്മ വാവിട്ട് നിലവിളിച്ചു. സഹോദരി ഷഹനയും വീടിനുള്ളില്‍ കരഞ്ഞുതളര്‍ന്നിരുന്നു.

എട്ടരയോടെ മുള്ളരിങ്ങാട് ബദരിയ പള്ളിയിലെ കബറിസ്താനില്‍ കബറടക്കം നടന്നു. ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എ.മാരായ പി.ജെ.ജോസഫ്, മാത്യു കുഴല്‍നാടന്‍, ആന്റണി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സംഭവത്തില്‍ പ്രതിഷേധിച്ച് കക്ഷിരാഷ്ട്രീയ ഭേദമന്യേ വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. ജനകീയ സമിതി ചുള്ളിക്കണ്ടം സെഷന്‍ ഫോറസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

വീടിന് സമീപത്തെ തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിച്ചുകെട്ടാന്‍ പോയ അമര്‍ അപ്രതീക്ഷിതമായാണ് കാട്ടാനകളുടെ മുന്നില്‍പ്പെട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആന തുമ്പിക്കൈയില്‍ അടിച്ചിട്ട് ചവിട്ടുകയായിരുന്നു. കൂടയുണ്ടായിരുന്ന അയല്‍വാസി ബ്ലാംകരയില്‍ ബി.എം.മന്‍സൂര്‍ (41) കാട്ടാനയുടെ ചവിട്ടേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച ഡീന്‍ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിക്ക് മുന്‍പില്‍ രാത്രി വൈകിയും കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

ഇടുക്കി സബ് കളക്ടര്‍ അനൂപ് ചര്‍ച്ച നടത്തുകയും നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ നാല് ലക്ഷം രൂപയുടെ ചെക്ക് ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. ബാക്കി ആറ് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ.റഷീദ് ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് ഇതിനായി നോട്ടീസ് നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ.റഷീദ് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് ഇതിനായി നോട്ടീസ് നല്‍കിയിട്ടുള്ളത്.

Tags:    

Similar News